വാഷിംഗ്ടൺ ഡിസി: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ഡിസി റീജണൽ വൈസ് പ്രസിഡന്റായി നാരായണൻകുട്ടി മേനോനെ നിയമിച്ചു.
വാഷിംഗ്ടൺ ഡിസി, മേരിലാൻഡ്, വെർജീനിയ, വെസ്റ്റ് വെർജീനിയ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഡിസി മേഖലയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സാമൂഹിക - സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല.
പ്രവാസി മലയാളി സമൂഹത്തിൽ ദീർഘകാല സംഘടനാനുഭവമുള്ള നേതാവാണ് നാരായണൻകുട്ടി മേനോൻ. കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടണിന്റെ മുൻ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
ഇതിന് മുൻപ് ഡിസി മേഖലയിൽ കെഎച്ച്എൻഎയുടെ ആർവിപിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നായർ സൊസൈറ്റി ഓഫ് ഗ്രേറ്റർ വാഷിംഗ്ടണിലെ സജീവ പ്രവർത്തകനാണ്.
സമൂഹ സേവനത്തിലൂടെ ഐക്യവും മൂല്യബോധവും ശക്തിപ്പെടുത്താനാണ് ശ്രമമെന്നും കെഎച്ച്എൻഎയുടെ ദൗത്യവുമായി വീണ്ടും ചേർന്ന് പ്രവർത്തിക്കാൻ ലഭിച്ച അവസരം അഭിമാനത്തോടെ ഏറ്റെടുക്കുന്നു എന്നും നാരായണൻകുട്ടി പറഞ്ഞു.
കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങളിൽ അനുഭവസമ്പത്തുള്ള നേതാവാണ് നാരായണൻകുട്ടിയെന്നും ഡിസി മേഖലയിലെ കുടുംബങ്ങളെ ആത്മവിശ്വാസത്തോടെയും ഐക്യത്തോടെയും മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വം നിർണായകമാകുമെന്നും പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റി ബോർഡ് അംഗങ്ങളും നാരായണൻകുട്ടി മേനോന് ആശംസകൾ നേർന്നു.
Tags : Narayanankutty Menon KHNA DC RVP