കോൽക്കത്ത: സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ യുവാവ് വെട്ടിക്കൊന്നു. പശ്ചിമബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഫറാക്ക പോലീസ് സ്റ്റേഷന് കീഴിലുള്ള നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻടിപിസി) ലിമിറ്റഡിന്റെ കെൻഡുവ ആഷ് പോണ്ടിൽ ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം.
ആഷ് പോണ്ടിൽ രാത്രി കാവൽക്കാരനായി ജോലി ചെയ്തിരുന്ന ആലം ഷെയ്ഖ്(48) ആണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതി പന്ന ഷെയ്ഖ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂർച്ചയേറിയ ആയുധം കൊണ്ടാണ് പന്ന ഷെയ്ഖ്, ആലം ഷെയ്ഖിനെ കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് പിടികൂടിയില്ല.
2015ൽ ജോറാപുകുരിയ ഗ്രാമത്തിൽ തർക്കത്തെ തുടർന്ന് കൊലപാതകം നടന്നിരുന്നു. പന്ന ഷെയ്ഖിന്റെ സഹോദരൻ തൗഫീഖ് ഷെയ്ക്കിനെ ആലം ഷെയ്ഖും ഒരുസംഘമാളുകളും വീട്ടിൽ നിന്നും വിളിച്ചിറക്കി തല്ലിക്കൊല്ലുകയായിരുന്നു.
സംഭവത്തിൽ ഫറാക്ക പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ആലം ഷെയ്ക്കിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ദീർഘകാലം ജയിലിൽ കഴിഞ്ഞ ആലം ഷെയ്ഖ് പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.
തൗഫീഖ് ഷെയ്ഖിന്റെ കൊലപാതകത്തിന് ശേഷം, അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ പന്ന ഷെയ്ക്ക് ഗ്രാമം വിട്ടുപോയിരുന്നു. വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ ശേഷം ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹം ജോറാപുകുരിയയിലേക്ക് മടങ്ങിയെത്തി.
ഞായറാഴ്ച രാത്രി ആലം ഷെയ്ഖ് തന്റെ ജോലിസ്ഥലത്തേക്ക് പോകുമ്പോൾ, പന്ന ഷെയ്ഖും മറ്റ് ചിലരും അദ്ദേഹത്തെ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. ആലം ഷെയ്ഖ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നീട് പോലീസ് മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ജംഗിപൂർ സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് അയച്ചു.
പന്ന ഷെയ്ഖ് ഗ്രാമത്തിലേക്ക് മടങ്ങിയതിനുശേഷം കുടുംബത്തിന് ആശങ്ക ഉണ്ടായിരുന്നുവെന്ന് ആലം ഷെയ്ഖിന്റെ മൂത്ത സഹോദരനും തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവുമായ നബി ഷെയ്ഖ് പറഞ്ഞു.
"അവൻ തിരിച്ചെത്തിയതിനുശേഷം കുഴപ്പമുണ്ടാകുമെന്ന് ഞങ്ങൾ ഭയപ്പെട്ടു, പക്ഷേ അവൻ എന്റെ സഹോദരനെ ക്രൂരമായി കൊലപ്പെടുത്തുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല'. നബി ഷെയ്ഖ് പ്രതികരിച്ചു.
കൊലപാതകത്തെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Tags : Murder case kolkata death west Bengal