പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പിൽ കരുത്തു തെളിയിച്ചതോടെ ബിഹാറിൽ വിമതനേതാക്കൾക്കെതിരേ നടപടിയുമായി ബിജെപി നേതൃത്വം. മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആർ.കെ. സിംഗിനെ സസ്പൻഡ് ചെയ്താണ് തുടക്കം. എന്നാൽ സസ്പൻഷനു പിന്നാലെ ആർ.കെ. സിംഗ് ബിജെപി വിട്ടു.
തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് സിംഗിനെ സസ്പെൻഡ് ചെയ്തത്. കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഒരാഴ്ചക്കകം മറുപടി നല്‍കാനാണ് സിംഗിനോട് ആവശ്യപ്പെട്ടിരുന്നത്. ഇതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്.
സിംഗിനു പുറമേ എംഎൽസി അശോക് അഗർവാളിനെയും ഭാര്യയും കാത്തിഹാർ മേയറുമായ ഉഷ അഗർവാളിനെയും ബിജെപി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവരുടെ മകൻ സൗരവ് കുമാർ അഗർവാൾ കാത്തിഹാറിൽ സിറ്റിംഗ് എംഎൽഎയും മുൻ ഉപ മുഖ്യമന്ത്രിയുമായ തർകിഷോർ പ്രസാദിനെതിരേ മത്സരിച്ചിരുന്നു.
വികാസ്ശീൽ ഇൻസാൻ പാർട്ടി ടിക്കറ്റിൽ മത്സരിച്ച സൗരവ് കുമാറിനായി പ്രചാരണം നടത്തിയതിനാണ് അഗർവാൾ ദമ്പതിമാരെ സസ്പെൻഡ് ചെയ്തത്. ബിഹാർ രാഷ്ട്രീയത്തിലെ പ്രമുഖനാണ് സിവിൽ സർവീസിൽനിന്ന് രാഷ്ട്രീയത്തിലെത്തിയ ആർ.കെ. സിംഗ്.
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം അദ്ദേഹം പാർട്ടി നേതൃത്വവുമായി ഭിന്നതയിലായിരുന്നു. ആരയിൽനിന്ന് 2014ലും 2019ലും എംപിയായി തെരഞ്ഞെടുക്കപ്പെട്ടു.
Tags : RK Singh leaves BJP Bihar RK singh quiet bjp