കോൽക്കത്ത: അർജന്റീന ഫുട്ബാൾ ടീമിന്റെ കോൽക്കത്ത ആസ്ഥാനമായുള്ള ഫാൻ ക്ലബ് തലവനെതിരെ 50 കോടി രൂപയുടെ മാനനഷ്ട കേസ് നൽകി ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ സൗരവ് ഗാംഗുലി.
അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ക്ലബ് പ്രസിഡന്റ് ഉത്തം സാഹക്കെതിരെ ഇ-മെയിൽ വഴി കോൽക്കത്ത പൊലീസിന്റെ സൈബർ സെല്ലിനാണ് പരാതി നൽകിയത്.
കഴിഞ്ഞദിവസം മാധ്യമപ്രവർത്തരുമായി സംസാരിക്കുന്നതിനിടെയാണ് ഉത്തമിന്റെ വിവാദ പരാമർശം. അർജന്റൈൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയുടെ കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ പരിപാടി അലങ്കോലപ്പെട്ടതിൽ ഗാംഗുലിക്കും പങ്കുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സാഹയുടെ പ്രസ്താവനകൾ തന്റെ പ്രശസ്തിക്ക് കാര്യമായ നഷ്ടം വരുത്തിയെന്നും അടിസ്ഥാനരഹിതമായ ആരോപണമാണ് നടത്തിയതെന്നും ഗാംഗുലി പരാതിയിൽ പറയുന്നു.
നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷ ചുമതല വഹിക്കുന്ന തനിക്ക് മെസിയുടെ പരിപാടിയുമായി ഔദ്യോഗികമായി യാതൊരു ബന്ധവുമില്ല. ഗസ്റ്റ് എന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുത്തത്. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് പരസ്യമായി തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതെന്നും ഗാംഗുലി പരാതിയിൽ പറയുന്നു.
ശതാദ്രു ദത്തയുടെ നേതൃത്വത്തിലുള്ള ‘എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവ്’ എന്ന സ്ഥാപനം സംഘടിപ്പിച്ച മെസി പരിപാടിയുടെ ഇടനിലക്കാരനായിരുന്നു ഗാംഗുലി എന്നാണ് സാഹ മാധ്യമങ്ങളോട് പറഞ്ഞത്.
Tags : Ganguly defamation Argentina fan club President