ബ്രിസ്ബെൻ: വർഷങ്ങളായി ഓസ്ട്രേലിയൻ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ജോയ് കെ. മാത്യുവിന്റെ ആന്തോളജി ചിത്രമായ ടുമോറോയിലെ ആറ് കഥകളിലെ നാലാമത്തെ ചിത്രമായ സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
മാനവികതയുടെയും സഹകരണത്തിന്റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്വല മുഹൂര്‍ത്തങ്ങളാകുന്ന മനുഷ്യ സാന്നിധ്യങ്ങളുടെ കഥ പറയുന്ന ടുമോറോയില്‍ ബഹുഭാഷാ നടീനടന്മാരാണ് അഭിനേതാക്കളായി എത്തുന്നത്.
ജീവിതാനുഭവങ്ങളുടെ വ്യത്യസ്ത പാതകളിലൂടെ പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ടുമോറോ, അണ്ബ്രേക്കബിള്, വാലറ്റ്, സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസ് എന്നിങ്ങനെ നാല് വ്യത്യസ്ത കഥകളുടെ ചിത്രീകരണമാണ് പൂര്‍ത്തിയായത്.
ജോയ് കെ. മാത്യു കേന്ദ്ര കഥാപാത്രമായി എത്തുന്ന ടുമോറോ പ്രേക്ഷകര്‍ക്ക് ഒരു സാംസ്കാരിക ദൃശ്യ വിരുന്നാകും സമ്മാനിക്കുക. ടുമോറോയിലെ അവശേഷിക്കുന്ന രണ്ട് കഥകളുടെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്നും ഡിസംബറിൽ ടുമോറോ റിലീസ് ചെയ്യുമെന്നും പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്റര്‍ ജോസ് വര്‍ഗീസ് അറിയിച്ചു.
ജോയ് കെ. മാത്യുവിന്റെ 21-ാമത്തെ പ്രൊജക്റ്റാണ് സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസ്. 1992ല്‍ ദൂരദര്ശന് സംപ്രേഷണം ചെയ്ത നൊമ്പരവീണയില് നായക കഥാപാത്രം അവതരിപ്പിച്ച് കൊണ്ടാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് എത്തിയത്.
തുടര്‍ന്ന് വിവിധ ചാനലുകള്‍ക്കും ചലച്ചിത്രോത്സവങ്ങള്‍ക്കുമായി നിര്‍മിച്ച അഭയം, സഹനം, ദാനം, മരണാനന്തരം, കാണാക്കാഴ്ചകള്‍, ആത്മാക്കളുടെ നൊമ്പരം, വിശ്വാസം, വറുതിക്കാലത്തെ വസന്തം, ജലസ്പര്‍ശം കൊതിക്കുന്ന വേരുകള്‍, ഡിപ്പെന്‍ഡന്‍സ്, ടുമോറോ, അണ്ബ്രേക്കബിള്, വാലറ്റ്, ഗോസ്റ്റ്പാരഡെയ്സ്, സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസ് എന്നീ 15 ചിത്രങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും രചനയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തു.
ഇതില്‍ നൊമ്പരവീണ - ബെന്നി കുര്യന്, സഹനം - കൃഷ്ണജിത്ത്, ആത്മാക്കളുടെ നൊമ്പരം - സാബു വിശ്വത്തില്‍, അഭയം, ദാനം എന്നീ രണ്ട് ചിത്രങ്ങള്‍ നാസര്‍ കല്ലറയ്ക്കലും സംവിധാനം ചെയ്തു. ഡിപ്പെന്‍ഡന്‍സിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ജോയ് കെ. മാത്യു ആണ്.
ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന പൗച്ച് ഓഫ് ലൈഫ് എന്ന ഡോക്യുഫിക്ഷനിലും ജോയ് കെ. മാത്യു ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സേവ്യര്‍ ഓഫ് ട്രീസ്, പുനര്‍ജ്ജനി തേടുന്ന പാര്‍വതി പുത്തനാര്‍, മദര്‍ തെരേസയുമായുള്ള നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ദ എയ്ഞ്ചല്‍ ഓഫ് ടെണ്ടര്‍നെസ്, സല്യൂട്ട് ദ നേഷന്‍സ് എന്നീ ഡോക്യുമെന്ററികള്‍ ജോയ് കെ. മാത്യു എഴുതുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്.
Tags : Stories on the Canvas Anthology Film Joy K Mathew Australia