ദമാം: കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന ജനക്ഷേമപദ്ധതികളെ പ്രതിപക്ഷം ഭയക്കുന്നതിന്റെ തെളിവാണ് അതിദാരിദ്ര്യനിർമാർജന പ്രഖ്യാപനത്തിനെതിരേയുള്ള അവരുടെ പ്രസ്താവനകളെന്ന് മുഹമ്മദ് മൊഹിസിൻ എംഎൽഎ.
ദമാമിൽ സന്ദർശനത്തിനെത്തിയപ്പോൾ നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കേരള സർക്കാറിന്റെ വിവിധ വകുപ്പുകളും ആശാവർക്കർമാർ അടക്കമുള്ള വിവിധ സന്നദ്ധപ്രവർത്തകരും ഒത്തുചേർന്നു നടത്തി പൂർത്തിയാക്കിയ ഒരു വലിയൊരു പ്രൊജക്റ്റാണ് അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി.

പ്രതിപക്ഷം ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആ പദ്ധതിയിൽ അവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്. എന്നിട്ടും പ്രതിപക്ഷം ഇപ്പോൾ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് ആ പദ്ധതിയെ തള്ളിപ്പറയുന്നത് അടുത്ത തെരഞ്ഞെടുപ്പിൽ അധികാരം കിട്ടില്ല എന്ന ഭയം കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫ് സർക്കാർ എഴുതിത്തള്ളിയ ഗെയിൽ ഗ്യാസ് ലൈൻ പദ്ധതി, ദേശീയപാത വികസനം തുടങ്ങിയ ഒട്ടേറെ പദ്ധതികൾ പൂർത്തിയാക്കിയതും അവർ കുടിശികയാക്കി ഇട്ടിരുന്ന ക്ഷേമപെൻഷനുകൾ മുഴുവൻ വർധിപ്പിച്ചതും കൊടുത്തു തീർത്തതും ഇടതുപക്ഷ സർക്കാരാണെന്നും മുഹമ്മദ് മൊഹിസിൻ പറഞ്ഞു.
ദമാം റോസ് ആഡിറ്റോറിയത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. നവയുഗം ജനറൽ സെക്രെട്ടറി എം.എ. വാഹിദ് കാര്യറ, ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം എന്നിവർ സംസാരിച്ചു. യോഗത്തിന് സജീഷ് പട്ടാഴി സ്വാഗതവും സാജൻ കണിയാപുരം നന്ദിയും പറഞ്ഞു.

നവയുഗം ഈ മാസം 21ന് ദമാമിൽ നടത്തുന്ന മെഗാഷോ ആയ "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ' പ്രോഗ്രാമിന്റെ പോസ്റ്റർ മുഹമ്മദ് മൊഹിസിൻ, പ്രോഗ്രാം ചെയർമാൻ ബിജു വർക്കിക്ക് നൽകി പ്രകാശനം ചെയ്തു.
നവയുഗം കേന്ദ്രനേതാക്കളായ അരുൺ ചാത്തന്നൂർ, ഗോപകുമാർ, പ്രിജി കൊല്ലം, ശ്രീകുമാർ വെള്ളല്ലൂർ, മണിക്കുട്ടൻ, ജാബിർ, റിയാസ്, ജോസ് കടമ്പനാട്, സാബു, മുഹമ്മദ് ഷിബു, രഞ്ജിത, പ്രവീൺ, ഷീബ സാജൻ, വിനീഷ്, റഷീദ് പുനലൂർ, ഹുസൈൻ നിലമേൽ, ഉണ്ണി പൂച്ചെടിയൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.