ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 24-ാമത് സമ്മേളനത്തിൽ കേരള പിറവി ആഘോഷവും ഒസിഐ കാർഡിനെക്കുറിച്ചുള്ള ചർച്ചകളും നടന്നു.
നവംബർ 29ന് വൈകുന്നേരം മൂന്നിന് (14:00 യുകെ സമയം, 19:30 ഇന്ത്യൻ സമയം) വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ഒരുക്കിയ കേരള പിറവി ആഘോഷവും ഒസിഐ കാർഡിനെക്കുറിച്ചുള്ള ചർച്ചകളും വേൾഡ് മലയാളി കൗൺസിൽ ഗുഡ്വിൽ അംബാസിഡറും കേരള ഹൈക്കോടതിയിലെ അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ഗ്രേഷ്യസ് കുറിയാക്കോസ് ഉദ്ഘാടനം ചെയ്തു.
മ്യൂസിക് അധ്യാപകനും യൂറോപ്പിലെ പ്രശസ്ത മലയാളി ഗായകനുമായ ജോസ് കവലചിറയുടെ ഈശ്വര പ്രാർഥനയോടെയാണ് കലാസാംസ്കാരികവേദി ആരംഭിച്ചത്. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും അഭിഭാഷകരായ അഡ്വ. ഗ്രേഷ്യസ് കുറിയാക്കോസ്, അഡ്വ. ജോർജ് വി. തോമസ്, സംസ്ഥാന ഗവൺമെന്റിന്റെ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ലോക കേരളാ സഭാ അംഗവുമായ സി.എ. ജോസഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി എന്നിവർ ആശംസകൾ നേർന്നു. പ്രവാസികൾക്ക് വളരെ പ്രധാനപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുത്തു. മുടക്കം വരാതെ യൂറോപ്പ് റീജിയൺ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരികവേദിക്ക് നേതൃത്വം നൽകുന്ന എല്ലാവർക്കും പ്രത്യേക അഭിനന്ദനങ്ങൾ നേരുന്നതായി ചെയർമാൻ ഗോപാലപിള്ള പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയണിന്റെ കലാസാംസ്കാരിക വേദിയിൽ പങ്കെടുക്കുന്നതിൽ ഒത്തിരി സന്തോഷമുണ്ടെന്നും പ്രവാസികൾക്ക് വളരെ പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച് ഇവിടെ ചർച്ച ചെയ്യുന്നതിലൂടെ വേൾഡ് മലയാളി കൗൺസിൽ സമൂഹനന്മയ്ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ബോധ്യപ്പെടുത്തുകയാണെന്നും ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി പറഞ്ഞു.
യൂറോപ്പ് റീജിയൺ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരികവേദിക്ക് അഭിനന്ദനങ്ങൾ നേർന്നു. അഡ്വ. ഗ്രേഷ്യസ് കുറിയാക്കോസിന്റേയും അഡ്വ. ജോർജ് വി. തോമസിന്റേയും വിജ്ഞാനപ്രദമായ വിവരണങ്ങൾ കേട്ടതിൽ ഒത്തിരി നന്ദിയുണ്ടെന്നും ഒസിഐ കാർഡിന്റെ കാര്യത്തിൽ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി വേൾഡ് മലയാളി കൗൺസിൽ മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ എല്ലാവരെയും സ്വാഗതം ചെയ്തു. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ജോർജ് കുര്യൻ ഇന്നത്തെ കേരളപ്പിറവി ആഘോഷത്തിന് ആശംസകൾ നേർന്നതായി അദ്ദേഹം അറിയിച്ചു. കേന്ദ്ര ഗവൺമെന്റ് ഒസിഐ കാർഡിൽ പുതിയതായി കൊണ്ടുവന്ന ഭേദഗതികളെക്കുറിച്ചായിരുന്നു പ്രധാനമായി ചർച്ച നടന്നത്.
ഒസിഐ കാർഡിൽ കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്ന ഭേദഗതികളെക്കുറിച്ച് അഡ്വ. ഗ്രേഷ്യസ് കുറിയാക്കോസും അഡ്വ. ജോർജ് വി.തോമസും സി.ജെ. ജോസഫും വിശദമായി പ്രഭാഷണം നടത്തി. അഡ്വ. ജോർജ് വി. തോമസ് പുതിയതായി കൊണ്ടുവന്ന മാറ്റങ്ങൾ പ്രവാസികളെ എങ്ങനെ ബാധിക്കുമെന്നു വിശദമായി പ്രതിപാദിച്ചു.
തുടർന്നു നടന്ന ചർച്ചകൾക്ക് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രഗിറി മേടയിൽ, അമേരിക്കൻ റീജിയൺ പ്രസിഡന്റ് ജോൺസൺ തലശേരി, ഗ്ലോബൽ ഹെൽത്ത് ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ മൊയ്ലൻ, യൂറോപ്പ് റീജിയൺ വൈസ് പ്രസിഡന്റ് രാജു കുന്നക്കാട്ട്, വ്യവസായിയും ഓസ്ട്രിയയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖനുമായ സണ്ണി വെളിയത്ത് എന്നിവർ നേതൃത്വം നൽകി.
പുതിയതായി കൊണ്ടുവന്ന ഭേദഗതികളെ ആർക്കുവേണമെങ്കിലും ദുരുപയോഗം ചെയ്യാനും പ്രവാസികളെ കൂടുതൽ ദുരിതത്തിലാക്കാൻ കഴിയുമെന്നുമാണ് ചർച്ചയിൽ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടത്.

ജീവിതമാർഗം തേടി അന്യദേശത്ത് ജീവിക്കുന്ന പ്രവാസികൾ നാടിനെ സ്നേഹിക്കുന്നവരാണെന്നും ഒരുപക്ഷേ സ്വദേശത്തുള്ളവരെക്കാൾ നാടിനോട് സ്നേഹവും കൂറും പ്രകടിപ്പിക്കുന്നവർ പ്രവാസികളാണെന്നും നാടിന്റെ വികസനത്തിനായി മുതൽ മുടക്കുന്നവരുമാണെന്നും പലരും ചൂണ്ടിക്കാട്ടി.
പുതിയതായി കൊണ്ടുവന്ന ഭേദഗതികളിൽ തങ്ങൾക്കുള്ള ഉത്കണ്ഠ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് ചർച്ചയിൽ പങ്കെടുത്ത എല്ലാവരും നിർദ്ദേശിച്ചു. ഒസിഐ കാർഡുള്ളവർക്ക് ഇരട്ട പൗരത്വം നൽകണമെന്നും അതിലൂടെ അവർക്ക് ഭാരതത്തിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുവാനും വ്യവസായ സംരംഭങ്ങൾ തുടങ്ങുവാനും കഴിയുമെന്നും യുകെ മലയാളം മിഷൻ ചാപ്റ്റർ പ്രസിഡന്റ് സി.എ. ജോസഫ് പറഞ്ഞു.
യാത്രാസൗകര്യങ്ങൾ ലഘൂകരിക്കുവാനും കുട്ടികൾക്ക് പഠിക്കുവാനും വീട് മേടിക്കുവാനും ഒക്കെ സിറ്റിസൺഷിപ്പ് എടുത്താൽ സാധിക്കുമെന്നുള്ളതുകൊണ്ടുമാത്രമാണ് നമ്മൾ ആ രാജ്യങ്ങളിലെ പൗരത്വം എടുത്തത്. അല്ലാതെ നാടിനെ ഉപേക്ഷിക്കാനല്ല, കേരളപ്പിറവി കഴിഞ്ഞു ഒരുമാസം പിന്നിടുമ്പോഴും നമ്മൾ ഇന്ന് കേരളപ്പിറവി ആഘോഷിക്കുകയാണ്. പ്രവാസികളുടെ നാടിനോടുള്ള സ്നേഹവും കൂറുമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പ് റീജിയൺ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, ട്രഷറർ ഷൈബു ജോസഫ് കട്ടിക്കാട്ട്, ബെൽഫാസ്റ്റ് പ്രൊവിൻസ് പ്രസിഡന്റ് പ്രദീപ് ജോസഫ്, സെക്രട്ടറി ക്ലിന്റൺ തോമസ്, റോയി പ്രേയിൽ, ബാഡൻ വുറ്റൻബെർഗ് പ്രൊവിൻസ് പ്രസിഡന്റ് ധനേഷ് കൃഷ്ണ, യുകെ നോർത്ത് വെസ്റ്റ് പ്രൊവിൻസ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, ജർമൻ പ്രൊവിൻസ് സെക്രട്ടറി ചിനു പടയാട്ടിൽ, ജോസുകുട്ടി കളത്തിപറമ്പിൽ, ആൻസി വർഗീസ്, ദീപു ശ്രീധർ, എൻആർകെ പ്രസിഡന്റ് അബ്ദുൾ ഹാക്കിം, ബെഹറിൻ പ്രൊവിൻസ് പ്രസിഡന്റ് അബ്രഹാം സാമുവൽ, ജോസ് സൗത്തിൽ, ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ ലീഗിന്റെ റഫറിയായും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിലെ അമ്പയറായും അഞ്ഞൂറിലധികം രാജ്യാന്തര ഫുട്ബോൾ മത്സരങ്ങളിൽ റഫറിയായി പ്രവർത്തിച്ചതിൽ ഗിന്നസ് ബുക്കിൽ പേര് വന്നതുമായ ഇംഗ്ലണ്ടിലെ സസെക്സിൽ നിന്നുള്ള വിൻസെന്റ് ജോർജ്, പ്രിൻസി മേരി, അനൂപ് അനിൽകുമാർ തുടങ്ങിയവർ സജീവമായി ചർച്ചയിൽ പങ്കെടുത്തു.
കേരളത്തിന്റെ തനിമ തുളുമ്പിയ ഈണങ്ങൾകൊണ്ടും ചുവടുകൾകൊണ്ടും അമേരിക്കൻ റീജിയണിലെ നോർത്ത് ടെക്സസ് പ്രൊവിൻസിൽ നിന്നുള്ള നർത്തകിമാരുടെയും മിഡിൽ ഈസ്റ്റ് റീജിയണിലെ ഉം അൽ ഖ്യൻ പ്രൊവിൻസിൽ നിന്നുള്ള നർത്തകിമാരുടെയും തിരുവാതിരയും മിഡിൽ ഈസ്റ്റേൺ റീജണിലെ റാസൽ ഖൈമ ഗ്രൂപ്പിന്റെ സംഘനൃത്തവും നയനാനന്ദകരവും ആകർഷണീയവുമായിരുന്നു.
യൂറോപ്പിലെ പ്രശസ്ത ഗായകരായ ജോസ് കവലചിറ, ജർമൻ പ്രൊവിൻസ് വൈസ് പ്രസിഡന്റ് ജെയിംസ് പാത്തിക്കൽ, അമേരിക്കൻ റീജിയൺ പ്രസിഡന്റ് ജോൺസൺ തലശ്ശേരിയുടെ നേതൃത്വത്തിൽ ജോപ്പൻ ആലുങ്കൽ, മനോജ് തോമസ്, സുകു വർഗീസ്, സമേഴ്സ് അഗസ്റ്റിൻ, ആൻസി തലശ്ശേരി, അമ്പിളി ടോം, സ്മിത മാത്യു, നിഷ ബെൽജി, ലീനറ്റ് ജോസഫ് എന്നിവർ ചേർന്ന് ആലപിച്ച സംഘഗാനവും ഗാനങ്ങളും സംഗീതത്തിന്റെ താളമർമ്മരങ്ങളെ തൊട്ടുണർത്തുന്നതായിരുന്നു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാനും കലാസാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന വ്യക്തിയുമായ ഗ്രിഗറി മേടയിലാണ് ഈ കലാസാംസ്കാരിക വിരുന്ന് കൂടുതൽ ആസ്വാദ്യകരമാക്കി പകർന്നു തന്നത്. അമേരിക്കൻ റീജിയൺ പ്രസിഡന്റ് ജോൺസൺ തലശ്ശേരിയാണ് ടെക്നിക്കൽ സപ്പോർട്ട് നൽകിയത്. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ ട്രഷറർ ഷൈബു ജോസഫ് കട്ടിക്കാട്ട് കൃതജ്ഞത പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ നടത്തിക്കൊണ്ടിരിക്കുന്ന ഈ കലാസാംസ്കാരികവേദിയുടെ അടുത്ത സമ്മേളനം അടുത്ത വർഷം മാർച്ച് 28-ന് സിൽവർ ജൂബിലി ആയി വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ആഘോഷിക്കുന്നതാണ്.
ഈ കലാസാംസ്കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ട് തന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി തുടങ്ങിയിരിക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്. എല്ലാ പ്രവാസി മലയാളികളെയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ സ്വാഗതം ചെയ്യുന്നു.