ന്യൂഡൽഹി: പൊതു അവബോധം വർധിപ്പിക്കാനും പദാവലി മെച്ചപ്പെടുത്താനും വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർ സ്കൂളുകളിൽ പത്രവായന നിർബന്ധിതമാക്കി രാജസ്ഥാൻ.
രാജസ്ഥാനിലെ ഹയർ സെക്കൻഡറി സ്കൂളുകളും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ദിവസേന കുറഞ്ഞത് രണ്ട് ദിനപത്രമെങ്കിലും വരുത്തിക്കണമെന്നാണ് ഡിസംബർ 31നു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നത്.
രണ്ട് പത്രങ്ങളിലൊന്ന് ഹിന്ദിയിലും മറ്റൊന്ന് ഇംഗ്ലീഷിലുമായിരിക്കണമെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ യുപി സ്കൂളുകളാകട്ടെ കുറഞ്ഞത് രണ്ട് ഹിന്ദി ദിനപത്രങ്ങളെങ്കിലും സ്കൂളുകളിൽ ലഭ്യമാക്കണമന്നും സർക്കാർ നിർദേശിക്കുന്നു.
രാവിലത്തെ അസംബ്ലി സെഷനിൽ കുറഞ്ഞത് 10 മിനിറ്റെങ്കിലും ദിനപത്രങ്ങൾ ഉച്ചത്തിൽ വായിക്കാൻ കുട്ടികളെ തയാറാക്കണം. എല്ലാ ദിവസവും പത്രങ്ങളിൽനിന്ന് അഞ്ച് പുതിയ വാക്കുകളെങ്കിലും കണ്ടെത്തി അതിന്റെ അർഥം വിദ്യാർഥികൾക്കു വിശദീകരിച്ചുകൊടുക്കണമെന്നും നിർദേശമുണ്ട്.
ഉത്തർപ്രദേശ് സർക്കാരും അടുത്തിടെ സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്കൂളുകളിൽ എല്ലാ ദിവസവും കുട്ടികൾ മലയാള ദിനപത്രം വായിക്കണമെന്ന് കേരളവും കഴിഞ്ഞ വർഷം നിർദേശിച്ചിരുന്നു.
Tags : Rajasthan government schools newspaper reading mandatory