ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ആദിവാസി ക്രൈസ്തവരുടെ സംസ്കരിച്ച മൃതദേഹം ബലമായി പുറത്തെടുത്ത് കിലോമീറ്റർ അകലെ കൊണ്ടുപോയി സംസ്കരിക്കുന്ന നടപടിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറാകുന്നില്ലെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്).
പൊതുശ്മശാനത്തിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് കിലോമീറ്ററുകൾ അകലെ മറവു ചെയ്യുന്നത് ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും ഛത്തീസ്ഗഡിലെയും ഒഡീഷയിലെയും ജാർഖണ്ഡിലെയും നിരവധി ആദിവാസി ഗ്രാമങ്ങളിൽ കഴിഞ്ഞ വർഷം മാത്രം 23 സംഭവങ്ങളുണ്ടായെന്നും ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ യുസിഎഫ് ചൂണ്ടിക്കാട്ടി. ഇവയിൽ ഭൂരിഭാഗവും ഛത്തീസ്ഗഡിലാണ്.
സ്വന്തം ആചാരപ്രകാരം മൃതസംസ്കാരം നടത്താനുള്ള ആദിവാസി ക്രൈസ്തവരുടെ അവകാശങ്ങൾ വെല്ലുവിളിക്കുന്നതിലേക്കും രാഷ്ട്രീയവത്കരിക്കുന്നതിലേക്കുമാണ് ഈ സംഭവങ്ങളെല്ലാം വിരൽ ചൂണ്ടുന്നതെന്നും യുസിഎഫ് ആരോപിച്ചു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ക്രൈസ്തവർ നേരിടുന്ന അതിക്രമങ്ങളിൽ യുസിഎഫ് ആശങ്ക രേഖപ്പെടുത്തി. 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരേ രേഖപ്പെടുത്തിയ അതിക്രമസംഭവങ്ങൾ ആറിരട്ടിയായി വർധിച്ചു. കഴിഞ്ഞ 12 വർഷത്തിനിടെ ക്രൈസ്തവർക്കെതിരേ 4959 അക്രമങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2025ൽ മാത്രം ഇത് 700ഓളം ആയി ഉയർന്നു. പക്ഷേ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച നടപടികളുടെ എണ്ണം വളരെ കുറവാണ്.
കഴിഞ്ഞ വർഷം നേരിട്ട അതിക്രമങ്ങളിൽ 45 എഫ്ഐആറുകൾ മാത്രമാണു രജിസ്റ്റർ ചെയ്തത്. അതേസമയം, മതപരിവർത്തനം ആരോപിച്ചു ക്രൈസ്തവർക്കെതിരേ 230തിലധികം കേസുകൾ രജിസ്റ്റർ ചെയ്തതായും യുസിഎഫ് ആരോപിച്ചു.
ഛത്തീസ്ഗഡിലെ ആദിവാസി ക്രൈസ്തവരുടെ സംസ്കാരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവ് സ്വാഗതാർഹമാണെന്നും സംഘടന വ്യക്തമാക്കി.
Tags : UCF exhuming bodies police not charge case Chhattisgarh tribal Christians burial