ബെലഗാവി: കർണാടകയിൽ അധികാരത്തർക്കം മുറുകുന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പക്ഷം ഇന്നലെ അത്താഴവിരുന്ന് നടത്തി. ശിവകുമാറും ഏതാനും മന്ത്രിമാരുമുൾപ്പെടെ മുപ്പതിലധികം എംഎൽഎമാരാണു യോഗം ചേർന്നത്.
മന്ത്രിമാരായ കെ.എച്ച്. മുനിയപ്പ, മൻകൽ വൈദ്യ, ഡോ. എം.സി. സുധാകർ, എംഎൽഎമാരായ എൻ.എ. ഹാരിസ്, രമേഷ് ബണ്ടിസിദ്ധഗൗഡ, എച്ച്.സി. ബാലകൃഷ്ണ, ഗണേഷ് ഹുക്കേരി, ദർശൻ ധ്രുവനാരായണ, അശോക്കുമാർ റായ്, കെ.വൈ. നഞ്ചെഗൗഡ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പുറത്താക്കപ്പെട്ട ബിജെപി എംഎൽഎമാരായ എസ്.ടി. സോമശേഖർ, ശിവറാം ഹെബ്ബാർ എന്നിവരും അത്താഴവിരുന്നിൽ പങ്കെടുത്തു.
മുഖ്യമന്ത്രി സിദ്ധരാമയ്യയും അദ്ദേഹവുമായി അടുപ്പമുള്ള മന്ത്രിമാരും എംഎൽഎമാരും ബെലഗാവി നോർത്ത് മുൻ എംഎൽഎ ഫിറോസ് സേട്ട് സംഘടിപ്പിച്ച അത്താഴവിരുന്നിൽ പങ്കെടുത്തതിനു തൊട്ടുപിന്നാലെയായിരുന്നു ശിവകുമാർ പക്ഷത്തിന്റെ യോഗം.
നേതാക്കൾ ഇതിനെ സാധാരണ അത്താഴവിരുന്നെന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം ചൊല്ലിയുള്ള തർക്കമാണ് പുതിയ നീക്കങ്ങൾക്ക് പിന്നിലെന്നാണ് വിവരം.
ബെലഗാവി: അത്താഴത്തിൽ രാഷ്ട്രീയമില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. താൻ അത്താഴവിരുന്നിൽ പങ്കെടുത്തത് തികച്ചും വ്യക്തിപരമായിരുന്നെന്ന് ശിവകുമാർ പറഞ്ഞു.
“സഹപ്രവർത്തകർ പലപ്പോഴും അനൗപചാരികമായി അത്താഴവിരുന്നുകൾക്ക് ക്ഷണിക്കാറുണ്ട്. രാഷ്ട്രീയ ഉദ്ദേശ്യത്തേക്കാൾ മര്യാദയുടെ പേരിലാണ് ഞാൻ അവയിൽ പങ്കെടുക്കുന്നത്. സുഹൃത്തുക്കൾ സ്നേഹപൂർവം ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ വിളിച്ചാൽ എങ്ങനെ വേണ്ടെന്ന് പറയാൻ കഴിയും’’-ശിവകുമാർ ചോദിച്ചു.
ബെലഗാവി: അധികാരത്തർക്കവുമായി ബന്ധപ്പെട്ട് തന്നെ ഹൈക്കമാൻഡ് ഡൽഹിക്കു വിളിച്ചിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മാധ്യമങ്ങൾ അനാവശ്യമായി കഥമെനയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആരും വിളിച്ചിട്ടില്ല, അനാവശ്യ ചോദ്യമാണ് ചോദിക്കുന്നത്. ഹൈക്കമാൻഡ് നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? പിന്നെ എന്തിനാണ് ഡിസംബർ 19ന് ഹൈക്കമാൻഡ് വിളിപ്പിച്ചോയെന്ന് ചോദിക്കുന്നത്?-സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് ചോദിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അധികാരത്തർക്കം മുറുകുന്നതിനിടെ, നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിനു ശേഷം സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
Tags : dinner Karnataka Politics DK sivakumar Siddaramaiah congress