ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയായ ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേരള ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഗോവർധൻ സുപ്രീം കോടതിയെ സമീപിച്ചത്.
താൻ ഒരു അയ്യപ്പഭക്തനാണെന്നും ഈ സ്വർണക്കൊള്ളയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നുമാണ് ഗോവർധൻ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ അവകാശപ്പെടുന്നത്. രണ്ട് കേസുകളിലാണ് ഇയാൾ ജാമ്യം തേടിയിരിക്കുന്നത്.
കർണാടകയിലെ ബെല്ലാരിയിൽ ജ്വല്ലറി ഉടമയായ ഗോവർധൻ, ശബരിമലയിൽ നിന്ന് മോഷണം പോയ സ്വർണം വാങ്ങി എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ശബരിമലയിലെ ദ്വാരപാലക പീഠത്തിലെ സ്വർണം ഉൾപ്പെടെ മോഷ്ടിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തിവരികയാണ്. ഈ കേസിലെ സ്വർണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനിടെയാണ് ഗോവർധനിലേക്ക് അന്വേഷണം എത്തിയത്.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ സുപ്രീം കോടതിയുടെ നിലപാട് ഈ കേസിൽ നിർണായകമാണ്.
Tags : Sabarimala Govardhan's bail plea