ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ 50-ാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ് - പുതുവത്സര പരിപാടികൾക്കും ശനിയാഴ്ച തുടക്കമാകും. ഗാർലൻഡിലെ എംജിഎം ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറ് മുതൽ 8.30 വരെ പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
ചടങ്ങിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷിജു അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ചുമതലയേൽക്കും. ഇന്ത്യൻ കായികരംഗത്തെ ഇതിഹാസ ദമ്പതികളായ പത്മശ്രീ ഷൈനി വിത്സണും വിത്സൺ ചെറിയാനുമാണ് പരിപാടികളിലെ മുഖ്യാതിഥികൾ.
ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ ഷൈനി വിത്സൺ, മുൻ അന്താരാഷ്ട്ര നീന്തൽ താരവും അർജുന അവാർഡ് ജേതാവുമായ വിത്സൺ ചെറിയാനും പങ്കെടുക്കുന്നത് സുവർണ ജൂബിലി വർഷത്തിന് ഏറെ മാറ്റുകൂട്ടുമെന്നു പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ പറഞ്ഞു.
സാംസ്കാരിക സമ്മേളനത്തിന് പുറമെ ആർട്ട് ഡയറക്ടർ സുബി ഫിലിപ്പ്, ട്രഷറർ ദീപക് നായർ എന്നിവരുടെ നേതൃത്വത്തിൽ ഡാളസിലെ കലാപ്രതിഭകൾ അണിനിരക്കുന്ന കലാപ്രകടനങ്ങൾ, നൃത്തപരിപാടികൾ, കരോൾ ഗീതങ്ങൾ, ഗാനാലാപനം, ഫാഷൻ ഷോ തുടങ്ങി വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കും.
1976-ൽ പ്രവർത്തനമാരംഭിച്ച കേരള അസോസിയേഷൻ ഓഫ് ഡാളസ്, അരനൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന ഈ സുവർണ ജൂബിലി വർഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണെന്ന് സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു.
കൂടുതൽ വിവരങ്ങൾ കേരളം അസോസിയേഷൻ ഓഫീസുമായോ ഭാരവാഹികളുമായോ ബന്ധപ്പെടേണ്ടതാണ്.