ന്യൂയോർക്ക്: ഫൊക്കാന പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പ് നയിക്കുന്ന ടീം ഇന്റഗ്രിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും ആവേശോജ്വലമായി. ലോകപ്രശസ്ത മാന്ത്രികനും ചാരിറ്റി പ്രവർത്തകനുമായ പ്രഫ. ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുത്തത് പരിപാടിക്ക് ഭംഗിയും ആകർഷണവും കൂട്ടി.
അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ആശംസകൾ ടീമംഗങ്ങൾക്ക് പുതിയ ഊർജം പകർന്നു. റോക്ക് ലാൻഡിൽ ചേർന്ന പ്രചാരണയോഗത്തിൽ ജനറൽ സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥിയായി മത്സരിക്കുന്ന ആന്റോ വാർക്കി, വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജോസി കാരക്കാട്ട്, അസോസിയേറ്റ് ട്രഷറർ സ്ഥാനാർഥി അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി സ്ഥാനാർഥി അജി ഉമ്മൻ തുടങ്ങിയവർ പങ്കെടുത്തു.
വനിതാ ഫോറം ചെയർ ഷൈനി രാജു, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി എന്നിവരും പങ്കെടുത്തു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി ലിൻഡോ ജോളിയും അഡീഷനൽ അസോസിയേറ്റ് ട്രഷറർ സ്ഥാനാർഥി ഗ്രേസ് മറിയാ ജോസഫും പ്രത്യേകം ആശംസകൾ അറിയിച്ചു.
ആർവിപിമാരും നാഷണൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്ന സമ്പൂർണ സ്ഥാനാർഥിപ്പട്ടിക ഉടനെ പ്രസിദ്ധീകരിക്കുമെന്ന് ഫിലിപ്പോസ് ഫിലിപ്പ് വ്യക്തമാക്കി. നിരവധി അസോസിയേഷനുകളിൽ നിന്ന് സ്ഥാനാർഥിത്വ അഭ്യർഥനകൾ ലഭിക്കുന്ന സാഹചര്യത്തിൽ ഓരോരുത്തരെയും ശ്രദ്ധാപൂർവം പരിശോധിക്കുന്ന പ്രക്രിയയിലാണ് എക്സിക്യൂട്ടീവ് കമ്മിറ്റി.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് തുടർച്ചയായി പ്രവാസി മലയാളികൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുക എന്നതാണ് ഇന്റഗ്രിറ്റി ടീമിന്റെ മുഖ്യലക്ഷ്യം.
യുഎസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ അധികാരികളുമായി ബന്ധപ്പെട്ട് മലയാളി സമൂഹത്തിന്റെ താത്പര്യങ്ങൾ പ്രതിനിധീകരിക്കുമെന്ന് ഫിലിപ്പോസ് ഫിലിപ്പ് കൂട്ടിച്ചേർത്തു. സംഘടനാ-മത ഭേദമന്യേ മുഴുവൻ മലയാളികളുടെയും വിശ്വാസം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുമെന്നും ടീം നേതൃത്വം വ്യക്തമാക്കി.
നോർത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളി സമൂഹത്തിന്റെ ശക്തമായ പിന്തുണയ്ക്ക് ഫിലിപ്പോസ് ഫിലിപ്പ് നന്ദി അറിയിച്ചു. ഫൊക്കാനയെ കൂടുതൽ സുതാര്യവും ജനകീയവുമായ ദിശയിൽ നയിക്കണമെന്നുള്ള വിശ്വാസമാണ് ഞങ്ങൾക്ക് ലഭിക്കുന്ന പിന്തുണ വ്യക്തമാക്കുന്നത് എന്ന് അദ്ദേഹം പ്രതികരിച്ചു.