ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി.
ബിഹാറിലെ കോണ്‍ഗ്രസിന്റെ വൻ വീഴ്ച ചർച്ച ചെയ്ത യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പാർട്ടി ട്രഷറർ അജയ് മാക്കൻ, ബിഹാറിന്റെ ചുമതലയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് കൃഷ്ണ അല്ലവരു എന്നിവർ പങ്കെടുത്തു.
61 സീറ്റിൽ മത്സരിച്ച് ആറു സീറ്റ് മാത്രം നേടിയ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനം നേതാക്കൾ വിശദമായി വിലയിരുത്തിയെന്നാണ് സൂചന. 2010ൽ നാലു സീറ്റ് മാത്രം വിജയിച്ച തെരഞ്ഞെടുപ്പിനുശേഷം ബിഹാറിലെ കോണ്‍ഗ്രസിന്റെ ഏറ്റവും മോശം തെരഞ്ഞെടുപ്പ് പ്രകടനമായിരുന്നു ഇത്.
തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പെന്ന് കഴിഞ്ഞദിവസം ബിഹാർ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ച രാഹുൽ ഖാർഗെയുമായുള്ള യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു പ്രതികരിച്ചില്ല.
Tags : Rahul Gandhi Kharge Mallikarjun kharge Bihar Assembly