പാറ്റ്ന: ബിഹാറിൽ പുതുതായി അധികാരമേറ്റ നിതീഷ് കുമാർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി പദവി ആവശ്യപ്പെടില്ലെന്ന് കേന്ദ്രമന്ത്രിയും എൽജെപി-രാംവിലാസ് പാർട്ടിയുടെ അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ. തന്റെ പാർട്ടിക്ക് അർഹമായ പരിഗണന ലഭിച്ചുവെന്നും കൂടുതൽ ആഗ്രഹങ്ങൾ ഇല്ലെന്നും ചിരാഗ് പറഞ്ഞു.
"ഞങ്ങളുടെ പാർട്ടിക്ക് രണ്ട് മന്ത്രിമാരെ ലഭിച്ചു. അത് തന്നെ വലിയ കാര്യമാണ്. എൻഡിഎ സഖ്യത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. ബിജെപിയും ജെഡി-യുവും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അർഹമായ സീറ്റുകൾ നൽകിയിരുന്നു. ഇതൊക്കെ മതി.'-ചിരാഗ് പറഞ്ഞു.
"ജനങ്ങൾ ഞങ്ങൾക്കൊപ്പം നിന്നു. 29 മണ്ഡലങ്ങളിൽ മത്സരിച്ച എൽജെപിക്ക് 19 ഇടങ്ങളിലും വിജയിക്കാൻ സാധിച്ചു. പാർട്ടിക്ക് സ്വാധീനമില്ലാത്ത മണ്ഡലങ്ങളും ഇതിലുണ്ട്. ഇനി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. അത് മാത്രമാണ് ലക്ഷ്യം.'-ചിരാഗ് കൂട്ടിച്ചേർത്തു.
സഞ്ജയ് സിംഗ്, സഞ്ജയ് പാസ്വാൻ എന്നിവരാണ് എൽജെയിൽ നിന്ന് മന്ത്രിമാരായത്. വ്യാഴാഴ്ചയാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റത്.
Tags : bihar ministry nitish kumar chirag paswan ljp ramvilas deputy cm bjp