ബംഗളൂരു: കർണാടക കോൺഗ്രസിൽ മാസങ്ങളായി തുടരുന്ന ആഭ്യന്തര കലഹങ്ങൾക്കു വിരമമിടാനുള്ള ഹൈക്കമാൻഡിന്റെ ഇടപെടലിൽ, സിദ്ധരാമയ്യ ഇന്നു ഡി.കെ. ശിവകുമാറിന്റെ വസതിയിലെത്തും.
രാവിലെ ഡികെയുടെ വീട്ടിലെത്തുന്ന സിദ്ധരാമയ്യ പ്രഭാതഭക്ഷണം കഴിച്ചശേഷം കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
ഭരണകക്ഷിയായ കോൺഗ്രസിൽ മാസങ്ങളായി തുടരുന്ന ആഭ്യന്തര കലഹങ്ങൾക്കു വിരാമമിടാനുള്ള ഹൈക്കമാൻഡിന്റെ ഇടപെടലിനെത്തുടർന്നാണ് ഇപ്പോഴുള്ള പ്രാതൽ ചർച്ച.
ശനിയാഴ്ച ശിവകുമാർ മുഖ്യമന്ത്രിയുടെ വസതിയിലും പ്രഭാതഭക്ഷണം കഴിച്ച് യോഗത്തിൽ പങ്കെടുത്തിരുന്നു.
അതേസമയം, ഡികെയുടെ വസതിയിൽ നടക്കാനിരുന്ന പ്രഭാതഭക്ഷണ യോഗത്തെക്കുറിച്ച് മാധ്യമങ്ങളോട് സിദ്ധരാമയ്യ പ്രതികരിച്ചത്; “ചൊവ്വാഴ്ച വീട്ടിലേക്കു വരാൻ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അതിനു ശേഷം ഇതുവരെ എനിക്ക് ഒരു ഫോൺ കോളും ലഭിച്ചിട്ടില്ല. ഒരുപക്ഷേ അദ്ദേഹം എന്നെ വിളിച്ചേക്കാം. വിളിച്ചാൽ ഡികെയുടെ വീട്ടിൽ പോകും” എന്നാണ്.
സംസ്ഥാനത്ത് ഉടലെടുത്തിട്ടുള്ള നേതൃവിഷയത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കുമെന്ന് ഇരുനേതാക്കളും നേരത്തേ പറഞ്ഞിരുന്നു.
Tags : Siddaramaiah DK's residence DK Sivakumar breakfast discussion Karnadaka Politics