ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി യാത്ര തിരിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരിഹാസവുമായി കോണ്ഗ്രസ്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബഹിഷ്കരണം പ്രഖ്യാപിച്ചതിനാൽ പ്രധാനമന്ത്രി സുരക്ഷിതമായി ജി20യിൽ പങ്കെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
മലേഷ്യയിലെ കുലാലംപുരിൽ കുറച്ചുനാളുകൾക്കുമുന്പ് നടന്ന ആസിയാൻ ഉച്ചകോടിയിൽ മോദി പങ്കെടുക്കാതിരുന്നത് ഉച്ചകോടിയിൽ സന്നിഹിതനായിരുന്ന ട്രംപുമായി മുഖാമുഖം വരുന്നത് ഒഴിവാക്കാനായിരുന്നെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
അമേരിക്കൻ വിരുദ്ധമാണെന്ന കാരണത്താൽ ദക്ഷിണാഫ്രിക്കയുടെ ജി20 പ്രമേയങ്ങളെ അമേരിക്ക എതിർക്കുന്നുവെന്ന് പറഞ്ഞ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തന്നെയാണ് ഓപ്പറേഷൻ സിന്ദൂർ നിർത്തലാക്കുന്നുവെന്ന് ലോകത്തോട് ആദ്യമായി പ്രഖ്യാപിച്ചത്.
അടുത്ത വർഷത്തെ ജി20 ഉച്ചകോടി അമേരിക്കയിൽ നടക്കുന്പോഴേക്ക് അമേരിക്കയുമായുള്ള വ്യാപാര കരാർ യാഥാർഥ്യമാകുമെന്നാണ് അനുമാനം. എന്നാൽ കഴിഞ്ഞ ഏഴു മാസത്തിനിടെ ഓപ്പറേഷൻ സിന്ദൂർ നിർത്തലാക്കിയെന്ന് 61 തവണ അവകാശപ്പെട്ട ട്രംപ് അടുത്ത ഉച്ചകോടി നടക്കുന്ന 12 മാസത്തിനുള്ളിൽ എത്ര തവണ കൂടി ആ അവകാശവാദങ്ങൾ ആവർത്തിക്കുമെന്നും ജയ്റാം ചോദിച്ചു.
അപ്പോഴേക്ക് ‘നല്ല സുഹൃത്തു’മായുള്ള ആലിംഗന നയതന്ത്രം പുനരുജ്ജീവിപ്പിക്കുമോ അതോ ഹസ്തദാനങ്ങൾ മാത്രമായിരിക്കുമോ അതോ അമേരിക്കയിൽ നടക്കുന്ന ഉച്ചകോടിയിൽ മോദി പങ്കെടുക്കാതിരിക്കുമോയെന്നും ജയ്റാം ചോദിച്ചു. ഇക്കാര്യം കാലത്തിനു മാത്രമേ അറിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Trump announces boycott PM G20 Congress Jairam ramesh