അറ്റ്ലാന്റാ: ജോർജിയയിലെ ഗ്വിനറ്റ് കൗണ്ടിയിൽ ഡ്യൂട്ടിക്കിടെയുണ്ടായ വെടിവയ്പിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. നേപ്പാൾ വംശജനായ പ്രദീപ് തമാംഗ് (25) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥൻ ഡേവിഡ് റീഡിന് വെടിയേറ്റെങ്കിലും അദ്ദേഹം അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാവിലെ ഏകദേശം 7.30ഓടെ ഗ്വിനറ്റ് കൗണ്ടിയിലെ സ്റ്റോൺ മൗണ്ടൻ ഭാഗത്തുള്ള ഹോളിഡേ ഇൻ എക്സ്പ്രസ് ഹോട്ടലിലാണ് സംഭവം നടന്നത്.
ക്രെഡിറ്റ് കാർഡ് തട്ടിപ്പ് പരാതി അന്വേഷിക്കാനായാണ് ഉദ്യോഗസ്ഥർ ഹോട്ടലിലെത്തിയത്. 35 വയസുകാരനായ കെവിൻ ആൻഡ്രൂസ് എന്നയാളാണ് വെടിവച്ചത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഹോട്ടൽ മുറിയിലെത്തിയ പോലീസുകാരെ പ്രതി അകത്തേക്ക് ക്ഷണിക്കുകയും സംസാരിക്കുന്നതിനിടെ പെട്ടെന്ന് കൈത്തോക്കെടുത്ത് വെടിയുതിർക്കുകയുമായിരുന്നുവെന്ന് പോലീസ് ചീഫ് അറിയിച്ചു.
Tags : Pradeep Tamang Police officer USA