ഡബ്ലിൻ: അയർലൻഡിനെ പ്രതിനിധീകരിച്ച് പനാമയിൽ നടന്ന അന്താരാഷ്ട്ര റോബോട്ടിക്സ് മത്സരത്തിൽ പങ്കെടുത്ത് മികച്ച വിജയം നേടിയ ടീം അംഗങ്ങൾക്ക് ഡബ്ലിൻ വിമാനത്താവളത്തിൽ സ്വീകരണം നൽകി. മലയാളികൾ അടങ്ങുന്ന ആറംഗ ടീമാണ് മത്സരത്തിൽ പങ്കെടുത്തത്.
200 ഓളം രാജ്യങ്ങൾ പങ്കെടുത്ത ഈ വർഷത്തെ ഗെയിമായ ഇക്കോ ഇക്വിലിബ്രിയം മത്സരത്തിൽ ഐറീഷ് ടീം മികച്ച പ്രകടനവുമായി എട്ടാം സ്ഥാനത്ത് എത്തി. അമേരിക്കയിലെ പനാമയിൽ നടന്ന മത്സരത്തിൽ മലയാളികളായ ജോയൽ ഇമ്മാനുവൽ, അമൽ രാജേഷ് എന്നിവർ അടങ്ങുന്ന ടീമാണ് മികച്ച വിജയം കൊയ്തത്.
എലിയേറ്റ് മോറീസ്, ഡിജെ മോളൻ, സഹസ് ഷാവന്ത്, ഒലീവിയ ക്ലിയറി എന്നിവരായിരുന്നു മറ്റ് ടീം അംഗങ്ങൾ. ഒളിമ്പിക്സ് രീതിയിലുള്ള അന്താരാഷ്ട്ര റോബോട്ടിക്സ് മത്സരമാണിത്. ഫസ്റ്റ് ഗ്ലോബൽ ചലഞ്ച് മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ ഒരു റോബോട്ട് നിർമിക്കുകയും പ്രോഗ്രാം ചെയ്യുകയും ആണ് വേണ്ടത്.

ഡബ്ലിൻ, മീത്ത്, കില്ഡെയർ, ടിപ്പറി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ആണ് ഐറീഷ് ടീമിനെ പ്രതിനിധീകരിച്ചത്. മെന്റർമാരായ ലോറൻ ടെക്സ്റ്റർ, ഓയിൻ ഗ്രേസ്, പവൽ സിലിൻസ്കി എന്നിവരും ടീം അംഗങ്ങൾക്കൊപ്പം പനാമയിൽ എത്തിയിരുന്നു.
ഡബ്ലിൻ ലൂക്കനിൽ താമസിക്കുന്ന സ്പൈസ് വില്ലേജ് റസ്റ്റോറന്റ് & കാറ്ററിംഗ് ഗ്രൂപ്പ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ഇമ്മാനുവൽ തെങ്ങുംപള്ളിയുടെയും നഴ്സ് മാനേജർ റീത്താ ഇമ്മാനുവലിന്റെയും മകനാണ് ലിവിംഗ് സെർട്ട് വിദ്യാർഥിയായ ജോയൽ ഇമ്മാനുവൽ.
ലൂക്കൻ ലിഫി വാലിയിൽ താമസിക്കുന്ന കമ്പ്യൂട്ടർ എൻജിനിയർ രാജേഷിന്റെയും നഴ്സ് മാനേജർ ബെറ്റ്സിയുടെയും മകനാണ് ലിവിംഗ് സെർട്ട് വിദ്യാർഥിയായ അമൽ രാജേഷ്.
Tags : International Robotics Competition Ireland Competition