ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഭാഗിരഥ്പുര മേഖലയിൽ മലിനജലം കഴിച്ച് രോഗബാധിതനായ ഒരാൾകൂടി മരിച്ചു.
കഴിഞ്ഞമാസം 22 മുതൽ ഛർദിയും വയറിളക്കവും ഉൾപ്പെടെ അസുഖങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്ന ഹേമന്ദ് ഗെയ്ക്ക്വാദ് എന്ന 51 കാരനാണു മരണത്തിനു കീഴടങ്ങിയത്.മലിനജലം കഴിച്ച് സമീപനാളുകളിൽ പ്രദേശത്ത് 15 മുതൽ 23 പേർ വരെ മരിച്ചതായാണ് ഏകദേശ കണക്ക്.
ക്രിസ്മസിന് തലേന്ന് ഇൻഡോറിലെ വർമ നഴ്സിംഗ് ഹോമിലാണ് ആദ്യം പ്രവേശിപ്പിക്കപ്പെട്ടത്.
നാലുദിവസത്തിനുശേഷം ആശുപത്രി വിടുകയും ചെയ്തു. വീണ്ടും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതോടെ കഴിഞ്ഞ ഏഴിന് അരബിന്ദോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛർദി ഉൾപ്പെടെ പ്രശ്നങ്ങളുമായാണ് ആശുപത്രിയിൽ എത്തിയതെങ്കിലും അർബുദവും വൃക്കരോഗവുമാണു മരണകാരണമെന്ന് ആശുപത്രി വ്യക്തമാക്കി.
ഭാര്യയും നാല് പെൺകുട്ടികളും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത് ഓട്ടോറിക്ഷാ ഡ്രൈവറായ ഗെയ്ക്ക്വാദിന്റെ വരുമാനം കൊണ്ടായിരുന്നു.
അതിനിടെ, മലിനജലം നഗരത്തിൽ പടർന്ന സാഹചര്യത്തിൽ പൈപ്പ് ലൈൻ വാങ്ങിയതിലെ ടെൻഡർ രേഖകൾ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് ഉൾപ്പെടെ മുഴുവൻ രേഖകളും സമർപ്പിക്കാൻ ജില്ലാ കളക്ടർക്കും മുനിനിപ്പൽ കോർപറേഷനും മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് നൽകി.
Tags : Indore Sewage Water Bhagirathpur