ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ തൊഴിൽ കോഡുകൾ തൊഴിൽ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് കോണ്ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷനേതാവുമായ മല്ലികാർജുൻ ഖാർഗെ. തൊഴിലാളികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമുള്ള വ്യവസ്ഥകൾ തീർത്തും ദുർബലമാണെന്നത് അടക്കം വലിയ പോരായ്മകൾ തൊഴിൽ കോഡിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിൽ കോഡിലെ പ്രശ്നങ്ങൾ
- പിരിച്ചുവിടൽ പരിധി 100ൽ നിന്ന് 300 ആയി ഉയർത്തി. രാജ്യത്തെ 80 ശതമാനത്തിലധികം ഫാക്ടറികൾക്കും സർക്കാർ അനുമതിയില്ലാതെ തൊഴിലാളികളെ പിരിച്ചുവിടാൻ കഴിയും.
- നിശ്ചിതകാല തൊഴിൽ (ഫിക്സഡ് ടേം എംപ്ലോയ്മെന്റ് -എഫ്ടിഇ) വിപുലീകരണം നിരവധി സ്ഥിരം ജോലികൾ അവസാനിപ്പിക്കും.
- കന്പനികൾക്കു ഹ്രസ്വകാല കരാർ തൊഴിലാളികളെ കൂടുതലായി നിയമിക്കാം. ദീർഘകാല ആനുകൂല്യങ്ങൾ ഇത് ഒഴിവാക്കും.
ജോലിസമയവും ഷിഫ്റ്റുകളും
ദിവസം എട്ടു മണിക്കൂർ ജോലി കടലാസിൽ നിലനിർത്തുന്നുണ്ടെങ്കിലും സംസ്ഥാനങ്ങൾക്കു വഴക്കമുള്ള ഷെഡ്യൂളിംഗ് വഴി 12 മണിക്കൂർ ഷിഫ്റ്റുകൾ അനുവദിക്കാൻ കഴിയും. സംസ്ഥാനങ്ങൾ നിശ്ചയിച്ച ഓവർടൈം പരിധികളുമായി ചേർന്ന് കൂടുതൽ ദൈർഘ്യമുള്ള പ്രവൃത്തിദിവസങ്ങൾ ഇതു ഫലപ്രദമായി അനുവദിക്കുന്നു.
‘സമ്മതത്തോടെ’ എന്ന പേരിലുള്ള ഇത്തരം നടപടികൾ ക്ഷീണവും അപകടസാധ്യതകളും വർധിപ്പിക്കുന്നു.
ദുർബലമായ ട്രേഡ് യൂണിയനുകളും കൂട്ടായ അവകാശങ്ങളും
- പണിമുടക്കുന്നതിനുമുന്പ് തൊഴിലാളികൾ 60 ദിവസം കാത്തിരിക്കണം. കൂടാതെ 14 ദിവസത്തെ കൂളിംഗ് ഓഫ് കാലയളവുമുണ്ട്. സുരക്ഷിതമല്ലാത്തതോ അന്യായമായതോ ആയ സാഹചര്യങ്ങൾക്കെതിരായ ദ്രുത നടപടി ഇതു തടയുന്നു.
- 51 ശതമാനം അംഗത്വമുള്ള ഒരു യൂണിയൻ ചർച്ചകളിലെ ഏക പങ്കാളിയാകണമെന്നു നിർബന്ധിക്കുന്നത് ചെറിയ യൂണിയനുകളെ മാറ്റിനിർത്തുകയും വ്യത്യസ്ത തൊഴിലാളി ഗ്രൂപ്പുകളുടെ പ്രാതിനിധ്യം കുറയ്ക്കുകയും ചെയ്യും.
സ്റ്റാൻഡിംഗ് ഓർഡറുകളും ഇടത്തരം യൂണിറ്റുകളും
- മുന്നൂറിൽ താഴെ തൊഴിലാളികളുള്ള യൂണിറ്റുകൾക്ക് സ്റ്റാൻഡിംഗ് ഓർഡറുകൾ ബാധകമാകില്ല.
- ജോലിസമയം, അവധി, പിരിച്ചുവിടൽ എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന നിയമങ്ങൾ നിർബന്ധമല്ല.
- ഇടത്തരം യൂണിറ്റുകളിൽ ഏകപക്ഷീയമായ നിയമന- പിരിച്ചുവിടൽ രീതികൾ ഇതു വർധിപ്പിച്ചേക്കാം.
ദുർബലമായ സുരക്ഷയും ക്ഷേമവും
- ഒരു ഫാക്ടറിയുടെ നിർവചനം 20 തൊഴിലാളികൾ (വൈദ്യുതിയോടുകൂടിയത്) എന്നും 40 തൊഴിലാളികൾ (വൈദ്യുതിയില്ലാതെ) എന്നും ഉയർത്തുന്നതിലൂടെ ലംഘനങ്ങളും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളും ഏറ്റവും സാധാരണമായതിനാൽ അവർ നിയമത്തിന്റെ സുരക്ഷാവലയ്ക്കു പുറത്താണ്.
- പത്രപ്രവർത്തകർ, ബീഡി തൊഴിലാളികൾ തുടങ്ങി ദുർബല വിഭാഗങ്ങൾക്കുള്ള (വൾനറബിൽ ഗ്രൂപ്പ്സ്) മേഖലാ-നിർദിഷ്ട സംരക്ഷണങ്ങൾ പൊതു കോഡുകളിൽ ലയിപ്പിച്ചിരിക്കുന്നു. സുരക്ഷാസംവിധാനങ്ങൾ കുറയ്ക്കുന്നതാണിത്.
- സംസ്ഥാന സർക്കാരുകൾക്ക് ഏതൊരു ജോലിസ്ഥലത്തെയും സാമൂഹിക സുരക്ഷാ കോഡിൽനിന്ന് ഒഴിവാക്കാൻ കഴിയുമെന്നതാണ് മറ്റൊരു പോരായ്മ. തൊഴിലാളി സുരക്ഷയും ക്ഷേമ സംരക്ഷണങ്ങളും എളുപ്പത്തിൽ മറികടക്കാൻ ഇതിലൂടെ കഴിയും.
കുടിയേറ്റ, അനൗപചാരിക തൊഴിലാളികൾക്കുണ്ടാകുന്ന ആഘാതം
- നിർബന്ധിത ആധാർ അധിഷ്ഠിത രജിസ്ട്രേഷൻ, ഡോക്യുമെന്റേഷൻ പിശകുകളോ പരിമിതമായ ഡിജിറ്റൽ ആക്സസോ നേരിടുന്ന കുടിയേറ്റ തൊഴിലാളികളെയും അനൗപചാരിക തൊഴിലാളികളെയും ഒഴിവാക്കുന്നതിനു സാധ്യതയുണ്ട്. സാമൂഹിക സുരക്ഷാ എൻറോൾമെന്റിനും ഇതു തടസങ്ങൾ സൃഷ്ടിക്കുന്നു.
Tags :
Kharge Labour codes threat job security