ന്യൂഡല്‍ഹി: ഡൽഹി രാംലീല മൈതാനത്തിനു സമീപമുള്ള മസ്ജിദിനോടു ചേർന്നുള്ള അനധികൃത കയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെ വ്യാപക സംഘർഷം. ഇന്നു പുലർച്ചെ നടന്ന ഒഴിപ്പിക്കൽ നടപടിക്കിടെയുണ്ടായ കല്ലേറിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
ഡൽഹി ഹൈക്കോടതി ഉത്തരവിനെത്തുടർന്നു തുർക്ക്മാൻ ഗേറ്റിലെ സയിദ് ഫൈസ് ഇലാഹി മസ്ജിദിനോട് ചേർന്നുള്ള ഭൂമിയിലെ കൈയേറ്റങ്ങൾ നീക്കം ചെയ്യാനാണ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥർ എത്തിയത്. ഏകദേശം 300 ഓളം ഉദ്യോഗസ്ഥരും 30 ബുൾഡോസറുകളും സഹിതം പുലർച്ചെയായിരുന്നു നടപടി തുടങ്ങിയത്.
ഒഴിപ്പിക്കൽ നടപടി തടയാൻ ശ്രമിച്ച 25-30 ഓളം വരുന്ന സംഘം പോലീസിനും ഉദ്യോഗസ്ഥർക്കുമെതിരേ കല്ലെറിയുകയായിരുന്നു. ഇതേത്തുടർന്നാണ് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചത്. നിരവധി നിർമാണങ്ങൾ നടപടിയിലൂടെ പോലീസ് തകർത്തു. കല്ലേറിൽ ഏർപ്പെട്ടവരെ തിരിച്ചറിയാൻ നൂറിലധികം വീഡിയോ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
2025 നവംബറിലെ ഹൈക്കോടതി ഉത്തരവ് പ്രകാരം രാംലീല ഗ്രൗണ്ടിന് സമീപമുള്ള 38,940 ചതുരശ്ര അടി ഭൂമിയിലെ കയേറ്റങ്ങൾ മൂന്ന് മാസത്തിനകം നീക്കം ചെയ്യണമെന്ന് നിർദേശമുണ്ടായിരുന്നു.
അതേസമയം, ഭൂമി വഖഫ് സ്വത്താണെന്നും വഖഫ് ബോർഡിന് തങ്ങൾ പാട്ടം നൽകുന്നുണ്ടെന്നുമാണ് മസ്ജിദ് മാനേജിംഗ് കമ്മിറ്റിയുടെ വാദം.
എന്നാൽ, 1940-ൽ പാട്ടത്തിന് നൽകിയ 0.195 ഏക്കർ ഭൂമിക്കു പുറത്തുള്ള കൈയേറ്റങ്ങൾ മാത്രമാണ് നീക്കം ചെയ്യുന്നതെന്ന് കോർപറേഷൻ അറിയിച്ചു.
നിലവിൽ പ്രദേശത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ടെന്നും സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു. കേസ് ഏപ്രിൽ 22ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
തുര്‍ക്ക്മാന്‍ ഗേറ്റിന് സമീപമുള്ള രാംലീല ഗ്രൗണ്ടിലെ 38,940 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നഗരസഭയ്ക്കും പൊതുമരാമത്ത് വകുപ്പിനും മൂന്നു മാസത്തെ സമയമാണ് ഡല്‍ഹി ഹൈക്കോടതി അനുവദിച്ചത്. ഇക്കഴിഞ്ഞ നവംബറിലായിരുന്നു കോടതിയുടെ ഉത്തരവ്.
Tags : Demolition drive Elahi Masjid Turkman gate Delhi