പെരമ്പല്ലൂർ: പെരമ്പല്ലൂരിൽ ഗുണ്ടാനേതാവിനെ പോലീസ് വെടിവച്ചുകൊന്നു. അഴകുരാജ എന്ന കോട്ടു രാജയെയാണ് പോലീസ് കൊലപ്പെടുത്തിയത്. പോലീസുകാർക്ക് നേരേയടക്കം പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ അറസ്റ്റിലായിരുന്നു അഴകുരാജ.
30 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാനേതാവ് കാളിമുത്തുവിനെ ശനിയാഴ്ച ദിണ്ടിഗൽ ജയിലിൽനിന്ന് ചെന്നൈയിലേക്ക് കൊണ്ടുവരുന്നതിനിടെ അഴകുരാജയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ആക്രമിച്ചിരുന്നു. തിരുമാന്തുറായി ടോൾ പ്ലാസയോട് ചേർന്നുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു പെട്രോൾ ബോംബ് എറിഞ്ഞുള്ള ആക്രമണം.
പോലീസ് ഗുണ്ടകളെ തുരത്തിയെങ്കിലും രണ്ട് പോലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. സംഭവത്തിൽ തമിഴ്നാട് പോലീസിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നതോടെ പ്രതികളായ അഴകുരാജയും മറ്റ് ആറ് പേരെയും ഊട്ടിയിലെ ഒളിവിടത്തിൽനിന്ന് ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ആയുധങ്ങൾ കണ്ടെടുക്കാനായി അഴകുരാജയെ ഇന്ന് പുലർച്ചെ പെരമ്പല്ലൂറിലെ വനമേഖലയിലേക്ക് കൊണ്ടു പോയപ്പോഴായിരുന്നു ഏറ്റുമുട്ടൽ കൊല. പോലീസിന് നേരേ നാടൻ ബോംബ് എറിഞ്ഞ് അഴകുരാജ് രക്ഷപ്പെടാൻ ശ്രമിച്ചെന്നും ഇൻസ്പെക്ടർ നന്ദകുമാരിന് പ്രാണരക്ഷാർഥം വെടിവയ്ക്കേണ്ടി വന്നെന്നുമാണ് ഔദ്യോഗിക ഭാഷ്യം. തലയിൽ വെടിയേറ്റ അഴകുരാജ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റ എസ്ഐ ശങ്കർ ആശുപത്രിയിൽ ചികിത്സയിലാണ്. മധുര, തൂത്തുക്കുടി ജില്ലകളിലായി അഞ്ച് കൊലകേസുകളിൽ പ്രതിയാണ് അഴകുരാജ്.
Tags : Police goon encounter Tamil Nadu