വത്തിക്കാന്‍ സിറ്റി: മാർപാപ്പയായി ചുമതലയേറ്റ ശേഷം ഇതാദ്യമായി ലിയോ പതിനാലാമൻ മാർപാപ്പ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ മുഖ്യകാർമികത്വം വഹിച്ച ക്രിസ്മസ് തിരുക്കര്‍മങ്ങളിൽ കുർബാന മധ്യേ കാഴ്ച സമർപ്പണം നടത്താനായി റോമിൽ ജോലി ചെയ്യുന്ന മലയാളിയായ നോർത്ത് ചാലക്കുടി സ്വദേശികളായ സിബി ജോസ് കുത്തോട്ടുങ്കക്കാരൻ ഭാര്യ റോയിസി മകൾ ഗ്രേസ് എന്നിവർക്ക് ഭാഗ്യം ലഭിച്ചു.

ഇവർ മാർപാപ്പയുടെ കൈ ചുംബിച്ച് അനുഗ്രഹം വാങ്ങുകയും ചെയ്തു. തിരുപിറവി ശുശ്രൂഷകളിലെ സുപ്രധാന ചടങ്ങായ മാർപാപ്പ ഉണ്ണി യേശുവിനെ പ്രദർശിപ്പിക്കുന്ന സമയത്ത് പൂക്കൾ വയ്ക്കാൻ മലയാളി കുട്ടികൾക്കും ഭാഗ്യം ലഭിച്ചു.
റോമിൽ താമസിക്കുന്ന കണ്ണൂർ ചെറുപുഴ തച്ചനംകോട്ട് വീട്ടിൽ സിജി മാത്യുവിന്റെ മകൾ അൽഫോൻസാ, റോമിൽ താമസിക്കുന്ന പെരുമ്പാവൂർ എടത്തല വീട്ടിൽ ഷൈജു - ഷീന ദമ്പതികളുടെ മകൻ ആഷർ എന്നിവരും മാർപാപ്പയുടെ കൂടെ പൂക്കൾ വയ്ക്കാൻ ഉണ്ടായിരുന്നു.

ജൂബിലി വർഷത്തിലെ ക്രിസ്മസ് തിരുക്കർമത്തിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ നിരവധി വിശ്വാസികളെത്തിയിരുന്നു. ഒട്ടറെ കർദിനാൾമാരും മെത്രാന്മാരും വൈദികരും സഹകാർമികരായി.