കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ സപ്തതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സപ്തതി ലോഗോയുടെ പ്രകാശനകർമം മഹാ ഇടവക വികാരി റവ. ഫാ.ഡോ. ബിജു ജോർജ് പാറയ്ക്കൽ നിർവഹിച്ചു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ വിശ്വാസികളായ 40 ഓളം പേർ, മലങ്കരസഭയുടെ അന്നത്തെ മേലധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതിയൻ ബാവ തിരുമേനിയുടെ അനുഗ്രഹാശിസുകളോടെ, 1957 മുതൽ എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ ഓർത്തഡോക്സ് രീതിയിലുള്ള സന്ധ്യാപ്രാർഥനകൾ ആരംഭിക്കുകയുണ്ടായി.
ഭാരതീയ സ്വതന്ത്രസഭയെന്ന നിലയിൽ കുവൈറ്റിൽ ആദ്യമായി സ്വന്തമായ ആരാധനകൾക്ക് തുടക്കം കുറിക്കുവാൻ സാധിച്ചുവെന്ന നിലയിൽ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അഭിമാനിക്കുവാൻ സാധിക്കും.
1957 ജനുവരി 15നു തുടക്കം കുറിച്ച ഓർത്തഡോക്സ് സിറിയൻ ഇടവകയിൽ, അതേവർഷം മാർച്ച് മാസത്തിൽ കുവൈറ്റിൽ സ്വകാര്യസന്ദർശനത്തിനെത്തിയ റവ. ഫാ. ഇ.പി. ജേക്കബ്, നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ ആദ്യമായി വിശുദ്ധ കുർബാനയർപ്പിക്കുകയുണ്ടായി.

1962-ൽ അന്നത്തെ ബഹ്റിൻ ഇടവക വികാരിയായിരുന്ന റവ.ഫാ. ജോർജ് കുര്യൻ, കുവൈറ്റ് സന്ദർശിച്ച് വിശുദ്ധ കുർബാന അർപ്പിച്ചു തുടങ്ങിയതോടെ, സന്ധ്യാനമസ്ക്കാരങ്ങളിലും മറ്റും ഒതുങ്ങി നിന്ന ഇടവകയുടെ പ്രവർത്തനങ്ങൾ വിപുലമായ രീതിയിൽ ആരംഭിക്കുകയുണ്ടായി.
ഏതാണ്ട് ആറ് മാസങ്ങൾക്കു ശേഷം റവ. ഫാ. സി.വി. ജോണിനെ ഇടവകയുടെ പ്രഥമവികാരിയായി ഔദ്യോഗികമായി നിയമിച്ചതോടെ 120 അംഗങ്ങളുമായി ഇടവകയുടെ പ്രവർത്തനം പൂർണതോതിൽ ആരംഭിക്കുകയും പിന്നീട് 1994-95 കാലയളവിൽ ഭദ്രാസനമെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ കൂടിയ ഇടവകപൊതുയോഗ തീരുമാനപ്രകാരം പരിശുദ്ധ പരുമല തിരുമേനിയുടെ നാമധേയത്തിൽ പുനർ:നാമകരണം ചെയ്യപ്പെടുകയും ചെയ്തു.
2007 നവംബർ രണ്ടിന് പരിശുദ്ധ കാതോലിക്കാ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവ തിരുമേനി "മഹാ ഇടവക'യായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇടവക സഹവികാരി റവ. ഫാ. മാത്യു തോമസ്, ട്രസ്റ്റി ദീപക്ക് അലക്സ് പണിക്കർ, സെക്രട്ടറി ജേക്കബ് റോയി, സപ്തതി ആഘോഷങ്ങളുടെ ജനറൽ കൺ വീനർ മാത്യൂസ് വർഗീസ്, ജോയിന്റ്് ജനറൽ കൺവീനർ ജോൺ പി. ജോസഫ്, ഫിനാൻസ് കൺവീനർ നവീൻ കുര്യൻ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇടവകാംഗമായ സജി ഡാനിയേലാണ് തെരഞ്ഞെടുക്കപ്പെട്ട ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്.
Tags : Platinum Jubilee St.Gregorios Church Kuwait Celebration