ബംഗളൂരു: വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസയച്ചതിന് ഭർത്താവ് ഭാര്യയെ വെടിവച്ചുകൊന്നു. ബംഗളൂരുവിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ ബാലമുരുഗനാണ് (40) ഭാര്യ ഭുവനേശ്വരിയെ കൊലപ്പെടുത്തിയത്.
കുടുംബജീവിതത്തിലെ പ്രശ്നങ്ങളെ തുടർന്ന് ഒരു വർഷമായി അകന്നുകഴിയുകയായിരുന്നു ഇരുവരും. ഒരാഴ്ച മുമ്പാണ് ഭുവനേശ്വരി ബാലമുരുഗന് വിവാഹമോചനമാവശ്യപ്പെട്ട് നോട്ടിസ് അയച്ചത്.
തുടർന്ന് ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന ഭുവനേശ്വരിയെ ബാലമുരുഗൻ നാല് തവണ നിറയൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം, ഇയാൾ പോലീസിൽ കീഴടങ്ങി.
സോഫ്റ്റ്വെയർ എൻജിനീയറായ ബാലമുരുഗൻ കഴിഞ്ഞ നാലു വർഷമായി തൊഴിൽരഹിതനായിരുന്നു. യൂണിയൻ ബാങ്കിൽ അസിസ്റ്റന്റ് മാനേജരാണ് മരിച്ച ഭുവനേശ്വരി.
തമിഴ്നാട്ടിലെ സേലം സ്വദേശികളായ ഇരുവരും 2011ലാണ് വിവാഹിതരായത്. 2018ൽ ഇവർ ബംഗളൂരുവിലേക്ക് പോയി. ഇവർക്ക് രണ്ടു മക്കളുമുണ്ട്.
എന്നാൽ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങളെത്തുടർന്ന് ഭുവനേശ്വരി മക്കളുമായി രാജാജി നഗറിലേക്ക് താമസം മാറി. ഭുവനേശ്വരിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ബാലമുരുഗൻ സംശയിച്ചിരുന്നെന്നും ഇത് നിരന്തരം തർക്കങ്ങളിലേക്ക് നയിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.
Tags : man kills wife shot bengaluru police