കൊളംബിയ: അമേരിക്കയിലെ ദക്ഷിണ കരോലിനയിൽ അഞ്ചാംപനി രോഗബാധ പടരുന്നു. കഴിഞ്ഞ ഒക്ടോബറിനുശേഷം സംസ്ഥാനത്ത് 646 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 88 കേസുകൾ കഴിഞ്ഞ നാലു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രോഗം പടരുന്ന പശ്ചാത്തലത്തിൽ 15 സ്കൂളുകളിലെ വിദ്യാർഥികളടക്കം അഞ്ഞൂറിലധികം പേർ നിരീക്ഷണത്തിലാണ്. ക്ലെംസൺ, ആൻഡേഴ്സൺ സർവകലാശാലകളിലേക്കും രോഗം വ്യാപിച്ചിട്ടുണ്ട്.
വാക്സിനേഷൻ എടുക്കുന്നവരുടെ എണ്ണത്തിലുണ്ടായ കുറവാണ് രോഗം ഇത്രത്തോളം പടരാൻ കാരണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രോഗബാധിതരിൽ ഭൂരിഭാഗവും വാക്സീൻ എടുക്കാത്ത കുട്ടികളാണ്.
നിലവിൽ യൂട്ടാ, അരിസോന എന്നിവിടങ്ങളിലും രോഗബാധയുണ്ട്. മീസിൽസ് രോഗത്തെ രാജ്യം പൂർണമായും തുടച്ചുനീക്കി എന്ന പദവി അമേരിക്കയ്ക്ക് ഇതോടെ നഷ്ടമായേക്കും. 2000ലാണ് യുഎസ് ഈ നേട്ടം കൈവരിച്ചത്.
വാക്സിൻ വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയനായ കേന്ദ്ര ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറിന്റെ പ്രസ്താവനകൾ വാക്സിനേഷൻ തോത് കുറയാൻ കാരണമായെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Tags : Measles South Carolina USA