chicago diocese
ന്യൂയോർക്ക്: സിൽവർ ജൂബിലി നിറവിൽ നിൽക്കുന്ന ഷിക്കാഗോ സീറോമലബാർ രൂപതയുടെ ഒരു വർഷം നീണ്ടു നിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 2026 ജൂലൈ 9,10,11,12 തീയതികളിൽ ഷിക്കാഗോയിൽ നടക്കുന്ന സീറോമലബാർ കൺവൻഷന്റെ ബ്രോങ്ക്സ് ഫൊറോന ഇടവകതല രജിസ്ട്രേഷൻ കിക്കോഫ് ഈ മാസം ഏഴിന് നടന്നു.
കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ വികാരി ജനറൾ റവ. ഫാ. ജോൺ മേലേപ്പുറം വിശ്വാസികളിൽ നിന്നും രജിസ്ട്രേഷനുകൾ ഏറ്റുവാങ്ങി. നിരവധിപ്പേർ കൺവൻഷനിൽ പങ്കെടുക്കാൻ താത്പര്യം അറിയിച്ചു.
ഷിക്കാഗോയിലെ മക്കോർമിക് പ്ലേസ് കൺവൻഷൻ സെന്ററിലാണ് സീറോമലബാർ യുഎസ്എ കൺവൻഷൻ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻമാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കുന്നു.

കൺവൻഷനിൽ എല്ലാവരും പങ്കെടുക്കണമെന്ന് വികാരി ജനറാളും ജൂബിലി ജനറൽ കൺവീനറും കൂടിയായ റവ. ഫാ. ജോൺ മേലേപ്പുറം അഭ്യർഥിച്ചു. ജൂബിലി കമ്മിറ്റി ചെയർമാൻ ജോസഫ് ചാമക്കാല കൺവൻഷനെ പറ്റി വിശദീകരിച്ചു.
2026 ജൂലൈ നടക്കുന്ന സീറോമലബാർ കൺവൻഷൻ, രൂപതയുടെ ചരിത്രത്തിൽതന്നെ സ്ഥാനം പിടിക്കുന്ന തലത്തിൽ വിജയകരമാക്കി തീർക്കുവാൻ വിപുലമായ കമ്മിറ്റി പ്രവർത്തിച്ച് വരുന്നതായി അദ്ദേഹം പറഞ്ഞു.

കൺവൻഷന്റെ മുന്നോടിയായി രൂപതയിലെ വിവിധ പള്ളികളിൽ കൺവൻഷൻ കിക്കോഫുകൾ വിജയകരമായി നടന്നുവരുന്നതായും ജോസഫ് ചമക്കാല അറിയിച്ചു. ഇപ്പോൾ റജിസ്റ്റർ ചെയ്യുന്നവർക്ക് ഹോട്ടൽ ബുക്കിങ് നിരക്കിൽ ഇളവ് ലഭിക്കും.
ഈ ഇളവ് ഡിസംബർ 31 വരെ മാത്രമേ ലഭിക്കൂ. ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്ന് ജൂബിലി കമ്മിറ്റി ചെയർമാൻ അഭ്യർഥിച്ചു. ഷിക്കാഗോ സീറോമലബാർ കത്തീഡ്രൽ ദേവാലയ ട്രസ്റ്റി ബോബി ചിറയിലും കിക്കോഫിൽ പങ്കെടുക്കുകയും എല്ലാവരേയും ഷിക്കാഗോയിലേക്കു ക്ഷണിക്കുകയും ചെയ്തു.
റവ.ഫാ. രാജീവ് പാലക്കച്ചേരി ചടങ്ങിൽ സന്നിധനായിരുന്നു. ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ ഫൊറോനാ ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന, വികാരി ജനറാളിനെയും കൺവൻഷൻ ഭാരവാഹികളെയും സ്വാഗതം ചെയ്തു.
കൈക്കാരൻ ഷൈജു കളത്തിൽ, കൺവൻഷൻ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ജോസഫ് കാഞ്ഞമല, ഷോളി കുമ്പിളുവേലി, ഷാജിമോൻ വടക്കൻ, വിനു വാതപ്പള്ളി തുടങ്ങിയവർ കിക്കോഫിന് നേതൃത്വം നൽകി.
Tags : silver jubilee convention kickoff chicago diocese usa