ബംഗുളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് സ്വയം വെടിവച്ച് മരിച്ച സംഭവത്തിൽ അന്വേഷണം സിഐഡിക്ക് കൈമാറി കർണാടക സർക്കാർ.
റിയൽ എസ്റ്റേറ്റ് മേഖലയിൽ അടക്കം വിപുലമായ പരിശോധന വേണ്ടിവരും എന്നതിനാൽ ആണിത്. ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടായെന്ന കുടുംബത്തിന്റെ പരാതി വിശദമായി അന്വേഷിക്കും. കുറ്റമറ്റ അന്വേഷണത്തിനാണ് സർക്കാർ നിർദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, അഞ്ച് പേജുള്ള പരാതിയാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ സി.ജെ. ബാബു നൽകിയത്. ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് റോയ് ജീവനൊടുക്കിയതെന്ന് റോയിയുടെ സഹോദരന് ആരോപിച്ചിരുന്നു.
ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദാണ് റോയിയുടെ മരണത്തിന് ഉത്തരവാദി. റോയ് മരിച്ചിട്ടും ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടര്‍ന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ച് പോലീസില്‍ പരാതിയും നല്കി. പരിശോധന നടത്തിയ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.
Tags : Dr. C. J. Roy death Karnataka government investigation CID