ന്യൂയോർക്ക്: ഷിക്കാഗോ സീറോമലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ 9,10,11,12 തീയതികളിൽ ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന സീറോമലബാർ കൺവൻഷൻ രജിസ്ട്രേഷനു വിശ്വാസികളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
രൂപത അധ്യക്ഷൻമാർ ജോയ് ആലപ്പാട്ട്, വികാരി ജനറാൾമാരായ റവ. ഫാ. ജോൺ മേലേപ്പുറം, റവ. ഫാ. തോമസ് മുളവനാൽ, റവ. ഫാ. തോമസ് കടുകപ്പിള്ളിൽ , ചാൻസിലർ റവ. ഫാ. ജോൺസൺ കോവൂർ പുത്തൻപുരയിൽ, പ്രൊക്യൂറേറ്റർ റവ. ഫാ. റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കൽ എന്നിവരുടെ നേതൃത്വത്തിൽ കൺവൻഷൻ ഭാരവാഹികൾ നടത്തിയ ഇടവക സന്ദർശനങ്ങളും കിക്കോഫുകളും വിശ്വാസികളുടെ ഇടയിൽ ആവേശകരമായ പ്രതികരണമാണ് സൃഷ്ട്ടിച്ചത്.
ഓരോ സീറോമലബാർ വിശ്വാസിയും ഈ കൺവൻഷനിൽ പങ്കെടുക്കെണ്ടതിന്റെ ആവശ്യകത വ്യക്തമാക്കികൊടുക്കാൻ ഈ ഇടവക സന്ദർശനങ്ങൾ കൊണ്ട് സാധിച്ചു. കുട്ടികൾക്കും യുവജനങ്ങൾക്കും പ്രത്യകം സെമിനാറുകളും വർക്ക്ഷോപ്പുകളുമാണ് കൺവൻഷനിൽ ഒരുക്കിയിരിക്കുന്നത്.
കൺവൻഷന്റെ ഭാഗമായി നടത്തുന്ന, മെഗാ മാർഗംകളി, താളവിസ്മയം, വിവിധ ഡാൻസ് പ്രോഗ്രാമുകൾ എന്നിവയിൽ താത്പര്യമുള്ള ഇടവകാംഗങ്ങൾക്കു പങ്കെടുക്കാൻ അവസരം ഉണ്ട്.
പ്രശസ്ത സിനിമ താരം ജയറാം ആണ് നേതൃത്വം നൽകുന്നത്. കൂടാതെ പാരിഷ് ഫെസ്റ്റ് പ്രോഗ്രാമിൽ ഇടവക തലത്തിലുള്ള പരിപാടികളും അവതരിപ്പിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. കുട്ടികൾക്കും യുവജനങ്ങൾക്കും വിവിധങ്ങളായ സ്പോർട്സ്, ഡാൻസ് പരിപാടികളിലും പങ്കെടുക്കാം.
കൺവൻഷനോടനുബന്ധിച്ച് രൂപതയിലെ പയനിയേർസ്, ഇടവകകളിൽ സേവനം ചെയ്തിട്ടുള്ള കൈക്കാരൻമാർ, അൾത്താര ശുശ്രുഷികൾ, സൺഡേ സ്കൂൾ, മലയാളം സ്കൂൾ, കൾച്ചറൽ അക്കാദമി അദ്ധ്യാപകർ, എസ്എംസിസി, വിൻസെന്റ് ഡി പോൾ സൊസൈറ്റി, വിമൻസ് ഫോറം, ചെറുപുഷ്പ മിഷൻ ലീഗ് എന്നിവയുടെ നേതാക്കൾ, ക്വയർ അംഗങ്ങൾതുടങ്ങി രൂപതയുടെ ആരംഭ കാലം മുതൽ ഇടവകളിൽ വിവിധ തലങ്ങളിൽ നേതൃത്വം നൽകിയിട്ടുള്ള എല്ലാവരേയും ആദരിക്കുന്നതാണ്.

കൂടാതെ വിവാഹ ജീവിതത്തിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതികളേയും ആദരിക്കും. എല്ലാ ദിവസവും വൈകുന്നേരമുള്ള കല സന്ധ്യകളിൽ, പ്രശസ്ത മ്യൂസിഷ്യൻ സ്റ്റീഫൻ ദേവസ്സി, സിനിമ താരം ജയറാം എന്നിവരുടെ നേതൃത്വത്തിൽ പ്രശസ്ത കലാകാരമ്മാർ പങ്കെടുക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
പരസ്പരം പരിചയപ്പെടുന്നതിനും പരിചയങ്ങൾ പുതുക്കുന്നതിനും സുഹൃത് ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുമെല്ലാം ഉപരി, അമേരിക്കയിൽ വളരുന്ന നമ്മുടെ മക്കളേയും മഹത്തായ സീറോമലബാർ വിശ്വാസത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമായി നിലനിർത്തുന്നതിനും ഷിക്കാഗോ കൺവൻഷൻ സഹായകരമാകും.
ജൂബിലി കമ്മിറ്റി കൺവീനർ റവ. ഫാ. ജോൺ മേലേപ്പുറം,ചെയർമാൻ ജോസഫ് ചാമക്കാല, കൺവൻഷൻ കമ്മിറ്റി കൺവീനർ റവ. ഫാ. തോമസ്കടുകപ്പിള്ളിൽ, ചെയർമാൻ ബിജി സി. മാണി, ജോയിന്റ് കൺവീനർമ്മരായ റവ. ഫാ. ജോയൽ പയസ്, റവ. ഫാ. യൂജിൻ ജോസഫ്, സെക്രട്ടറി ബീന വള്ളിക്കളം, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ആൻഡ്രു തോമസ്, ഫസിലിറ്റി ചെയർമാൻ ജോണി വടക്കുംചേരി, മാർക്കറ്റിംഗ് ചെയർമാൻ സജി വർഗീസ്, കൺവൻഷൻ യൂത്ത് കൺവീനർ റവ. ഫാ. മെൽവിൻ പോൾ, യൂത്ത് ലീഡ് മാത്യു തോമസ് എന്നിവരുടെനേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ന്ധസിൽവർ ജൂബിലി കൺവൻഷന്റെ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ചുവരുന്നു.
ഏർലി ബേർഡ് രജിസ്ട്രേഷൻ ഈ മാസം 31നു അവസാനിക്കും. അതിനു മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് ഹോട്ടൽ ബുക്കിംഗ് നിരക്കിൽ ഇളവ് ലഭിക്കുന്നതാണ്. ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്ന് ജൂബിലി കമ്മിറ്റി ഭാരവാഹികൾ അഭ്യർഥിച്ചു.