ഔറംഗാബാദ്: ആണ്‍കുട്ടികളുമായി ഇടപഴകിയതിനു മാതാപിതാക്കൾ ശകാരിച്ചതിനെതുടർന്ന് നാലു പെണ്‍കുട്ടികൾ ജീവനൊടുക്കിയതായി പോലീസ്. ബിഹാറിലെ ഔറംഗാബാദ് ജില്ലയിലെ ഹസ്പുര പോലീസ് സ്റ്റേഷൻ പരിധിയിലെ ദളിത് സെറ്റിൽമെന്റ് കോളനിയൽ ജനുവരി 29നാണ് സംഭവം.
10നും 14നും ഇടയിൽ പ്രായമുള്ള അഞ്ചു പെണ്‍കുട്ടികളാണ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതെന്നും ഇതിൽ ഒരാൾ രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. വീടിനു സമീപത്തുള്ള വയലിൽവച്ചാണ് കുട്ടികൾ വിഷം കഴിച്ചത്. ഇതിലൊരാൾ വീട്ടിലെത്തി ബന്ധുക്കളെ വിവരം അറിയിക്കുകയും കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
മരിച്ചവരുടെ പോസ്റ്റ്മോർട്ടം ചെയ്യാതെ അന്നേ ദിവസംതന്നെ സംസ്കാരം നടത്തിയിരുന്നു. ഈ വിവരം പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ആണ്‍കുട്ടികളുമായി ഇടപഴകിയതിനെത്തുടർന്ന് കുടുംബാംഗങ്ങൾ ശകാരിച്ചതിനാലാണു വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ മൊഴിയിൽ പറയുന്നുവെന്ന് ഔറംഗാബാദ് പോലീസ് സൂപ്രണ്ട് അംബരീഷ് രാഹുൽ പറഞ്ഞു.
അതേസമയം, കുട്ടികൾ കളിക്കാൻ പോയിരുന്നുന്നെന്നും പിന്നീട് വയലിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നെന്നുമാണ് കുടുംബാംഗങ്ങൾ പറയുന്നത്.
Tags : parents angry Four girls suicide together Bihar Aurangabad