മുംബൈ: തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മഹാരാഷ്ട്രയിൽ ഒരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക്. നിയമസഭാ കൗൺസിൽ അംഗം (എംഎൽസി) പ്രദ്ന്യ സതവ് ആണ് ബിജെപിയിൽ ചേർന്നത്.
കോൺഗ്രസ് വിട്ടതിനു പിന്നാലെ പ്രദ്ന്യ നിയമസഭാ കൗൺസിൽ അഗത്വം രാജിവച്ചു. ബിജെപിയും അവരെ നിയമസഭാ കൗൺസിലിലേക്ക് നാമനിർദേശം ചെയ്യുമെന്നാണ് റിപ്പോർട്ട്.
ബിജെപിയിൽ ചേരണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെയും വികസന അജണ്ടയുടെ ഭാഗമാകണമെന്നും തന്‍റെ പാർട്ടി പ്രവർത്തകർ നിർബന്ധിച്ചിരുന്നതായി സതവ് പറയുന്നു.
പ്രദ്ന്യ സതവിന്റെ ഭർത്താവ് രാജീവ് സതവും പാർട്ടിയിൽ ഉന്നത തലത്തിൽ അടുപ്പമുള്ളയാളായിരുന്നു. രാഹുൽ ഗാന്ധിയുടെ വളരെ അടുത്ത സുഹൃത്തായിരുന്ന ഇദ്ദേഹം 2021 ൽ കോവിഡിനെ തുടർന്ന് മരണപ്പെട്ടു. 2017ൽ യൂത്ത് കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റായിരുന്ന അദ്ദേഹം ഗുജാറാത്ത് കോൺഗ്രസിന്റെയും ചുമതല വഹിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മാതാവ് രജനി സതവ് കോൺഗ്രസിന്റെ എംഎൽഎ ആയിരുന്നു.
Tags : Maharashtra Congress Pradnya Satav BJP