മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ സംശയമുണ്ടെന്ന് അനന്തരവൻ രോഹിത് പവാർ. ഒരു മുതിർന്ന നേതാവ് യാത്ര മനഃപൂർവം വൈകിപ്പിച്ചതിനാലാണ് ട്രെയിനിലെ യാത്ര മാറ്റി വിമാന മാർഗമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിന് തൊട്ട് മുമ്പുള്ള റേഡിയോ സിഗ്നലും പ്രധാന പൈലറ്റിന്റെ സംഭാഷണവും ലഭിക്കാത്തതിലും ദുരൂഹതയുണ്ടെന്നാണ് രോഹിത്തിന്റെ ആരോപണം. കഴിഞ്ഞ 28 ന് പൂനെയ്ക്ക് സമീപം ബാരാമതിയിലുണ്ടായ വിമാന അപകടത്തിലാണ് അജിത് പവാർ കൊല്ലപ്പെട്ടത്. ലാൻഡിങ്ങിനിടെ വിമാനം തകർന്നു വീണ് തീപിടിക്കുകയായിരുന്നു.
അപകടത്തിൽ പൈലറ്റുമാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന മറ്റ് നാലു പേരും കൊല്ലപ്പെട്ടിരുന്നു. കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിയെങ്കിലും വൈകിയാണ് അവിടെ നിന്ന് പുറപ്പെട്ടത്. അപകടം നടക്കുന്നതിനു തൊട്ടു മുൻപ് ട്രാൻസ്പോണ്ടർ ഓഫായി. പൈലറ്റാണോ ഇത് ചെയ്തതെന്നു പരിശോധിക്കണം.
സഹ പൈലറ്റ് മെയ് ഡേ സന്ദേശം അയച്ചില്ല. വിമാനം പറത്താൻ ചുമതലയുണ്ടായിരുന്ന പൈലറ്റിനെ അവസാന നിമിഷം മാറ്റിയിരുന്നു. ഒരു പൈലറ്റ് ഗതാഗതകുരുക്കിൽ കുടുങ്ങിയത് കൊണ്ടെന്നായിരുന്നു വിശദീകരണം. എന്നാൽ രണ്ട് പൈലറ്റുമാരെയും മാറ്റിയതിൽ ദുരൂഹതയുണ്ടെന്നും രോഹിത് പവാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
Tags : Ajit Pawar death Mystery plane crash