സ്റ്റോക് ഓണ്‍ ട്രെൻഡ്: സ്റ്റാഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന് (എസ്എംഎ) സംഘടിപ്പിച്ച ക്രിസ്മസ് - പുതുവത്സര ആഘോഷം സ്റ്റോക് ഓൺ ട്രൻഡിലെ ഫെന്റൺ കമ്യൂണിറ്റി ഹാളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ബെന്നി പാലാട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ സെക്രട്ടറി സജി ജോർജ് മുളയ്ക്കൽ സ്വാഗതപ്രസംഗം നടത്തി. സ്റ്റോക് ഓണ്‍ ട്രെൻഡിൽ നിന്ന് വിടപറഞ്ഞ എല്ലാവർക്കും അനുശോചനം അർപ്പിച്ചുകൊണ്ട് ഈശ്വരപ്രാർഥനയോടെ ക്രിസ്മസ് പുതുവത്സര ചടങ്ങുകൾക്ക് ഔപചാരിക തുടക്കം കുറിച്ചു.

ബാൻഡ് മേളങ്ങളുടെ സന്തോഷധ്വനികളോടൊപ്പം ചുവടുവച്ച് ആടിപ്പാടി ക്രിസ്മസ് പാപ്പ ഹാളിലേക്ക് എത്തി. എസ്എംഎയുടെ ക്രിസ്മസ് ആഘോഷത്തിലേക്ക് കടന്നുവന്ന എല്ലാ കുടുംബാംഗങ്ങളെയും സ്നേഹപൂർവം സ്വീകരിച്ച് കേക്കും വൈനും പങ്കുവച്ചുകൊണ്ടാണ് ആഘോഷ പരിപാടികൾക്ക് ഔപചാരിക തുടക്കം കുറിച്ചത്.
കാരൾ ഗാനങ്ങളുടെ മധുരസ്വരങ്ങളിൽ ഉണർന്ന ആഘോഷവേദി, എസ്എംഎയുടെ സ്വന്തം കലാപ്രതിഭകൾ അണിയിച്ചൊരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികളിലൂടെ നിറഞ്ഞുനിന്നു. ഹൃദയവികാരങ്ങളെ തൊട്ടുണർത്തിയ മാർഗംകളി, ക്രിസ്മസിന്റെ ആത്മീയതയും നാടൻകലയുടെ സൗന്ദര്യവും ഒരുമിച്ചു ചേർത്ത്, ഏറെ നയനമനോഹരമായ അനുഭവമായി മാറി.

ബിനു അടിമാലി വേദിയിലെത്തിയത് ഉല്ലാസത്തിന് പുതിയ ഉയരങ്ങൾ നൽകി. ക്രിസ്തുമസ് ഡിന്നറും സംഗീതവും ഗാനവും സ്നേഹസംവാദങ്ങളും ഒരുമിച്ച് ഒഴുകിയ രാത്രി എസ്എംഎ കുടുംബത്തിന്റെ ഒരുമയും ഐക്യവും വീണ്ടും ഉറപ്പിക്കുന്നതായിരുന്നു.
ക്രിസ്മസ് ആഘോഷ പരിപാടിക്ക് "നിലാ മഞ്ഞ് 2K26' എന്ന പേര് നിർദേശിച്ച സിൽസി ജോണിക്ക് വേദിയിൽ പ്രത്യേക സമ്മാനം നൽകി. പ്രോഗ്രാം കോഓർഡിനേറ്റർമാരായ സിറിൽ മാഞ്ഞൂരാൻ, ജോസ്നി ജിനോ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേർന്ന് പരിപാടികൾക്ക് നേതൃത്വവും ക്രമീകരണവും നൽകി.

ഷിന്റോ വർഗീസും ക്ലിന്റയും സ്റ്റേജിലെ എല്ലാ ഇവന്റുകളും കോഓർഡിനേറ്റ് ചെയ്തു. ക്രിസ്മസ് ആഘോഷം വിജയകരവും മികവുറ്റതുമായ അനുഭവമാക്കാൻ അക്ഷീണം പ്രവർത്തിച്ച എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും ട്രഷറർ ആന്റണി സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി.
Tags : Staffordshire Malayali Association Christmas New Year Celebration USA