മുംബൈ: ബോളിവുഡ് ഇതിഹാസതാരം ധർമേന്ദ്ര അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് മകളും നടിയുമായ ഇഷ ഡിയോൾ രംഗത്ത്. പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും പിതാവിന്റെ മടങ്ങിവരവിനായി പ്രാർഥിക്കണമെന്നും ഇഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ഇഷ അഭ്യർഥിച്ചു.പിതാവിന്റെ മടങ്ങിവരവിനു വേണ്ടി പ്രാർഥിക്കുന്ന എല്ലാവരോടും നടി നന്ദി അറിയിക്കുകയും ചെയ്തു.
ഇന്നു രാവിലെയാണ് ധർമേന്ദ്ര അന്തരിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണ് 89കാരനായ താരം. ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡിസംബർ എട്ടിന് 90-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അസുഖബാധിതനായത്. കഴിഞ്ഞ ഏപ്രിലിൽ ഇദ്ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു.
ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.
നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ ആറു മക്കളാണ് താരത്തിനുള്ളത്.
Tags : Esha deol Dharmendra Bollywood Deathnews