ബെലഗാവി: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അഭിപ്രായവ്യത്യാസമില്ലെന്ന് ഉപമുഖ്യമന്ത്രിയും കർണാടക പിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. നേതൃത്വമാറ്റം സംബന്ധിച്ച് സിദ്ധരാമയ്യയുടെ മകൻ നടത്തിയ പരാമർശം തനിക്ക് മനസിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേതൃത്വമാറ്റം സംബന്ധിച്ച് നിലവിൽ ചോദ്യങ്ങളൊന്നുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മകനും കോൺഗ്രസ് എംഎൽസിയുമായ യതീന്ദ്ര സിദ്ധരാമയ്യയുടെ പരാമർശം.
അഞ്ചു വർഷവും സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും താനും തമ്മിൽ അഭിപ്രായവ്യത്യാസമില്ല. അത് ഒരിക്കലും ഉണ്ടായിരുന്നില്ല, ഇപ്പോഴുമില്ല, ഭാവിയിലും ഉണ്ടാകില്ല. യതീന്ദ്ര എന്താണ് പറഞ്ഞതെന്ന് എനിക്ക് മനസിലായിട്ടില്ല. അദ്ദേഹത്തോട് ഞാൻ സംസാരിക്കും- ശിവകുമാർ പറഞ്ഞു.
ഹൈക്കമാൻഡ് ഇടപെട്ട് ശിവകുമാറും സിദ്ധരാമയ്യയും തമ്മിലുണ്ടായിരുന്ന ശീതയുദ്ധത്തിന് താത്കാലിക വിരാമമിട്ടിരുന്നു. പ്രഭാതഭക്ഷണ നയതന്ത്രത്തിനുശേഷമുണ്ടായ സമാധാന അന്തരീക്ഷം ഏതാനും ദിവസം മാത്രമാണു നീണ്ടത്.
Tags : Siddaramaiah's son D.K. Shivakumar Karnataka Congress