അലബാമ: മോണ്ട്ഗോമറിയിലെ ചരിത്രപ്രസിദ്ധമായ ബസ് സമരത്തിന്റെ ആദ്യ വിത്തുപാകിയ ക്ലോഡറ്റ് കോൾവിൻ (86) അന്തരിച്ചു. വാർധക്യസഹജമായ കാരണങ്ങളാൽ ടെക്സസിൽ വച്ചായിരുന്നു അന്ത്യം.
1955 മാർച്ചിൽ വെള്ളക്കാർക്കായി നീക്കിവച്ച ബസ് സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് 15 വയസുകാരിയായ ക്ലോഡറ്റ് കോൾവിൻ അറസ്റ്റിലായിരുന്നു. ചരിത്രം എന്നെ ആ സീറ്റിൽ ഒട്ടിച്ചു നിർത്തിയിരിക്കുകയായിരുന്നു. അതുകൊണ്ട് എനിക്ക് മാറാൻ കഴിയില്ലെന്നായിരുന്നു അന്ന് ക്ലോഡറ്റ് കോൾവിൻ പോലീസിനോട് പറഞ്ഞത്.
മോണ്ട്ഗോമറിയിലെ ബസുകളിൽ വംശീയ വിവേചനം നിയമവിരുദ്ധമാക്കാൻ കാരണമായ ചരിത്രപരമായ നിയമപോരാട്ടത്തിലെ പ്രധാന കാരണക്കാരിയായിരുന്നു ക്ലോഡറ്റ് കോൾവിൻ.
പ്രശസ്ത പൗരാവകാശ പ്രവർത്തക റോസ പാർക്സ് ഇതേ കാരണത്താൽ അറസ്റ്റ് ചെയ്യപ്പെടുന്നതിന് ഒമ്പത് മാസം മുമ്പായിരുന്നു ഇത്. റോസ പാർക്സിന്റെ അറസ്റ്റ് രാജ്യാന്തര ശ്രദ്ധ നേടുകയും മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറിന്റെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.
എന്നാൽ, കൗമാരക്കാരിയായിരുന്ന കോൾവിന്റ ധീരത പലപ്പോഴും ചരിത്രരേഖകളിൽ തമസ്കരിക്കപ്പെട്ടു. എന്നാൽ പിൽക്കാലത്ത് അവരുടെ പോരാട്ടം വലിയ രീതിയിൽ അംഗീകരിക്കപ്പെട്ടു.
Tags : Claudette Colvin Unsung Hero US civil rights movement Died