സ്റ്റാഫോർഡ്: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) 2026ലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശകരമായ തുടക്കം കുറിച്ച് പ്രസിഡന്റ് സ്ഥാനാർഥി റോയ് മാത്യു നയിക്കുന്ന ടീം യുണൈറ്റഡിന്റെ കിക്ക്-ഓഫ് ചടങ്ങ് സ്റ്റാഫോർഡിലെ കേരള ഹൗസിൽ നടന്നു.
ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ അഭൂതപൂർവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ പരിപാടി, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ആവേശം വാനോളമുയർത്തി. ചടങ്ങിന് മാറ്റുകൂട്ടാനായി സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ എത്തിച്ചേർന്നു. മേയർമാർ മുതൽ മുൻ പ്രസിഡന്റുമാർ വരെ ടീം യുണൈറ്റഡിന് പിന്തുണയുമായി എത്തി.

മിസോറി സിറ്റി മേയർ റോബിൻ ജെ. ഇലക്കാട്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, മാഗിന്റെ മുൻ പ്രസിഡന്റുമാർ, മുൻ ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, വിവിധ സാമൂഹിക, സാംസ്കാരിക, മത സംഘടനകളുടെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മേയർ റോബിൻ ജെ. ഇലക്കാട് തന്റെ സാന്നിധ്യം ഒരു ഔദ്യോഗിക എൻഡോസ്മെന്റ് പ്രഖ്യാപനമല്ലെന്ന് വ്യക്തമാക്കിയപ്പോഴും പുതിയ കെട്ടിടം പോലുള്ള പദ്ധതികൾ യാഥാർഥ്യമാക്കാൻ റോയ് മാത്യുവിന്റെ നേതൃത്വത്തിന് കഴിയുമെന്ന വ്യക്തിപരമായ വിശ്വാസം പങ്കുവെച്ചത് ടീം യുണൈറ്റഡിന് വലിയ പ്രോത്സാഹനമായി.

പ്രസിഡന്റ് സ്ഥാനാർഥി റോയ് മാത്യു, തന്റെ പ്രസംഗത്തിൽ മാഗിനെ നയിക്കാൻ താൻ മുന്നോട്ട് വയ്ക്കുന്ന വ്യക്തമായ രൂപരേഖ അവതരിപ്പിച്ചു. ഐക്യം, സുതാര്യത, സമൂഹപങ്കാളിത്തം, യുവതലമുറയ്ക്കായി മാഗിനെ ശക്തമായി പുനർനിർമിക്കൽ എന്നീ അടിസ്ഥാന തത്വങ്ങളിൽ ഊന്നിയായിരിക്കും തന്റെ പ്രവർത്തനങ്ങളെന്ന് അദ്ദേഹം ഉറപ്പുനൽകി.
പ്രസിഡന്റ് സ്ഥാനാർഥി റോയ് മാത്യു, ട്രസ്റ്റി ബോർഡ് സ്ഥാനാർഥി ക്ലാരമ്മ മാത്യൂസ് എന്നിവർക്കൊപ്പം അംബിലി ആന്റണി, അനില സന്ദീപ്, മൈക്കിൾ ജോയ് (യൂത്ത് കോർഡിനേറ്റർ), വിനോദ് ചെറിയാൻ, സാജൻ ജോൺ, സുനിൽ തങ്കപ്പൻ, ജിൻസ് മാത്യു, ബനീജ ചേരു, ഷിനു അബ്രഹാം (ഷിനു സാരംഗ്), ബിജു ശിവൻ, ജീവൻ സൈമൺ, ഡെന്നിസ് മാത്യു, ഡോ. സുബിൻ ബാലകൃഷ്ണൻ, സന്തോഷ് അറ്റുപുറം (മാത്യു തോമസ്) എന്നിവരടങ്ങുന്ന 14 അംഗങ്ങളാണ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് പാനലിൽ അണിനിരക്കുന്നത്.
ഡിസംബർ 13നാണ് മാഗ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Tags : Magh Election Team United Roy Mathew USA