റോം: ഇറ്റലിയിൽ പുതിയ മലയാളി സംഘടന രൂപീകരിച്ച് ഉദ്ഘാടനം ചെയ്തു. റോമാ Via Populonia - 44 -ൽ നടന്ന ITMA ക്രിസ്മസ് ആഘോഷത്തിലാണ് സംഘടന നിലവിൽ വന്നത്. ഇറ്റലിയിലെ മലയാളി സമൂഹത്തിന് ആവേശവും ആത്മവിശ്വാസവും പുതുക്കിക്കൊടുക്കുന്നതിനായി രൂപംകൊണ്ട പുതിയ മലയാളി സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രഫ. ജോസ് ഫിലിപ്പ് നിർവഹിച്ചു.
ഇറ്റലിയിലെ മലയാളികളുടെ സമൂഹബന്ധം ശക്തിപ്പെടുത്തുകയും സംയുക്ത മുന്നേറ്റം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. തോമസ് കുര്യൻ പ്രഖ്യാപിച്ചു.
മനുഷ്യന്റെ യഥാർത്ഥ വളർച്ച സംഘടിത ശക്തിയും സമൂഹ കെട്ടുറപ്പുമാണ് നിർണ്ണയിക്കുന്നത്. പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും ചേർന്നാണ് ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് മലയാളികൾ പുറപ്പെട്ടതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ച പ്രഫ. ജോസ് ഫിലിപ്പ് പറഞ്ഞു.
എന്നാൽ ഭാഷാപ്രശ്നങ്ങൾ, പഠിച്ച ജോലി ചെയ്യാൻ കഴിയാതെ വരുക തൊഴിൽസ്ഥിരത, രേഖാപ്രശ്നങ്ങൾ, കുടുംബസമ്മർദ്ദങ്ങൾ തുടങ്ങിയ വിദേശജീവിതത്തിലെ യാഥാർത്ഥ്യങ്ങൾ പലപ്പോഴും അവരെ പരീക്ഷിക്കാറുണ്ട്. അതേസമയം, ഈ വെല്ലുവിളികൾക്കിടയിലും മലയാളികൾ സ്ഥിരതയും പരിശ്രമവുംകൊണ്ട് മുന്നേറി ശക്തി തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറ്റലിയിലെ തൊഴിലവസരങ്ങളിലേക്ക് പ്രവേശിച്ച മലയാളികൾ, ഹോട്ടൽ മേഖല, ഫാക്ടറി, കെയർസർവീസ്, കാർഷികം, ക്ലീനിംഗ് തുടങ്ങിയ വ്യവസായ മേഖലകളിൽ ആദ്യം പ്രവർത്തനം ആരംഭിച്ചെങ്കിലും, പിന്നീട് മാന്യത, സത്യസന്ധത, യോഗ്യത, കഠിനപ്രയത്നം എന്നിവയുടെ ബലംകൊണ്ട് സമൂഹത്തിന്റെ മുൻനിരയിൽ എത്തിനിൽക്കുന്നവരായി അവർ മാറിയതായി അദ്ദേഹം പറഞ്ഞു.
വിദേശജീവിതത്തിൽ സ്ഥിരതയും വികസനവും കൂടുതൽ ഉറപ്പാക്കുന്നതിനായി പ്രഫ. ജോസ് ഫിലിപ്പ് നിർദേശിച്ച പ്രധാന ഘടകങ്ങൾ ചുവടെപ്പറയുന്നവയാണ്: ഇറ്റാലിയൻ ഭാഷ നന്നായി പഠിക്കുക, താമസിക്കുന്ന രാജ്യത്തിലെ നിയമങ്ങളും ഭരണനടപടികളും വ്യക്തമായി മനസിലാക്കുക, ഏതു ജോലിയെയും മാന്യമായ തൊഴിൽ എന്ന ബോധ്യത്തോടെ ചെയ്യുക, ശാരീരികാരോഗ്യവും മാനസികശക്തിയും നിലനിർത്തുക. ഈ മൂല്യങ്ങൾ പ്രായോഗികമാക്കുമ്പോഴാണ് കുടിയേറ്റജീവിതത്തിൽ സ്ഥിരതയും സുരക്ഷിതമായ മുന്നേറ്റവും ഉറപ്പുവരുത്താൻ കഴിയുന്നത്.

സാമൂഹിക ഐക്യവും പരസ്പരസഹകരണവും ശക്തിപ്പെടുത്തുന്ന ITMA സംഘടന, ഭാവിയിൽ മലയാളി സമൂഹത്തിന്റെ വളർച്ചയ്ക്ക് നിർണായക വേദിയാകുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ITMA പ്രസിഡന്റ് അഡ്വ . തോമസ് കുരിയൻ, സെക്രട്ടറി ബിന്നി ജോസ് ഒല്ലൂക്കാരൻ , ജോസ് മാത്യു വൈസ് പ്രസിഡന്റ് , ജോബിൻ കൂട്ടിങ്ങൽ എന്നിവർ സമ്മളനത്തെ നയിച്ചു. IMA യുടെ ലക്ഷ്യങ്ങളെയും പദ്ധതിയെക്കുറിച്ചും വിവിധ ഭാരവാഹികൾ വിവരിച്ചു , വിദ്യാഭ്യാസം മെൽവിൻ മൈക്കൾ ,ഇന്ത്യൻ ലേബർ യൂണിയൻ ടോജോൺ , സുനിൽ കുമാർ, ഫ്രാൻസിസ് മാർക്കൂസ് ,ജോൺസൻ, റോബിൻ, എബിൻ തുടങ്ങിയവർ വിവിധ മേഖലകളെകുറിച്ച സംസാരിച്ചു.
പുതിയ സംഘടനയുടെ ഭാരവാഹികൾക്ക് അഡ്വ. തോമസ് കുരിയൻ അടങ്ങുന്ന കൂട്ടായ്മക്ക് അദ്ദേഹം ആശംസയും അനുഗ്രഹവും നേരുകയും, മലയാളി ഐക്യം, സംസ്കാര സംരക്ഷണം, യുവതലമുറയുടെ ശക്തീകരണം എന്നീ മേഖലകളിൽ സജീവ ഇടപെടലുകൾ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. കേരള റസ്റ്ററന്റാണ് ഉച്ച ഭക്ഷണം ഒരുക്കിയത്.
Tags : nri Italy New Malayali organization