മന്ദ്സോർ: മധ്യപ്രദേശിൽ ഉള്ളിയുടെ പ്രതീകാത്മക സംസ്കാര ചടങ്ങുകൾ നടത്തി കർഷകർ. മധ്യപ്രദേശിലെ മന്ദ്സോർ ജില്ലയിലെ ഉള്ളി കർഷകരാണ് ഉള്ളി വില ക്രമാധീതമായി കുറഞ്ഞതിന് പിന്നാലെ പ്രതിഷേധമായി പ്രതീകാത്മക സംസ്കാര ചടങ്ങുകൾ നടത്തിയത്.
ഉത്പാദന ചെലവ് പോലും ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് കർഷകർ പറയുന്നു. ഗ്രാമത്തിലെ ശ്മശാനത്തിന് സമീപം ബാൻഡ് വാദ്യങ്ങളോടെ പൂക്കൾകൊണ്ട് അലങ്കരിച്ച ശവപ്പെട്ടിയിലായിരുന്നു സംസ്കാര ചടങ്ങുകൾ.
കർഷകർക്ക് കിലോഗ്രാമിന് ഒരു രൂപ മുതൽ പത്ത് രൂപ വരെയാണ് നിലവിൽ ലഭിക്കുന്ന ഉയർന്ന വില. എന്നാൽ കൂടുതൽ പേർക്കും ഒരു രൂപ മുതൽ രണ്ട് രൂപ വരെയാണ് ലഭിക്കുന്നതെന്നും കർഷകർ വ്യക്തമാക്കി. ഉള്ളിക്ക് കയറ്റുമതി തീരുവ 25 ശതമാനമായി ഉയർത്തിയതും കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിലവിലെ കൃഷി മന്ത്രിയാണെങ്കിലും, തീരുവ സംബന്ധിച്ച് നിരവധി നിവേദനങ്ങൾ നൽകിയിട്ടും കയറ്റുമതി തീരുവ കുറയ്ക്കാൻ തയാറായിട്ടില്ലെന്നും കർഷകർ കൂട്ടിച്ചേർത്തു. സർക്കാർ താങ്ങുവില നൽകി ഉള്ളി വാങ്ങണമെന്നാണ് കർഷകരുടെ ആവശ്യം.
Tags : madhya pradesh mandsaur onion onion price farmers