ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ വിദർഭ-സൗരാഷ്ട്ര ഫൈനൽ. ഇന്ന് നടന്ന രണ്ടാം സെമിൽ പഞ്ചാബിനെ ഒൻപത് വിക്കറ്റിനു കീഴടക്കിയാണ് സൗരാഷ്ട്ര ഫൈനലിൽ കടന്നത്. ആദ്യ സെമിയിൽ കർണാടകയെ തോൽപ്പിച്ചാണ് വിദർഭ ഫൈനലിൽ എത്തിയത്. ഞായറാഴ്ചയാണ് കലാശപ്പോര്.
പഞ്ചാബ് ഉയർത്തിയ 292 റണ്‍സ് വിജയലക്ഷ്യം 39.3 ഓവറിൽ സൗരാഷ്ട്ര മറികടന്നു. വിശ്വരാജ് ജഡേജയുടെ തകർപ്പൻ പ്രകടനമാണ് സൗരാഷ്ട്രയെ വിജയത്തിലെത്തിച്ചത്. 127 പന്തിൽ 165 റണ്‍സാണ് ജഡേജ അടിച്ചു കൂട്ടിയത്. മൂന്ന് സിക്സും 18 ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്.
പ്രേരക് മങ്കാദ് 49 പന്തിൽ 52 റണ്‍സെടുത്തു. ഹാർവിക് ദേശായി 63 പന്തിൽ 64 റണ്‍സും നേടി. ഹാർവിക് ദേശായുടെ വിക്കറ്റാണ് സൗരാഷ്ട്രയ്ക്ക് നഷ്ടമായത്. ഗുർണൂർ ബ്രാറാണ് ഏക വിക്കറ്റ് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 50 ഓവറിൽ 291 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. സെഞ്ചുറി നേടിയ അൻമോൽപ്രീത് സിംഗിന്റെയും അർധ സെഞ്ചുറി നേടിയ പ്രഭ്സിമ്രാൻ സിംഗിന്റെയും മികവിലാണ് പഞ്ചാബ് മികച്ച് സ്കോർ പടുത്തുയർത്തിയത്. 100 റൺസാണ് അൻമോൽപ്രീത് എടുത്തത്. ഒമ്പത് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു അൻമോൽപ്രീതിന്റെ ഇന്നിംഗ്സ്.
പ്രഭ്സിമ്രാൻ സിംഗ് 87 റൺസാണ് സ്കോർ ചെയ്തത്. ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്സും പ്രഭ്സിമ്രാൻ അടിച്ചെടുത്തു. 42 റൺസ് നേടിയ രമൺദീപ് സിംഗും 33 റൺസെടുത്ത ഹർനൂർ സിംഗും തിളങ്ങി.
സൗരാഷ്ട്രയ്ക്ക് വേണ്ടി ചേതൻ സക്കറിയ മൂന്ന് വിക്കറ്റെടുത്തു. ചിരാഗ് ജെനിയും അംഗുർ പൻവാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Tags : Vidarbha Saurashtra Vijay Hazare cricket