ബംഗളൂരു: ആറുമാസക്കാലമായി ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിൽ കഴിഞ്ഞ അന്പത്തിയേഴുകാരിയായ സോഫ്റ്റ്വേർ എൻജിനിയർക്ക് 32 കോടി രൂപ നഷ്ടമായി. കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ അറസ്റ്റ് കേസാണിത്. സിബിഐ ഓഫീസർ എന്ന വ്യാജേനയാണ് ഉമാറാണി എന്ന സ്ത്രീയെ ഇവർ കബളിപ്പിച്ചുകൊണ്ടിരുന്നത്.
സ്കൈപ്പിലൂടെയായായിരുന്നു ഹാക്കർമാരുടെ ഇടപാടുകൾ. ക്ലിയറൻസ് ലെറ്റർ കിട്ടുന്നതുവരെ ഇവർ പണം നൽകിക്കൊണ്ടിരുന്നു. 187 തവണ നടത്തിയ ഇടപാടുകളിലൂടെയാണു ഹാക്കർമാർ ഇത്രയും തുക കൈക്കലാക്കിയത്.
2024 സെപ്റ്റംബർ 15ന് മുംബൈ ഡിഎച്ച്എൽ അന്ധേരിയിലെ സിബിഐ ഓഫീസിൽനിന്നു വിളിക്കുകയാണെന്നും നിങ്ങൾ ബുക്ക് ചെയ്ത പാഴ്സലിൽ ക്രെഡിറ്റ് കാർഡും പാസ്പോർട്ടും എംഡിഎംഎയും പിടികൂടിയെന്നുമായിരുന്നു ആദ്യ സന്ദേശം. തെളിവുകൾ നിങ്ങൾക്ക് എതിരാണെന്നും കേസ് സെറ്റിൽ ചെയ്യാമെന്നും വാഗ്ദാനം ചെയ്തു.
പോലീസിൽ അറിയിച്ചാൽ ജയിലിൽ കിടക്കേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തി. മകന്റെ വിവാഹം മുടങ്ങുമെന്ന ഭീതിയിലാണ് വിവരങ്ങൾ ഇവർ മറ്റുള്ളവരിൽനിന്നു മറച്ചുവച്ചത്.
ആർബിഐയിലെ ഇന്റലിജൻസ് വിഭാഗമാണെന്നു വിശ്വസിപ്പിച്ചാണ് ബാങ്കിലെ അക്കൗണ്ട് വിവരങ്ങൾ ഇവർ ചോർത്തിയത്. ഇതിനിടെ, മാനസികസമ്മർദത്തെത്തുടർന്ന് ഇവർ ഒരുമാസം ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.
Tags : Bengaluru Digital arrest Bangaluru Techie loses Rs 32 crore Techie Umarani