ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ നിർണായക പ്രതികരണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മുഖ്യമന്ത്രി സ്ഥാനത്തിനായി താൻ വാശി പിടിക്കില്ലെന്നും പാർട്ടി പറയുന്ന എന്ത് ജോലിയും ചെയ്യുമെന്നും ശിവകുമാർ വ്യക്തമാക്കി.
"മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാർട്ടിയിൽ തർക്കങ്ങളുണ്ടാകില്ല. എനിക്ക് ഉടനെ മുഖ്യമന്ത്രി ആകണം എന്ന ആഗ്രഹം ഒന്നുമില്ല. പാർട്ടി ഹൈക്കമാൻഡാണ് ഈ കാര്യങ്ങളിലൊക്കെ തീരുമാനം എടുക്കേണ്ടത്. എന്ത് തീരുമാനം ഹൈക്കമാൻഡ് എടുത്താലും അംഗീകരിക്കും.'-ശിവകുമാർ പറഞ്ഞു.
സമുദായ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കണമെന്ന തരത്തിൽ വന്ന ഒരു നിർദേശത്തോടും താൻ യോജിക്കില്ലെന്നും ശിവകുമാർ പറഞ്ഞു. തനിക്ക് ഒരു സമുദായം മാത്രമെ ഉള്ളു അത് കോൺഗ്രസാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
Tags : dk shivakumar congress high command karnataka cm tussle