വാഷിംഗ്ടണ്‍ ഡിസി: പുതുവത്സര രാത്രിയിൽ കാണാതായ ഇന്ത്യൻ യുവതിയെ യുഎസിൽ മുൻ കാമുകന്റെ അപ്പാർട്ട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തി. യുഎസിലെ മെരിലാൻഡിലെ അപ്പാർട്ട്മെന്റിലാണ് ഡാറ്റ സ്ട്രാറ്റജി അനലിസ്റ്റായ നികിത ഗോഡിശാലയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.
നികിതയുടെ മുൻ കാമുകനായ അർജുൻ ശർമയുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഹോവാർഡ് കൗണ്ടി പോലീസ് പറഞ്ഞു. ഇയാൾക്കെതിരേ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
നികിതയെ കാണാനില്ലെന്ന് ജനുവരി രണ്ടിന് അർജുൻ ശർമ പോലീസിൽ പരാതി നൽകിയിരുന്നു. ഡിസംബർ 31ന് തന്റെ അപ്പാർട്ട്മെന്റിൽ വച്ചാണ് നികിതയെ അവസാനമായി കണ്ടതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ജനുവരി മൂന്നിന് അപ്പാർട്ട്മെന്റിൽ എത്തിയ പോലീസാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
നികിതയെ കാണാതായതായി റിപ്പോർട്ട് ചെയ്ത അതേ ദിവസം തന്നെ അർജുൻ ശർമ ഇന്ത്യയിലേക്ക് പോയതായും ഇയാളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ഡിസംബർ 31ന് രാത്രി ഏഴിന് ശേഷമാണ് നിഖിത മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. നികിതയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ എല്ലാ കോൺസുലാർ സഹായവും നൽകുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
Tags : Indian woman found dead Nikitha Godishala Arjun Sharma USA