ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രാലയം സെക്രട്ടറിയും (വെസ്റ്റ്) പാലാ പൊടിമറ്റം കുടുംബാംഗവുമായ സിബി ജോർജിന്റെയും ജോയ്സി പാംപൂരേത്തിന്റെയും മകൾ എൽഹിതയും ജപ്പാനിലെ കെൻജി-ഫ്യൂമി ദന്പതികളുടെ മകൻ റോയ്തയും തമ്മിൽ വിവാഹിതരായി. ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ ഇന്നലെ നടന്ന വിവാഹം ഗേറ്റ് ബ്രിട്ടൻ രൂപത മെത്രാൻ മാർ ജോസഫ് സ്രാന്പിക്കൽ ആശീർവദിച്ചു.
ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രത്യേക അനുഗ്രഹാശംസകൾ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറെല്ലി കത്തീഡ്രലിലെത്തി കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദി നവദന്പതികൾക്ക് ആശംസ അയച്ചു.
സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ, ഫാ. റോബി കണ്ണൻചിറ സിഎംഐ, ഫാ. ഷിനിൽ ജേക്കബ് എന്നിവരും ജപ്പാൻ, സ്വിറ്റ്സർലൻഡ് അടക്കമുള്ള രാജ്യങ്ങളിൽനിന്നെത്തിയ വൈദികരും സീറോമലബാർ ക്രമത്തിൽ നടത്തിയ വിവാഹ ആശീർവാദത്തിലും വിശുദ്ധ കുർബാനയിലും സഹകാർമികരായിരുന്നു.
സിവിൽ സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന അത്താഴവിരുന്നിൽ കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കർ, അശ്വിനി വൈഷ്ണവ്, കേന്ദ്ര കാബിനറ്റ് സെക്രട്ടറി ഡോ. ടി.വി. സോമനാഥൻ, പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്, എംപിമാർ, അംബാസഡർമാർ, വിവിധ രാജ്യങ്ങളിൽനിന്നെത്തിയ നയതന്ത്ര വിദഗ്ധർ, വ്യവസായികൾ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.
Tags : Sibi George's daughter married Ministry of External Affairs Secretary