ന്യൂഡൽഹി: രാജ്യത്തെ മിക്ക ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണമായ ആർഎസ്എസിനെ നിരോധിക്കണമെന്നാണു തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർ സർദാർ വല്ലഭായ് പട്ടേലിന്റെ ഓർമ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പട്ടേലിന്റെ പാരന്പര്യത്തെ കോണ്ഗ്രസ് ദുർബലപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഖാർഗെയുടെ മറുപടി.
ആർഎസ്എസിനെതിരേ സർദാർ വല്ലഭായ് പട്ടേൽ നടത്തിയ പ്രസ്താവനകളും ആ സംഘടനയെ നിരോധിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനവും ഉദ്ധരിച്ചായിരുന്നു ഖാർഗെയുടെ മറുപടി. ആർഎസ്എസിനെ നിരോധിക്കാതെ മറ്റു വഴിയില്ലെന്ന് പട്ടേൽ വ്യക്തമാക്കിയിരുന്നു.
സർക്കാർ ജീവനക്കാർ ആർഎസ്എസ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് പട്ടേൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ 2024 ൽ മോദിസർക്കാർ ആ വിലക്കു മാറ്റിയത് ആർഎസ്എസിനെ നിരോധിച്ച പട്ടേലിനെ അനാദരിക്കുന്നതിനു തുല്യമാണെന്ന് ഖാർഗെ പറഞ്ഞു. മോദി ഈ തീരുമാനം പിൻവലിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
ആർഎസ്എസ് പ്രത്യയശാസ്ത്രത്തെ സർപ്പവിഷത്തോട് ഉപമിച്ച ഖാർഗെ, പട്ടേലിന്റെ കാഴ്ചപ്പാടുകളെ പ്രധാനമന്ത്രി ബഹുമാനിക്കുന്നുവെങ്കിൽ ആ സംഘടനയെ നിരോധിക്കാൻ തയാറാകണമെന്നും വ്യക്തമാക്കി. നെഹ്റുവിനും സർദാർ പട്ടേലിനും ഇടയിലുണ്ടായിരുന്നത് അടുത്ത ബന്ധമായിരുന്നു. അവർ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടെന്ന് വരുത്തിത്തീർക്കാൻ ബിജെപി എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും ഖാർഗെ കുറ്റപ്പെടുത്തി.
മഹാത്മാഗാന്ധി, ഗോഡ്സെ, ആർഎസ്എസ്, 2002ലെ ഗുജറാത്ത് കലാപം തുടങ്ങിയ വിഷയങ്ങൾ എൻസിആർടി പുസ്തകത്തിൽനിന്നു നീക്കം ചെയ്തതായി ഖാർഗെ ആരോപിച്ചു. ഇതിൽനിന്നുതന്നെ ആർഎസ്എസിന്റെയും ബിജെപിയുടെയും നയം വ്യക്തമാക്കുന്നുവെന്നും ഖാർഗെ കുറ്റപ്പെടുത്തി.
മഹാത്മാഗാന്ധിയുടെ വധത്തെത്തുടർന്ന് ആർഎസ്എസ് സന്തോഷം പ്രകടിപ്പിച്ച രീതി സ്ഥിതി കൂടുതൽ വഷളാക്കിയെന്നും അതിനെതിരേ നടപടിയെടുക്കാതെ തരമില്ലെന്ന പട്ടേലിന്റെതന്നെ വാക്കുകളെയും ഖാർഗെ പരാമർശിച്ചു.
Tags : Kharge RSS banned congress RSS