ലക്നോ: ഉത്തർപ്രദേശിൽ സഹോദരി കാമുകനൊപ്പം ഒളിച്ചോടിയതിനെ ചൊല്ലിയുള്ള പരിഹാസം അതിരുവിട്ടപ്പോൾ യുവാവ് അയൽവാസികളായ ദമ്പതിമാരെ വെടിവച്ചു കൊന്നു. മെയിൻപുരിയിലാണ് സംഭവം.
സംഭവത്തിൽ ആനന്ദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആനന്ദിന്റെ സഹോദരി ഇതര മതസ്ഥനായ യുവാവിനൊപ്പം ഇറങ്ങിപ്പോയിരുന്നു. ഇതേ ചൊല്ലി അയൽവാസിയായ മഹേഷ് ചന്ദ്രയും ഭാര്യയും ആനന്ദിനെ പതിവായി കളിയാക്കാറുണ്ടായിരുന്നു.
ഇതിൽ കലിപൂണ്ട ആനന്ദ്, മഹേഷ് ചന്ദ്രയുടെ ബന്ധുവിന്റെ മരുമകൻ അർജുനെ കൂട്ടുപിടിച്ച് മഹേഷ് ചന്ദ്രയെയും ഭാര്യയെയും കൊന്ന് വീട് കൊള്ളയടിക്കാൻ തീരുമാനിച്ചു. ഫെബ്രുവരി 18നാണ് മഹേഷ് ചന്ദ്രയുടെ മകന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹാവശ്യത്തിനായി വാങ്ങിയ സ്വർണം കൊള്ളയടിക്കാനാണ് ഇവർ പദ്ധതിയിട്ടത്.
ആനന്ദും അർജുനും മഹേഷ് ചന്ദ്രയെയും ഭാര്യ അനിതയെയും വെടിവച്ചു കൊന്നു. തുടർന്ന് വീട്ടിലുണ്ടായിരുന്ന ആഭരണങ്ങൾ മോഷ്ടിച്ച് ഇരുവരും കടന്നുകളഞ്ഞു. കൈയിലുണ്ടായിരുന്ന ഫ്ളാഷ് ലൈറ്റ് സംഭവസ്ഥലത്ത് ഉപേക്ഷിച്ചാണ് ഇരുവരും പോയത്. ഫ്ളാഷ് ലൈറ്റിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചേരാനായത്.
മെയിൻപുരി പോലീസ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. മോഷ്ടിച്ച ആഭരണങ്ങളും രണ്ട് പിസ്റ്റളുകളും ഇവരിൽ നിന്നും കണ്ടെടുത്തു.
Tags : UP Man murder Couple Sister Ran Away Taunts