കൊച്ചി: കേരളത്തിലെ ക്ഷേത്രങ്ങളിൽ അഹിന്ദുക്കളുടെ പ്രവേശനം പൂർണമായും തടയുന്ന ചട്ടങ്ങൾ പുനഃപരിശോധിക്കണമെന്ന് കേരള ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. നിയമങ്ങളും ചട്ടങ്ങളും മതങ്ങൾക്കിടയിൽ ഭിന്നതയോ അസ്വാരസ്യമോ ഉണ്ടാക്കുന്ന ഉപകരണങ്ങളായി മാറരുതെന്നും, മറിച്ച് അവ ജനങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയാകണമെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഈ സുപ്രധാന നിരീക്ഷണം. പത്തനംതിട്ട അടൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ 2023-ലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ രണ്ട് ക്രിസ്ത്യൻ വൈദികർ എത്തിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
തൈത്തിരീയ ഉപനിഷത്തിലെ 'അതിഥി ദേവോ ഭവ' എന്ന സങ്കല്പം മുൻനിർത്തി, ക്ഷേത്ര തന്ത്രിയുടെ അനുമതിയോടെ അതിഥികളായി എത്തുന്നവരെ തടയാനാവില്ലെന്ന് കോടതി പറഞ്ഞു. അവകാശമായിട്ടല്ല, മറിച്ച് ക്ഷണിതാക്കളായി എത്തുന്ന അതിഥികളെ സ്വീകരിക്കുന്നത് ആചാര ലംഘനമല്ല.1965-ലെ 'കേരള ഹിന്ദു പ്ലേസസ് ഓഫ് പബ്ലിക് വർഷിപ്പ് ആക്റ്റിൽ' അഹിന്ദുക്കൾക്ക് പ്രവേശനം നൽകരുതെന്ന് ഒരിടത്തും പറയുന്നില്ല. എന്നാൽ ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ 'റൂൾ 3(എ)'-യിലാണ് അഹിന്ദുക്കളെ തടയുന്ന കാര്യം പരാമർശിക്കുന്നത്.
ഒരു നിയമത്തിന്റെ ചട്ടങ്ങൾ പ്രധാന നിയമത്തേക്കാൾ വലുതാകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നിലവിലെ റൂൾ 3(എ) ഭരണഘടനാ തത്വങ്ങൾക്കും നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കും നിരക്കുന്നതാണോ എന്ന് സർക്കാർ പരിശോധിക്കണം. ദേവസ്വം ബോർഡുകൾ, തന്ത്രിമാർ, മതപണ്ഡിതർ എന്നിവരുമായി ചർച്ച നടത്തി ഈ ചട്ടത്തിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
നിയമങ്ങൾ സമൂഹത്തിന്റെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് മാറണമെന്നും, കൂടുതൽ ഉൾക്കൊള്ളൽ സ്വഭാവമുള്ള സമൂഹമായി നാം വളരണമെന്നും കോടതി കൂട്ടിച്ചേർത്തു. ക്രിസ്ത്യൻ വൈദികരെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചത് തന്ത്രിയുടെ അനുമതിയോടെയാണെന്നും, ഇത് ക്ഷേത്രാചാരങ്ങളുടെ ലംഘനമല്ലെന്നും വ്യക്തമാക്കിയ കോടതി, വൈദികർക്കെതിരെ നടപടി വേണമെന്ന ഹർജിക്കാരന്റെ ആവശ്യം നിരസിച്ചു.
Tags : Kerala High Court Temples non-Hindus