Kerala
കോട്ടയം: ദീപികയുടെ മാധ്യമ ജാഗ്രതാ സമിതിയായ ദീപിക ഫ്രണ്ട്സ് ക്ലബിന്റെ സംസ്ഥാനതല നേതൃസംഗമം നടത്തി. ദീപികയുടെ കോട്ടയം ഓഫീസിൽ നടന്ന യോഗം രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു.
ദീപിക ഫ്രണ്ട്സ് ക്ലബ് കഴിഞ്ഞ പത്തു വർഷമായി ദീപികയുടെ മാധ്യമ ജാഗ്രതാ സംവിധാനമായി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്തയിൽ സത്യം നിറച്ച് അവതരിപ്പിക്കുന്ന ദീപികയ്ക്കുവേണ്ടിയുള്ള പ്രയത്നങ്ങളിലൂടെ ഡിഎഫ്സി നേതാക്കളും പ്രവർത്തകരും മാധ്യമ പ്രേഷിതരായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സീറോമലബാർ സഭയുടെ സമുദായ ശക്തീകരണ വർഷത്തിൽ സമുദായ ശക്തീകരണം ദീപികയോടൊപ്പം എന്ന മുദ്രാവാക്യമുയർത്തി പ്രവർത്തിക്കാൻ അദ്ദേഹം നേതാക്കളെ ഉദ്ബോധിപ്പിച്ചു.
ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് ലോറൻസ് ഏനാനിക്കൽ അധ്യക്ഷതവഹിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് ചീഫ് കോ-ഓർഡിനേറ്റിംഗ് ഓഫീസറായി നിയമിതനായ ഡിഎഫ്സി സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റത്തിലിനെയും പുതിയ ജോയിന്റ് ഡയറക്ടറും സർക്കുലേഷൻ ജനറൽ മാനേജരുമായി നിയമിതനായ ഫാ. ജോർജ് മാന്തുരുത്തിയെയും അനുമോദിച്ചു.
ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ മുഖ്യസന്ദേശം നൽകി. ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറി ജോയി തോമസ് മടുക്കക്കുഴി റിപ്പോർട്ട് അവതരിപ്പിച്ചു. വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ആൻസി മാത്യു ചേന്നോത്ത് സ്വാഗതവും സെക്രട്ടറി ഡോളി ബെന്നി നന്ദിയും പറഞ്ഞു.
District News
കൽപ്പറ്റ: കേന്ദ്ര ബജറ്റിൽ കേരളത്തെ തഴഞ്ഞതിൽ പ്രതിഷേധിച്ച് സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും യോഗവും നടത്തി. സംസ്ഥാന അസി.സെക്രട്ടറി സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി.വി. ജയിംസ് ചാക്കോ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.കെ. മൂർത്തി, സി.എസ്. സ്റ്റാൻലി, വിജയൻ ചെറുകര, കെ.കെ. തോമസ്, ടി. മണി, എസ്. വിക്രമൻ, എ.സി. അനിൽകുമാർ, മഹിത മൂർത്തി, എസ്. സൗമ്യ, കെ. മുരളി, കെ.പി. അനസ്, കെ. ജസ്മൽ എന്നിവർ പ്രസംഗിച്ചു.
District News
നിലന്പൂർ: ഭിന്നശേഷിക്കാരുടെ ഗ്രാമസഭയിൽ സംസാരിക്കുന്നതിനിടെ വയോധികൻ കുഴഞ്ഞുവീണു മരിച്ചു.
മൈലാടി അന്പൂക്കാടൻ അബ്ദു(74) ആണ് മരിച്ചത്. പതിനാറാം വയസിൽ മരത്തിൽ നിന്നുവീണ അബ്ദു കഴിഞ്ഞ 58 വർഷമായി ചക്ര കസേരയിലായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: സുഹൈൽ, ഷാഹുൽ. മരുമക്കൾ: ഷംല, അസ്ല.
District News
കോട്ടയം: എല്‍ഡിഎഫ് സംസ്ഥാനതലത്തില്‍ നടത്തുന്ന മേഖലാ ജാഥകള്‍ വിജയിപ്പിക്കുന്നതിനും നവമാധ്യമങ്ങളിലൂടെ പ്രചാരണം സംഘടിപ്പിക്കുന്നതിനും കേരള കോണ്‍ഗ്രസ്-എം ഐടി വിംഗ് നേതൃയോഗം ചേര്‍ന്നു. ഐടി വിംഗ് സംസ്ഥാന ഡയറക്ടര്‍ അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു.
പാര്‍ട്ടി ഹൈപവര്‍ കമ്മിറ്റി അംഗം വിജി എം. തോമസ്, സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഏബ്രഹാം പി. സണ്ണി, യൂത്ത് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്, ജനറല്‍ സെക്രട്ടറി ഷേക്ക് അബ്ദുള്ള, ജയകൃഷ്ണന് പുതിയേടത്ത്, അംബിക ഗോപന്, ഡോ. ബിജു കൈപ്പാറേടന്‍, ബിറ്റു വൃന്ദാവന്‍, റോണി വലിയപറമ്പില്‍, ഷെയ്ന് ജോസഫ് കുമരകം, മാത്യൂസ് നൈനാന്, ജോമോന് പൊടിപാറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
മുണ്ടക്കയം: അസോസിയേഷൻ ഓഫ് സീനിയർ ഓഫീസേഴ്സ് ഫോർ വെൽഫയർ ആക്ടിവിറ്റീസ് മുണ്ടക്കയം വ്യാകുലമാതാ ഫൊറോനാ യൂണിറ്റിന്റെ വാർഷിക പൊതുയോഗം നടത്തി. അസോവാ കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ് ഏബ്രഹാം മാത്യു ഐപിഎസ് ഉദ്ഘാടനം ചെയ്തു.
ഫൊറോന വികാരി റവ.ഡോ. ജയിംസ് മുത്തനാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ഡോൺ മറ്റക്കരത്തുണ്ടിയിൽ, റോയ് കപ്പലുമാക്കൽ, വിൻസി ജോസഫ്, തോമസ് മണിമലക്കുന്നേൽ, ദേവസ്യ കുരുവിള, മേരിക്കുട്ടി ഏബ്രഹാം, സി.ടി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. മെഡിക്കൽ ട്രസ്റ്റ് ഡയാലിസിസ് യൂണിറ്റിന് സഹായത്തിനും മറ്റ് കാരുണ്യ പ്രവൃത്തികൾക്കായും തയാറാക്കിയ പദ്ധതികൾ വാർഷികയോഗം അംഗീകരിച്ചു.
University News
കാലിക്കട്ട് സർവകലാശാല സിൻഡിക്കേറ്റ് യോഗം ജനുവരി 31ന് രാവിലെ പത്തിന് സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
സെക്യൂരിറ്റി ഗാർഡ് വാക് - ഇൻ - ഇന്റർവ്യൂ
കാലിക്കട്ട് സർവകലാശാല പ്രധാന ക്യാമ്പസിൽ കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് നിയമനത്തിനുള്ള വാക് - ഇൻ - ഇന്റർവ്യൂ ജനുവരി 30-ന് നടക്കും. യോഗ്യത: 15 വർഷം സേവനം പൂർത്തിയാക്കിയ വിമുക്ത ഭടന്മാർ / അർധസൈനികർ. ഉയർന്ന പ്രായപരിധി: 50 വയസ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ്). താത്പര്യമുള്ളവർ രാവിലെ 9.30ന് സർവകലാശാല ഭരണകാര്യാലയത്തിൽ ഹാജരാകണം.
ഡോഗ് ട്രെയിനിംഗ് പ്രോഗാം ഇൻസ്ട്രക്ടർ / കെയർടേക്കർ നിയമനം
കാലിക്കട്ട് സർവകലാശാല ഫോറൻസിക് സയൻസ് പഠന വകുപ്പ് തൃശൂർ കേരളാ പോലീസ് അക്കാദമിയിൽ നടത്തുന്ന പ്രഫഷണൽ ഡോഗ് ട്രെയിനിംഗ് ആൻഡ് കനൈൻ ഫോറൻസിക് പ്രോഗ്രാമിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർ (ഒരു ഒഴിവ്), കെയർടേക്കർ (രണ്ട് ഒഴിവ്) നിയമനങ്ങൾക്കുള്ള വാക് - ഇൻ - ഇന്റർവ്യൂ ജനുവരി 28ന് നടത്തും. യോഗ്യരായവർ മതിയായ രേഖകൾ സഹിതം രാവിലെ 10.30ന് കേരളാ പോലീസ് അക്കാദമിയിലെ ഫോറൻസിക് സയൻസ് പഠനവകുപ്പിൽ ഹാജരാകണം. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ. ഫോൺ: 9895086515.
കോളജ് ട്രാൻസ്ഫർ അപേക്ഷ നീട്ടി
2024 - 25 ബാച്ച് നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിലെ മേജർ നിലനിർത്തികൊണ്ടുള്ള കോളജ് ട്രാൻസ്ഫർ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട സമയപരിധി ജനുവരി 28ന് വൈകിട്ട് മൂന്ന് വരേയ്ക്ക് നീട്ടി.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ
വിദൂര വിഭാഗത്തിൽ കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ (2013 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ലിങ്ക് ജനുവരി 29 മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയഫലം
ആറാം സെമസ്റ്റർ ബിടെക് (2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
Kerala
തിരുവനന്തപുരം: കോൺഗ്രസുമായി പരിഭവം തുടർന്ന് ശശി തരൂർ. ഇന്നു നടക്കുന്ന കോൺഗ്രസ് പാർലമെന്ററി നയ രൂപീകരണ യോഗത്തിലും തരൂർ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. പങ്കെടുക്കാനായി തരൂരിനു പാർട്ടി നേതൃത്വം കത്ത് നൽകിയിരുന്നു.
എന്നാൽ, തരൂർ യോഗത്തിൽ പങ്കെടുക്കില്ലെന്നും ബുധനാഴ്ച നടക്കാനിരുന്ന രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കും ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. ദുബായിയിൽനിന്നു ഇന്നു ഡൽഹിയിൽ തിരിച്ചെത്തുന്ന തരൂരിന്റെ പരിപാടികളിലുള്ളത് ബുധനാഴ്ച പങ്കെടുക്കേണ്ട പുസ്തക പ്രകാശന ചടങ്ങ് മാത്രമാണ്.
അതേസമയം, തരൂർ സിപിഎമ്മിനു കൈ കൊടുക്കുമോ എന്ന കാര്യത്തിൽ ആകാംക്ഷ തുടരുകയാണ്. കൊച്ചിയിലെ മഹാ പഞ്ചായത്ത് യോഗത്തിൽ രാഹുൽ അവഗണിച്ചതിൽ തരൂര്‍ കടുത്ത അതൃപ്തിയിൽ തുടരുകയാണ് തരൂർ. എന്നാൽ, തരൂരിന്റെ അതൃപ്തി പരിഹരിക്കണമെന്ന് അഭിപ്രായമുള്ള സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തരൂര്‍ സിപിഎമ്മിനൊപ്പം പോകില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നുമുണ്ട്.
എല്ലാ ഭിന്നതയും മാറ്റിവച്ച് വയനാട് ക്യാമ്പിലെത്തിയ ശശി തരൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലായിടത്തും പ്രചാരണത്തിന് എത്താമെന്നു വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, കൊച്ചിയിൽ കോണ്‍ഗ്രസ് നടത്തിയ മഹാ പഞ്ചായത്തോടെ പഴയതിനേക്കാള്‍ കാര്യങ്ങള്‍ വഷളായി.
രാഹുൽ കണ്ട ഭാവം നടിച്ചില്ല, പേരു പറഞ്ഞില്ല, പ്രവര്‍ത്തക സമിതി അംഗമായിട്ടും രാഹുൽ വരുന്നതിനു മുമ്പേ പ്രസംഗിപ്പിച്ചു എന്ന പരാതിയാണ് തരൂരിനുള്ളത്. തന്നെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷനോട് പരാതിപ്പെട്ടു. ഇതിനിടെയാണ് ദുബായിയിലെ വ്യവസായി വഴി സിപിഎം പാലമിട്ടത്. എന്നാൽ, അക്കാര്യം തരൂര്‍ നിഷേധിക്കുകയാണ്.
National
ന്യൂഡൽഹി: ബുധനാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി നാളെ സർവകക്ഷി യോഗം ചേരും. പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് യോഗം വിളിച്ചത്.
രാവിലെ 11ന് പാർലമെന്റ് അനക്സിൽ നടക്കുന്ന യോഗത്തിൽ ഇരുസഭകളുടെയും സുഗമമായ പ്രവർത്തനത്തിന് എല്ലാ പാർട്ടികളുടെ സഹകരണം തേടും.
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അഭിസംബോധനയോടെയാണ് ബുധനാഴ്ച സമ്മേളനം ആരംഭിക്കുക. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13ന് അവസാനിക്കും. രണ്ടാംഘട്ടം മാർച്ച് ഒന്‍പതിന് ആരംഭിച്ച് ഏപ്രിൽ രണ്ടിന് അവസാനിക്കും. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പഴയ രീതിയിൽ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു സമ്മേളനത്തിൽ പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
National
ചെന്നൈ: ഒരു മാസത്തിന് ശേഷം പാർട്ടി യോഗത്തിൽ പങ്കെടുക്കാനൊരുങ്ങി ടിവികെ അധ്യക്ഷൻ വിജയ്. ഇന്ന് രാവിലെ 10.30ഓടെ മഹാബലിപുരത്താണ് യോഗം. സിബിഐ ചോദ്യം ചെയ്യൽ കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് വിജയ് ടിവികെ ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കുന്നത്.
ജനനായകൻ, സിബിഐ ചോദ്യംചെയ്യൽ വിഷയങ്ങളിൽ വിജയ് പ്രതികരിക്കുമോ എന്നതിന്റെ ആകാംക്ഷയിലാണ് രാഷ്ട്രീയകേന്ദ്രങ്ങൾ. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ടിവികെ പ്രവർത്തനങ്ങലിൽ വീണ്ടും സജീവമാകുകയാണ് വിജയ്.
ടിവികെയ്ക്ക് തെരഞ്ഞടുപ്പ് കമ്മീഷൻ വിസിൽ ചിഹ്നം അനുവദിച്ചതിനുശേഷമുള്ള ആദ്യ യോഗം കൂടിയാണ് ഇന്നത്തേത്. ഡിസംബർ 18ന് ഈറോഡിൽ നടന്ന പൊതുയോഗത്തിൽ ആണ് വിജയ് ഒടുവിൽ രാഷ്ട്രീയം പറഞ്ഞത്.
നാല് ദിവസങ്ങൾക്ക് ശേഷം മഹാബലിപുരത്ത് ടിവികെയൂടെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തെങ്കിലും ബൈബിൾ വചനങ്ങളോടെ പ്രസംഗം ഒതുക്കിയിരുന്നു. അവസാന ചിത്രമായ ജനനായകന്റെ റിലീസ് സെൻസർ ബോർഡ് കുരുക്കിൽ കുടുങ്ങിയത് തിരിച്ചടിയായിരുന്നു.
സിനിമയുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ചൊവ്വാഴ്ച ഉത്തരവ് പറയുമെങ്കിലും സുപ്രീം കോടതിയിലേക്ക് നിയമപോരാട്ടം നീളാനാണ് സാധ്യത. ഇതിനിടയിൽ കരൂർ കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ സിബിഐയുടെ ഡൽഹി ഓഫീസിൽ വിജയ് ഹാജരാവുകയും ചെയ്തിരുന്നു.
National
പാറ്റ്ന: ബിഹാറിലെ രാഷ്ട്രീയ യുദ്ധം അവസാനിച്ചിട്ടില്ലെന്നും തുടക്കം മാത്രമാണെന്നും പാര്‍ട്ടിയും സഖ്യവും ദുര്‍ബലമല്ലെന്നും ആർജെഡി നേതാവും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ആദ്യമായി പൊതുവേദിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
"ഇത് പോരാട്ടത്തിന്റെ അവസാനമല്ല. തുടക്കമാണ്. ഇപ്പോള്‍ സമയം നമുക്ക് അനുകൂലമായില്ല എന്നതിനർഥം നമ്മള് ദുര്‍ബലമായി എന്നല്ല. പാര്‍ട്ടിയും സഖ്യവും ദുര്‍ബലമല്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതീക്ഷ കൈവിടരുത്. അനീതിക്കെതിരായ പോരാട്ടം ശക്തമായി തുടരണം'.- തേജസ്വി യാദവ് പറഞ്ഞു.
ഫെബ്രുവരി രണ്ടിന് നിയമസഭാ സമ്മേളനം ആരംഭിക്കുമെന്നും ബജറ്റ് സമ്മേളനത്തിന് ശേഷം ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ബിഹാറിലെ എല്ലാ ജില്ലകളിലും താന്‍ പര്യടനം നടത്തുമെന്നും തേജസ്വി യാദവ് പറഞ്ഞു.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സംവിധാനങ്ങളും ഉദ്യോഗസ്ഥരും ഒരുവിഭാഗം മീഡിയയും വരെ പ്രതിപക്ഷത്തിനെതിരായാണ് പ്രവര്‍ത്തിച്ചത്. എന്നിട്ടും ഞങ്ങള്‍ക്ക് 1.90 കോടി വോട്ട് ലഭിച്ചു. ഇത് ഞങ്ങളുടെ പോരാട്ടത്തെയും ജനങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തെയും വ്യക്തമാക്കുന്നതാണ്.
സംസ്ഥാനത്തെ 60 ശതമാനം വോട്ടര്‍മാരും നിലവിലുളള സര്‍ക്കാരിനെതിരെയാണ് വോട്ട് ചെയ്തത്. ഇത് ബിഹാറിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്.-തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.
Kerala
ആലപ്പുഴ: എൻഎസ്എസുമായുള്ള ഐക്യത്തിൽ നിർണായക തീരുമാനമെടുക്കാൻ നാളെ എസ്എൻഡിപി നേതൃയോഗം ചേരും. ഐക്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചയ്ക്കു തയാറാണെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവനയോടെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നീക്കം സജീവമാക്കിയിരിക്കുകയാണ്. വെള്ളാപ്പള്ളിയും സുകുമാരൻനായരും പ്രതിപക്ഷനേതാവ് വി.ഡി.സതീശനെ ലക്ഷ്യമിട്ട് പ്രസ്താവനകൾ കടുപ്പിച്ച സാഹചര്യത്തിൽ യുഡിഎഫിനെ അസ്വസ്ഥമാക്കുന്ന പ്രഖ്യാപനങ്ങൾ യോഗത്തിനു ശേഷം ഉണ്ടാകുമോയെന്ന ആകാംക്ഷ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമായിട്ടുണ്ട്.
എൻഎസ്എസ് രാഷ്ട്രീയകാര്യത്തിൽ സമദൂരമെന്നാണ് പ്രഖ്യാപിതനയമെങ്കിലും പ്രതിപക്ഷ നേതാവിനെ കടന്നാക്രമിച്ചത് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ആവർത്തിക്കുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടതുപക്ഷത്തോടുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രസിഡന്റായ ബിഡിജെഎസ് ആണെങ്കിൽ ബിജെപി നയിക്കുന്ന എൻഡിഎയിൽ ഘടകകക്ഷിയുമാണ്
നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യം വേണമെന്നു പറയുന്ന എസ്എൻഡിപിയോഗം എസ്എസ്എസുമായി ഐക്യത്തിനു തയാറെടുക്കുകയാണെങ്കിലും സംവരണം, ജാതി സെൻസസ് പോലെയുള്ള വിഷയങ്ങളിൽ ഇരുസംഘടനകൾക്കും വ്യത്യസ്തമായ നിലപാടാണുള്ളത്. ഇതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള താത്കാലിക സൗഹൃദമാണോയെന്ന ചർച്ചയും രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാണ്. നാളത്തെ എസ്എൻഡിപിയോഗത്തിന്റെ പ്രഖ്യാപനത്തിലേക്കാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Leader Page
2025 ജനുവരി 20നാണ് ഡോണൾഡ് ജെ. ട്രംപ് രണ്ടാംതവണ അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റത്. ടെക് ലോകത്തെ ശതകോടീശ്വരന്മാരും മാഗ (Make America Great Again - MAGA) ഭക്തരുമായിരുന്നു അദ്ദേഹത്തിന്റെ ചുറ്റുമുണ്ടായിരുന്നത്. അമേരിക്കൻ രാഷ്ട്രീയ കാലാവസ്ഥയിൽ സുനാമികളും ചുഴലിക്കാറ്റുകളും ആഞ്ഞടിച്ച ഒരു വർഷമാണു കടന്നുപോയതെന്നു പറഞ്ഞാൽ അതു തീർത്തും കുറഞ്ഞുപോകും. അമേരിക്കയെ മാത്രമല്ല, ലോകത്തെയാകെ അസ്ഥിരതയിലേക്കും അന്ധാളിപ്പിലേക്കും നയിച്ച വർഷമെന്നും ട്രംപിന്റെ രണ്ടാംവരവിലെ ആദ്യവർഷത്തെ വിശേഷിപ്പിക്കേണ്ടിവരും.
ട്രംപിന്റെ നീക്കങ്ങളെ സമ്പൂർണ നാടകമെന്നു നിസാരമാക്കുന്നവരുണ്ട്. എന്നാൽ, എല്ലാം കൂട്ടിവായിക്കുമ്പോൾ മറ്റൊരു ചിത്രമാണു തെളിയുന്നത്. കൂടുതൽ വ്യവസ്ഥാപിതവും അപകടകരവുമായ ഒന്ന്. ജനാധിപത്യപരമായ കരുതലും സമതുലനവും മറികടക്കുന്ന ഒന്ന്. അധികാരം വ്യക്തികേന്ദ്രീകൃതമാകുന്നു. സ്ഥാപനങ്ങൾ രാഷ്ട്രീയ ആയുധങ്ങളാകുന്നു. മഹാന്മാരായ ജോർജ് വാഷിംഗ്ടണെയും ഏബ്രഹാം ലിങ്കണെയും പരിഹസിക്കുന്ന സ്വേച്ഛാധിപത്യ ഭരണശൈലിയിലേക്കാണ് ട്രംപിന്റെ കൂപ്പുകുത്തൽ.
‘മത്സരാധിഷ്ഠിത സ്വേച്ഛാധിപത്യം’ എന്നാണ് ട്രംപ് അതിവേഗം എത്തിച്ചേരാൻ സാധ്യതയുള്ള അവസ്ഥയെ അമേരിക്കൻ രാഷ്ട്രീയ വൈജ്ഞാനികർ വിശേഷിപ്പിക്കുന്നത്. ഈ ഭരണത്തിൻകീഴിൽ സംരക്ഷണം ലഭിക്കുന്നത് ആർക്കൊക്കെ, ശിക്ഷിക്കുന്നത് ആരെയൊക്കെ, ഭരണകൂടത്തോട് വിയോജിക്കുന്നതിന് നല്കേണ്ടിവരുന്ന വില എത്ര തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയാണ് അവർ ഈ നിഗമനത്തിലെത്തിയത്.
ചരിത്രമൊരുക്കിയ വഴിയിലൂടെ
വിദേശത്തെ സൈനിക ഇടപെടലിനുള്ള അമേരിക്കയുടെ യുക്തി പുതിയതല്ല. അതിനു രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഉത്തരാഫ്രിക്കയിലേക്ക് സൈന്യത്തെ അയച്ച് 1801ൽ പ്രസിഡന്റ് തോമസ് ജഫേഴ്സൺ തുടക്കമിട്ട ധാർഷ്ട്യം ട്രംപിലൂടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലും തുടരുന്നുവെന്നേയുള്ളൂ. പടിഞ്ഞാറൻ അർധഗോളത്തെ അമേരിക്കയുടെ സ്വന്തമായി പ്രഖ്യാപിച്ചത് 1823ൽ. അമേരിക്കൻ അധിനിവേശങ്ങളുടെ ആധാരശിലയായി ‘മൺറോ ഡോക്ട്രിൻ’ മാറി. 1904ൽ പ്രസിഡന്റ് തിയഡോർ റൂസ്വെൽറ്റ് ഇത് അരക്കിട്ടുറപ്പിക്കുകയും ചെയ്തു. അഹന്തയും താൻപോരിമയും തലയ്ക്കുപിടിച്ച ട്രംപിനെപ്പോലൊരു ഭരണാധികാരിക്കു വേണ്ട സമ്മതപത്രമൊരുക്കി ചരിത്രം കാത്തിരിക്കുകയായിരുന്നു എന്നും വേണമെങ്കിൽ പറയാം.
ആദ്യവർഷത്തിന്റെ അവസാന നിമിഷങ്ങൾ
ട്രംപ് ഒരു വർഷം തീരുംമുമ്പ് അമേരിക്കയെയും ലോകത്തെയും കൊണ്ടുചെന്നെത്തിച്ച ചതിനിലങ്ങളുടെ ഭീതിദമായ അവസ്ഥയാണ് വെനസ്വേലയിൽ കണ്ടത്. ഒരു പരമാധികാര രാഷ്ട്രത്തെ ആക്രമിക്കുക. അതിന്റെ പ്രസിഡന്റായ നിക്കോളാസ് മഡുറോയെ പിടികൂടി വിചാരണയ്ക്കായി അമേരിക്കയിലെത്തിക്കുക. അവിശ്വസനീയതയോടെയാണ് ലോകം ഇതെല്ലാം കണ്ടത്.
വെനസ്വേലയെ ഇനി അമേരിക്ക ഭരിക്കുമെന്നും സ്വന്തം ധാർമികതയെയും മനസിനെയുമാണ് താൻ പിന്തുടരുന്നതെന്നും അഹന്തയുടെ ഭാഷയിൽ ട്രംപ് ആക്രോശിച്ചത് വരാനിരിക്കുന്ന കറുത്ത ദിനങ്ങളിലേക്കുള്ള സൂചികയാണ്. ഗ്രീൻലാൻഡ് അമേരിക്കയ്ക്കു വേണം, ക്യൂബയെ ആക്രമിക്കും തുടങ്ങിയ ഗുണ്ടാപ്രഖ്യാപനങ്ങൾ വേറെയും. വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ അടിയറവച്ച നൊബേൽ ഫലകവും പിടിച്ച് നെഞ്ചുവിരിച്ചു നിൽക്കുന്ന ഡോണൾഡ് ട്രംപ് ഇരുപത്തൊന്നാം നൂറ്റാണ്ട് കണ്ട മികച്ച കോമാളിക്കാഴ്ചകളിലൊന്നാകുന്നു. അസ്ഥാനത്ത് മുളയ്ക്കുന്ന എല്ലാ ആൽമരങ്ങളും തണലാക്കാനുള്ള ട്രംപിയൻ വിരുത് ഏതറ്റം വരെ പോകുമെന്ന ആശങ്ക എവിടെയുമുണ്ട്.
സ്തുതിപാഠകർക്ക് ആദരം
2021 ജനുവരി ആറിന് കാപ്പിറ്റോളിന് നേരേയുണ്ടായ ആക്രമണത്തിൽ കുറ്റാരോപിതരായ 1,600 പേർക്ക് മാപ്പ് നൽകിക്കൊണ്ടായിരുന്നു ട്രംപിന്റെ രണ്ടാമൂഴം തുടങ്ങിയത്. വിധേയർക്ക് രക്ഷ, വിമർശകർക്ക് ശിക്ഷ എന്ന ട്രംപ് ശൈലിയിലേക്കുള്ള ആദ്യ ചുവടുവയ്പ്. ‘പ്രൗഡ് ബോയ്സ്, ഓത്ത് കീപ്പേഴ്സ്’ തുടങ്ങിയ തീവ്ര വലതുപക്ഷ സംഘങ്ങളിലെ 14 അംഗങ്ങളുടെ ശിക്ഷ ഇളവ് ചെയ്തു.
എക്സിക്യൂട്ടീവ് ഓർഡറുകൾ
എക്സിക്യൂട്ടീവ് ഓർഡറുകളായിരുന്നു ട്രംപിന്റെ ആവേശം. ഇതുവരെയുള്ള കണക്കിൽ 229 എണ്ണം. 2025 ജനുവരി അവസാനത്തോടെ, ഫെഡറൽ പൊതു സർവീസിലെ നിയമനങ്ങൾ മരവിപ്പിക്കാനും ഫെഡറൽ സർക്കാരിലുടനീളമുള്ള വൈവിധ്യം, സമത്വം, ഉൾച്ചേർക്കൽ പദ്ധതികൾ അവസാനിപ്പിക്കാനും പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നും ലോകാരോഗ്യ സംഘടനയിൽനിന്നും പിന്മാറാനും അദ്ദേഹം ഈ അധികാരം ഉപയോഗിച്ചു.
വേറെയുമുണ്ട് എക്സിക്യൂട്ടീവ് ഓർഡറുകൾ. ഫെഡറൽ വകുപ്പുകളിലെ ചെലവ് കുറയ്ക്കുന്നതിനായി ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി രൂപീകരിക്കുക, നീതിന്യായ വകുപ്പിനെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കാൻ ഏജൻസികൾക്ക് നിർദേശം നൽകുക, മെക്സിക്കോ ഉൾക്കടലിന്റെ പേര് മാറ്റുക, സ്കൂൾ വിദ്യാഭ്യാസത്തിലെ തീവ്രമായ മസ്തിഷ്കപ്രക്ഷാളനം അവസാനിപ്പിക്കുക എന്നിവയെല്ലാം ഇതിൽപ്പെടും. ട്രംപ് ഭരണകൂടത്തിന്റെ യാഥാസ്ഥിതിക മാതൃക തെരഞ്ഞെടുപ്പിന് വളരെ മുമ്പുതന്നെ വ്യക്തമായിരുന്നു. ഫെഡറൽ സർക്കാരിലെ സ്വാതന്ത്ര്യത്തിന്റെ കൊച്ചുകൊച്ച് അറകൾ തിരിച്ചറിയുകയും അവ പിടിച്ചെടുക്കുകയും ചെയ്യുക എന്നതായിരുന്നു അത്.
താരിഫ് പ്രഖ്യാപനവും അനിശ്ചിതത്വവും
അമേരിക്കയുടെ കർശനമായ ഇറക്കുമതി നികുതികൾ അയൽരാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കുകയും ലോക സാമ്പത്തികരംഗത്ത് വലിയ അസ്ഥിരത ഉണ്ടാക്കുകയും ചെയ്തു.
ഫെബ്രുവരി ഒന്ന്: കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് 25% താരിഫും (എണ്ണയ്ക്കും ഊർജത്തിനും 10%), ചൈനീസ് ചരക്കുകൾക്ക് 10% താരിഫും ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ, ചർച്ചകൾക്ക് ശേഷം ഇത് ഒരു മാസത്തേക്ക് നീട്ടിവച്ചു. ഈ സമയത്ത് മറ്റ് രാജ്യങ്ങൾക്കും സമാനമായ ‘പകരച്ചുങ്കം’ ഏർപ്പെടുത്താൻ അദ്ദേഹം ആലോചിച്ചു.
മാർച്ച് നാല്: കാനഡയ്ക്കെതിരേയുള്ള താരിഫുകൾ നിലവിൽ വന്നു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു.
കാനഡയെ അമേരിക്കയുടെ ‘51-ാമത്തെ സംസ്ഥാനം’ എന്ന് ട്രംപ് വിശേഷിപ്പിച്ചത് കാനഡയിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് കാരണമായി. സാമ്പത്തിക വിദഗ്ധനായ മാർക്ക് കാർണി പ്രധാനമന്ത്രിയുടെ ഓഫീസിൽ ചുമതലയേൽക്കുന്നതുവരെ കാര്യങ്ങൾ നീങ്ങി.
മാർച്ച് 5-6 തീയതികളിൽ വാഹനം ഒഴികെയുള്ള ചരക്കുകളുടെ നികുതി താത്കാലികമായി മാറ്റിവെച്ചു.
മാർച്ച് 11: വൈദ്യുതിക്ക് സർചാർജ് ഏർപ്പെടുത്താനുള്ള ഒണ്ടേറിയോ പ്രീമിയർ ഡഗ് ഫോർഡിന്റെ നീക്കത്തിന് മറുപടിയായി കനേഡിയൻ അലുമിനിയം, സ്റ്റീൽ എന്നിവയ്ക്ക് 50% നികുതി ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി (പിന്നീട് പിന്മാറി).
മാർച്ച് 12: സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 25% നികുതി നിലവിൽ വന്നു (ഇത് ജൂണിൽ 50% ആയി വർധിപ്പിക്കുമെന്നും പ്രഖ്യാപിച്ചു). ഇത് ലോകമെമ്പാടുമുള്ള രാജ്യങ്ങളെ അമേരിക്കയ്ക്കെതിരേ പ്രതികരിക്കാൻ പ്രേരിപ്പിച്ചു.
കാറുകൾക്കും മറ്റ് അനുബന്ധ ഭാഗങ്ങൾക്കും 25% നികുതി വന്നതോടെ ലോകത്തെ മിക്ക വ്യാപാരപങ്കാളികൾക്കും അമേരിക്ക 10% നികുതി ഏർപ്പെടുത്തി. ഇത് ആഗോള ഓഹരിവിപണികളിൽ വലിയ ഇടിവിന് കാരണമായി. ചൈനയും ശക്തമായി തിരിച്ചടിച്ചു.
ഏപ്രിൽ 9: വിപണിയിലെ തകർച്ചയും അരാജകത്വവും കണക്കിലെടുത്ത് 90 ദിവസത്തേക്ക് ഈ താരിഫുകൾ ട്രംപ് നിർത്തിവച്ചു.
ഏപ്രിൽ 11: സാധാരണക്കാരെ ബാധിക്കുന്ന ഇലക്ട്രോണിക്സ്, സ്മാർട്ട് ഫോണുകൾ, കംപ്യൂട്ടറുകൾ എന്നിവയ്ക്ക് ഇളവുകൾ നൽകി.
ഇലോൺ മസ്കിന്റെ വിളയാട്ടം
ഇലോൺ മസ്കിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) ഫെഡറൽ പബ്ലിക് സർവീസിനെ ഇല്ലാതാക്കാൻ ഒരു ‘വെട്ടിച്ചുട്ട്’ പ്രചാരണം തുടങ്ങി. മസ്കും അദ്ദേഹത്തിന്റെ ഇരുപതംഗ സംഘവും കോൺഗ്രസ് അധികാരം, സിവിൽ സർവീസ് പരിരക്ഷകൾ, ജനാധിപത്യ ഉത്തരവാദിത്വത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ എന്നിവ ലംഘിച്ചുകൊണ്ടാണ് പ്രവർത്തിച്ചത്. വ്യക്തിഗത ഡാറ്റയിലേക്കും സർക്കാർ സാമ്പത്തിക സംവിധാനങ്ങളിലേക്കും വലിയ തോതിൽ പ്രവേശനം നേടുകയും ചെയ്തു.
പ്രസിഡന്റ് ട്രംപ് അധികാരത്തിന്റെ ആദ്യമാസത്തിൽ വിദേശസഹായ ചെലവുകൾ മരവിപ്പിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് പിരിച്ചുവിടാനുള്ള നടപടി തുടങ്ങി. തുടർമാസങ്ങളിൽ എല്ലാ ഫെഡറൽ വകുപ്പുകളിലും വലിയ പ്രക്ഷോഭമുണ്ടായി. പിരിച്ചുവിടൽ പതിവായി. മാർച്ചിൽ, വിദ്യാഭ്യാസ വകുപ്പിൽനിന്ന് 1,300 ലധികം ഫെഡറൽ തൊഴിലാളികളെ പുറത്താക്കി. തുടർന്ന് ആരോഗ്യ-മനുഷ്യ സേവന വകുപ്പിൽ പതിനായിരത്തോളം പേരെയാണ് പിരിച്ചുവിട്ടത്. ഫെഡറൽ ഗവൺമെന്റിനെ ചുരുക്കാനുള്ള നാടകീയമായ പദ്ധതിയായിരുന്നു ഇത്.
മച്ചാനും മച്ചാനും കടുത്ത ശത്രുതയിലേക്ക്
മച്ചാനും മച്ചാനുമായിരുന്ന ട്രംപും ഇലോൺ മസ്കും അടിച്ചുപിരിഞ്ഞതും, ചിരിക്കണോ കരയണോ എന്നറിയാതെ നമ്മൾ കണ്ടുനിന്നു. ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയും ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവും തമ്മിലുള്ള സൗഹൃദവും വേർപിരിയലുമായിരുന്നു അത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുവേണ്ടി മസ്ക് ഏകദേശം 277 മില്യൺ ഡോളർ ചെലവഴിച്ചെന്നോർക്കണം. തെരഞ്ഞെടുപ്പിനു ശേഷം കാബിനറ്റിന് കീഴിൽ ‘ഡോജ്’ എന്ന പുതിയ സംവിധാനമുണ്ടാക്കി മസ്കിനെ അതിന്റെ തലവനായി നിയമിക്കുകയും ചെയ്തു.
പരസ്പരം പുകഴ്ത്താൻ മത്സരിക്കുകയായിരുന്നു ഇരുവരും. എന്നാൽ എല്ലാം പൊട്ടിത്തകരാൻ അധികസമയം വേണ്ടിവന്നില്ല. ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന നികുതി-ചെലവ് ബില്ലാണ് ഇവർക്കിടയിൽ വില്ലനായത്. ബിൽ അമേരിക്കയ്ക്ക് ബാധ്യത മാത്രമേ ഉണ്ടാക്കൂവെന്ന് മസ്ക് തുറന്നടിച്ചു. ഇത് ട്രംപിന്റെ സമനില തെറ്റിച്ചു. മസ്ക് ‘ഡോജി’ൽനിന്നു രാജിവച്ചു.
ലൈംഗികാരോപണങ്ങളുള്ള എപ്സ്റ്റീൻ ഫയലിൽ ട്രംപിന്റെ പേരുണ്ട് എന്നു പറഞ്ഞ് മസ്ക് ആക്രമണം വ്യക്തിപരമാക്കി. പിന്നെ കണ്ടത് മസ്കിന്റെ കമ്പനികളെ തകർക്കാനുള്ള ട്രംപിന്റെ നീക്കങ്ങളാണ്. മസ്കിന് വ്യക്തിപരമായി ഏകദേശം 8.73 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് കണക്ക്. ട്രംപിന്റെ സ്ഥിരതയില്ലായ്മയുടെ മറ്റൊരു ബിഗ് ഷോ ആയി ഇത്.
ഇറാനും അമേരിക്കയും
2025 ജൂണിൽ അമേരിക്ക ഇറാനിലെ മൂന്ന് പ്രധാന ആണവനിലയങ്ങൾക്കു നേരെ നടത്തിയ വ്യോമാക്രമണം (ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ) പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ ഇളക്കിമറിച്ചു. 2025 ജൂൺ 13 മുതൽ ഇസ്രയേലും ഇറാനും തമ്മിൽ നടന്ന 12 ദിന യുദ്ധമാണ് ഇതിലേക്ക് നയിച്ചത്. ഇറാൻ അവരുടെ ആണവബാധ്യതകൾ ലംഘിക്കുന്നു എന്നാരോപിച്ച് അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ സമ്മർദതന്ത്രത്തിന്റെ ഭാഗമായിരുന്നു അമേരിക്കൻ നടപടി. ശക്തിയിലൂടെ സമാധാനം എന്ന ട്രംപിന്റെ നയം ഇവിടെയും മുന്നിട്ടു നിന്നു.
ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ഈ ആക്രമണത്തെ ശക്തമായി അപലപിച്ചു.
ഏറ്റവുമൊടുവിൽ ഇറാനിൽ ഭരണകൂടത്തിനെതിരേ നടക്കുന്ന പ്രക്ഷോഭത്തിലും അമേരിക്കൻ ഇടപെടൽ ഉണ്ടാകുമെന്ന സ്ഥിതി നിലനിൽക്കുന്നു. സൈനിക നടപടി തത്കാലം വേണ്ടെന്നു വയ്ക്കാൻ ട്രംപിനെ പ്രേരിപ്പിച്ചത് ഗൾഫ് രാജ്യങ്ങളാണെന്ന് റിപ്പോർട്ടുണ്ട്. ഇറാനെ ആക്രമിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും അമേരിക്കയ്ക്ക് ഗുണം ചെയ്യില്ലെന്നും സൗദി അറേബ്യയും ഖത്തറും ട്രംപിനെ ബോധ്യപ്പെടുത്തിയെന്നാണ് വാർത്ത.
കുടിയേറ്റത്തോടുള്ള സമീപനം
ഭരണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ അതിർത്തി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ തീവ്രമായ നടപടികൾ സ്വീകരിച്ചു. തെക്കൻ അതിർത്തിയിൽ (മെക്സിക്കോ അതിർത്തി) അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽനിന്നു കുടിയേറ്റക്കാരെ പിടികൂടുന്നതിൽ ഐസിഇ ഏജന്റുമാർക്ക് ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി. അഭയാർഥികൾക്ക് അഭയം നൽകുന്നത് തടയുകയും അമേരിക്കയിൽ ജനിക്കുന്നവർക്കു നേരിട്ട് പൗരത്വം ലഭിക്കുന്ന ‘ജന്മാവകാശ പൗരത്വം’അവസാനിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു.
അനധികൃതമായി എത്തുന്നവരെ മാത്രമല്ല, നിയമപരമായി വരാൻ ആഗ്രഹിക്കുന്നവരെയും ഈ നയങ്ങൾ ബാധിച്ചു. അഫ്ഗാനിസ്ഥാൻ, ഹെയ്തി, ഇറാൻ തുടങ്ങി ഏകദേശം ഇരുപതോളം രാജ്യങ്ങളിൽനിന്നുള്ളവർക്ക് അമേരിക്കയിലേക്ക് വരുന്നതിനു വിലക്കേർപ്പെടുത്തി. ചില രാജ്യങ്ങളിൽനിന്നുള്ള അപേക്ഷകൾ സ്ഥിരമായി തടഞ്ഞുവച്ചതിനെ ട്രംപ് ന്യായീകരിച്ചു. ആ രാജ്യങ്ങളെക്കുറിച്ച് വംശീയവും മോശവുമായ പരാമർശങ്ങൾ അദ്ദേഹം നടത്തി.
ഉയർന്ന വൈദഗ്ധ്യമുള്ള ജോലിക്കാർക്കായി (പ്രത്യേകിച്ച് ഐടി മേഖലയിൽ) നൽകുന്ന എച്ച്1 ബി വിസയിലും വലിയ മാറ്റങ്ങൾ വരുത്തി. ഈ നിയമം പെട്ടെന്ന് നടപ്പിലാക്കിയത് വീസ ഉള്ളവർക്കിടയിലും കമ്പനികൾക്കിടയിലും വലിയ പരിഭ്രാന്തിയുണ്ടാക്കി.
പൗരാവകാശവും ലിംഗനീതിയും
കൂടുതൽ യാഥാസ്ഥിതികവും ദേശീയതാവാദപരവുമായ ഭരണരീതിയിലേക്കുള്ള മാറ്റമാണ് ഒരു വർഷത്തിനിടെ അമേരിക്കയിൽ കണ്ടത്. അവയിൽ പ്രധാനപ്പെട്ടത് ഇവയാണ്:
വൈവിധ്യവും തുല്യതയും ഉറപ്പാക്കുന്നതിനായി സർക്കാർ ഓഫീസുകളിൽ നിലനിന്നിരുന്ന എല്ലാ പ്രോഗ്രാമുകളും ഗ്രാന്റുകളും നിർത്തലാക്കി.സ്കൂളുകളിലും കോളജുകളിലും ഡിഇഐ (ഡൈവേഴ്സിറ്റി, ഇക്വിറ്റി ആൻഡ് ഇൻക്ലുഷൻ) പ്രോഗ്രാമുകൾ നടപ്പിലാക്കുന്നവർക്കുള്ള ഫണ്ട് വെട്ടിക്കുറച്ചു. പകരം ‘ദേശസ്നേഹ വിദ്യാഭ്യാസം’ പ്രോത്സാഹിപ്പിക്കുന്ന രീതിയിലേക്ക് ഫെഡറൽ സഹായങ്ങൾ മാറ്റി. പ്രായപൂർത്തിയാകാത്തവരുടെ ലിംഗമാറ്റ ചികിത്സകൾ നിയന്ത്രിക്കുകയും ട്രാൻസ്ജെൻഡർ സ്ത്രീകൾക്ക് വനിതാ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.
അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്തെ ചരിത്രവുമായി ബന്ധപ്പെട്ട പ്രതിമകൾ പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടു. സർക്കാർ വെബ്സൈറ്റുകളിൽനിന്നും ഔദ്യോഗിക ആശയവിനിമയങ്ങളിൽനിന്നും ‘അസമത്വം’, ‘വംശം’, ‘സ്ത്രീകൾ’, ‘ദുർബല ജനവിഭാഗങ്ങൾ’ തുടങ്ങിയ പദങ്ങൾ നീക്കം ചെയ്യുകയോ നിയന്ത്രിക്കുകയോ ചെയ്തു. സ്ത്രീകളെയും എൽജിബിടിക്യു വിഭാഗങ്ങളെയുംകുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികരേഖകളിൽനിന്ന് ഒഴിവാക്കി. നാഷണൽ സയൻസ് ഫൗണ്ടേഷൻ (എൻഎസ്എഫ്), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) തുടങ്ങിയ പ്രമുഖ ഏജൻസികൾ നൽകിയിരുന്ന ആയിരക്കണക്കിന് ഗ്രാന്റുകൾ വെട്ടിക്കുറയ്ക്കുകയോ മരവിപ്പിക്കുകയോ ചെയ്തു.
ചാർലി കിർക്കിന്റെ കൊലപാതകം
2025 സെപ്റ്റംബറിൽ യൂട്ടാ കോളജ് കാമ്പസിൽവച്ച് വലതുപക്ഷ പ്രവർത്തകനായ ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു. ഇത് അമേരിക്കയിലെ യാഥാസ്ഥിതികർക്കിടയിൽ വലിയ പ്രതിഷേധത്തിനും ദുഃഖത്തിനും കാരണമായി. കൃത്യമായ അന്വേഷണത്തിനു മുമ്പുതന്നെ ഈ കൊലപാതകത്തിന് ഉത്തരവാദി തീവ്ര ഇടതുപക്ഷമാണെന്ന് ട്രംപ് ആരോപിച്ചു. ഈ കൊലപാതകം ഒരു കാരണമാക്കി ഭരണകൂടം തങ്ങളുടെ വിമർശകരെ അടിച്ചമർത്താൻ തുടങ്ങി.
ഹാർവാഡ് സർവകലാശാലയ്ക്കെതിരേ
അമേരിക്കയിലെ ഏറ്റവും പ്രശസ്തവും സമ്പന്നവുമായ ഹാർവാഡ് സർവകലാശാലയെയും ട്രംപ് വരുതിയിലാക്കാൻ ശ്രമിച്ചു. മറ്റ് സർവകലാശാലകൾക്കുള്ള താക്കീതു കൂടിയായിരുന്നു ഇത്.
സാമ്പത്തിക നിയന്ത്രണം: ഹാർവാഡിന് ലഭിക്കേണ്ട രണ്ടു ബില്യൺ ഡോളർ ധനസഹായം മരവിപ്പിച്ചു.
അഡ്മിഷൻ നിയന്ത്രണം: വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിൽ നിന്ന് സർവകലാശാലയെ തടയാൻ ശ്രമിച്ചു.
നികുതി ഇളവ്: സർവകലാശാലകൾക്ക് ലഭിക്കുന്ന നികുതി ഇളവ് പദവി റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി.
ഭരണകൂടത്തിന്റെ സമ്മർദത്തിനു വഴങ്ങാതെ ഹാർവാഡ് നിയമപരമായി പോരാടാൻ തീരുമാനിച്ചു. ഗവൺമെന്റ് ഫണ്ട് തടഞ്ഞുവയ്ക്കുന്നത് നിയമവിരുദ്ധമാണ് എന്നു ചൂണ്ടിക്കാട്ടി അവർ കോടതിയെ സമീപിച്ചു.
കാമ്പസുകളിൽ ജൂതവിരുദ്ധത തടയുന്നതിൽ പരാജയപ്പെടുന്നു, വൈവിധ്യം ഉറപ്പാക്കുന്ന പ്രോഗ്രാമുകൾ ഇപ്പോഴും തുടരുന്നു എന്നതൊക്കെയായിരുന്നു ട്രംപിന്റെ കാരണങ്ങൾ.
എന്നാൽ ഇതിനു പിന്നിലെ രാഷ്ട്രീയലക്ഷ്യം വ്യക്തമായിരുന്നു. പ്രസിഡന്റിന്റെ അധികാരത്തെ ചോദ്യംചെയ്യാൻ സാധ്യതയുള്ള, സമൂഹത്തിലെ സ്വാധീനശക്തിയുള്ള സ്ഥാപനങ്ങളെ (പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ) ഭയപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുകയും മറ്റുള്ള സ്ഥാപനങ്ങൾക്കു മുന്നറിയിപ്പ് നല്‍കുകയുമായിരുന്നു ഉദ്ദേശ്യം.
‘ബ്രോമാൻസ്’ ബന്ധത്തിൽ ഇടർച്ച
തന്ത്രപരമായ ആവശ്യങ്ങളും വൈകാരികമായ പ്രകടനങ്ങളും ചേർന്നതായിരുന്നു ട്രംപ്-മോദി സൗഹൃദം. രണ്ടുപേരും തങ്ങളുടെ വ്യക്തിത്വങ്ങളെ മുൻനിർത്തി രാഷ്ട്രീയം കളിക്കുന്നവരാണ്. 2019ൽ ഹൂസ്റ്റണിൽ നടന്ന ‘ഹൗഡി മോദി’യും 2020ൽ അഹമ്മദാബാദിൽ നടന്ന ‘നമസ്തേ ട്രംപും’ ഈ രാഷ്ട്രീയനാടകത്തിലെ പ്രധാന രംഗങ്ങളായിരുന്നു. എന്നാൽ പിന്നീടത് പരിഹാസ്യമായ തലങ്ങളിലേക്ക് നീങ്ങുന്നതാണു കണ്ട്.
ട്രംപിന്റെ ഒന്നാമൂഴത്തിലെ ‘ബ്രോമാൻസ്’ ബന്ധം രണ്ടാമൂഴത്തിൽ തലതിരിഞ്ഞപോലെയാണ് കാണുന്നത്. മോദിയെ വകവയ്ക്കാത്ത ട്രംപും, ട്രംപിനു മുന്നിൽ മിണ്ടാട്ടം മുട്ടിയ മോദിയും. താരിഫിൽ മുക്കി മോദി ‘അനുഗ്രഹിച്ച’പ്പോൾ മറ്റ് വിപണികൾ തേടാൻ ഇന്ത്യ നിർബന്ധിതമായി.
2025 ഫെബ്രുവരി അഞ്ചിന് യുഎസ് സൈന്യത്തിന്റെ സി17 വിമാനത്തിൽ അമൃത്സറിലേക്കു കയറ്റിവിട്ട ഇന്ത്യക്കാരോട് അമേരിക്ക കാണിച്ച മനുഷ്യത്വവിരുദ്ധമായ നടപടിയിൽ വേണ്ടവിധം പ്രതിഷേധിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. താരിഫ് ഇളവുകൾ വഴി മോദി തന്നെ സന്തോഷിപ്പിക്കേണ്ടതായിരുന്നു എന്ന ഈയിടത്തെ ട്രംപ് അരുളപ്പാടും ഇരുരാജ്യങ്ങളുടെയും വ്യാപാരബന്ധങ്ങളുടെ അന്തരീക്ഷത്തിൽ മുഴങ്ങുന്ന അപസ്വരമാണ്.
എന്തായാലും. കാർമേഘപടലങ്ങൾ ഉരുണ്ടുകൂടി അന്തരീക്ഷം ഇരുളുമ്പോഴും സൗഹൃദത്തിന്റേതെന്നു തോന്നിക്കുന്ന മിന്നൽപ്പിണരുകൾ പായിച്ച് വെളിച്ചം വരുന്നു എന്ന പ്രതീതിയുണ്ടാക്കാൻ ഇരുവരും കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്.
സാധാരണക്കാർക്കും ദുരിതം
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ‘മെഡികെയ്ഡി’നുള്ള തുക വെട്ടിക്കുറച്ചു. നിബന്ധനകൾ കടുപ്പിച്ചു. 2034 ആകുമ്പോഴേക്കും ഏകദേശം 1.18 കോടി ആളുകൾക്കാണ് ആരോഗ്യ ഇൻഷ്വറൻസ് നഷ്ടപ്പെടുക. ഭക്ഷണസഹായ പദ്ധതിയിലും വെട്ടിക്കുറവ് വരുത്തി. കോർപറേറ്റുകൾക്കും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും മുൻഗണന നൽകുന്നതിനിടയിൽ പാവപ്പെട്ടവരുടെ ക്ഷേമപദ്ധതികൾ ഇല്ലാതാകുന്നു എന്നാണ് പൊതുവെയുള്ള നിരീക്ഷണം.
ജനാധിപത്യത്തിന്റെ കരുത്ത്
ഏതൊരു ജനാധിപത്യ സംവിധാനത്തിലും ഭരണകൂടത്തിന്റെ തെറ്റായ നടപടികളെ പ്രതിരോധിക്കാനുള്ള അവസാനത്തെയും ഏറ്റവും വലുതുമായ ശക്തി സാധാരണക്കാരായ ജനങ്ങളാണ്. ഭയത്തിന് വഴങ്ങാതെ അവർ ഒന്നിച്ചു നിൽക്കുമ്പോഴാണ് ജനാധിപത്യം സംരക്ഷിക്കപ്പെടുന്നത്. ഈ വസ്തുത ഏറ്റവുമധികം വ്യക്തമാക്കിത്തന്ന ഒരു ‘ട്രംപിയൻ വർഷ’മാണ് ആഗോള രാഷ്ട്രീയത്തിൽ കടന്നുപോയത്.
Kerala
തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾക്കായി സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നു തുടങ്ങും. തിരുവനന്തപുരത്ത് വിളപ്പിൽശാലയിലെ ഇഎംഎസ് അക്കാദമിയിൽ 18വരെയാണു യോഗം.
കേരളത്തിനു പുറമേ തമിഴ്നാട്, ബംഗാൾ, പോണ്ടിച്ചേരി, ആസാം എന്നീ സംസ്ഥാനങ്ങളിലാണു നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നത്. ഇതിൽ കേരളത്തിൽ മാത്രമാണു സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ ഭരണത്തിലുള്ളത്. അതുകൊണ്ടുതന്നെ കേരളത്തിൽ ഭരണം നിലനിർത്തുക എന്നതു തന്നെയായിരിക്കും യോഗത്തിലെ പ്രധാന ചർച്ചാ വിഷയം.
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടർന്നു തിരുത്തലുകൾ വരുത്തണമെന്നു നേരത്തേ ചേർന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗം സംസ്ഥാന പാർട്ടിക്കു നിർദേശം നൽകിയിരുന്നു.
ഹിന്ദുവോട്ടുകൾ നഷ്ടപ്പെടുന്നതും ന്യൂനപക്ഷ സമുദായങ്ങൾ യുഡിഎഫുമായി അടുക്കുന്നതും നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണു സിപിഎം കേന്ദ്ര നേതൃത്വവും നടത്തിയത്. ഈ സാഹചര്യത്തിൽ വീണ്ടും ഭരണത്തിലെത്താനുള്ള മാർഗങ്ങളാകും കേരളത്തെ സംബന്ധിച്ചു പാർട്ടി കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യുക.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ വ്യാഴാഴ്ച അമേരിക്കൻ പ്രസിഡന്റ ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. വെനസ്വലേൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം തട്ടിക്കൊണ്ടുവന്ന് ജയിലിലടച്ച പശ്ചാത്തലത്തിലാണു കൂടിക്കാഴ്ച.
മഡുറോയെ സ്ഥാനഭ്രഷ്ടനാക്കിയെങ്കിലും മരിയ നേതൃത്വം നല്കുന്ന പ്രതിപക്ഷത്തെ വെനസ്വേലൻ ഭരണം ഏല്പിക്കാൻ ട്രംപ് തയാറായില്ല. 2024ലെ വെനസ്വേലൻ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമാണു ജയിച്ചതെന്നാണ് അമേരിക്കയും പാശ്ചാത്യശക്തികളും വിലയിരുത്തുന്നത്.
മഡുറോയ്ക്കെതിരായ നടപടിയിൽ ട്രംപിനു നേരിട്ടു നന്ദി അറിയിക്കണമെന്നും തനിക്കു ലഭിച്ച സമാധാന നൊബേൽ പുരസ്കാരം ട്രംപിനു സമ്മാനിക്കണമെന്നും മരിയ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. സമാധാന നൊബേൽ കൈമാറുന്നതു വലിയ ബഹുമതിയാണെന്നാണു ട്രംപ് പ്രതികരിച്ചത്. അതേസമയം, പുരസ്കാരം കൈമാറാനാകില്ലെന്നാണു നൊബേൽ കമ്മിറ്റി വ്യക്തമാക്കിയത്.
മരിയയ്ക്ക് വെനസ്വേല ഭരിക്കാനുള്ള കഴിവും ജനപിന്തുണയും ഇല്ലെന്നാണ് ട്രംപ് നേരത്തേ പറഞ്ഞിട്ടുള്ളത്. എന്നാൽ, വെനസ്വേലൻ ഭരണം പ്രതിപക്ഷത്തിനു കൈമാറണം എന്നാണു മരിയ ആവശ്യപ്പെട്ടത്.
ട്രംപിന്റെ പിന്തുണയോടെ വെനസ്വേലൻ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിൽ വിശ്വാസമില്ലെന്നും മരിയ വ്യക്തമാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: കെസ്ആർടിസി ഡ്രൈവർമാരുടെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം അപകടങ്ങൾ പതിവാകുകയാണെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർമാർ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ചു പരാതി സമഗ്രമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റീ സ് അലക്സാണ്ടർ തോമസ്.
കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ, റോഡ് സുരക്ഷാ കമ്മീഷണർ, ജില്ലാ പോലീസ് മേധാവി (സിറ്റി, റൂറൽ) ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ എന്നിവർ യോഗത്തിൽ പങ്കെടുക്കണം. അപകടങ്ങൾ വർധിക്കുന്നതിന്റെ കാരണങ്ങൾ പരിശോധിച്ച് അവ ഒഴിവാക്കാനുള്ള പ്രായോഗിക നിർദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാകളക്ടർ നൽകണം.
യോഗത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ കെഎസ്ആർടിസി എംഡി, റോഡ് സുരക്ഷാ കമ്മീഷണർ, ജില്ലാ പോലീസ് മേധാവി (സിറ്റി, റൂറൽ) എന്നിവർ ഒരു മാസത്തിനകം കമ്മീഷനിൽ സമർപ്പിക്കണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണു നടപടി.
National
ന്യൂഡൽഹി: അടുത്ത സാന്പത്തികവർഷത്തെ ബജറ്റിനു മുന്നോടിയായി സാന്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
നീതി ആയോഗ് ആസ്ഥാനത്തു നടന്ന കൂടിക്കാഴ്ചയിൽ ധനമന്ത്രി നിർമല സീതാരാമൻ, നീതി ആയോഗ് ഉപാധ്യക്ഷൻ സുമൻ ബെരി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ബജറ്റിലെ പ്രധാന ഉള്ളടക്കങ്ങൾ യോഗത്തിൽ ചർച്ചയായി.
സാന്പത്തിക, കാർഷിക, എംഎസ്എംഇ, ഉത്പാദനം, സ്റ്റാർട്ടപ്, ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗത്തിന്റെ പ്രമേയം"ആത്മനിർഭരതയും ഘടനാപരമായ പരിവർത്തനവും: വികസിത ഭാരതത്തിനുള്ള അജൻഡ' എന്നതായിരുന്നു.
ചൈന അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി ആശ്രയത്വം കുറച്ച് ചരക്ക് കയറ്റുമതി വർധിപ്പിക്കാനും സേവന കയറ്റുമതി വൈവിധ്യവത്കരിക്കുന്നതിനുമുള്ള തന്ത്രങ്ങൾ യോഗത്തിൽ ചർച്ചയായെന്നാണു സൂചന.
യുദ്ധങ്ങളുടെയും ആഗോള അനിശ്ചിതത്വത്തിന്റെയും രൂപയുടെ വിലയിടിവിന്റെയും പശ്ചാത്തലത്തിലുള്ള 2026-27 സാന്പത്തികവർഷത്തെ ബജറ്റ് പ്രഖ്യാപനങ്ങൾ രാജ്യത്തിന്റെ സാന്പത്തികഭാവിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
National
ബംഗളൂരു: യെലഹങ്കയിലെ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി ചർച്ച ചെയ്യാൻ കർണാടക സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ഇന്ന് വൈകിട്ട് നിര്‍ണായക യോഗം ചേരും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഭവന നിർമ്മാണ മന്ത്രി സമീർ അഹമ്മദ് എന്നിവർ യോഗത്തിൽ പങ്കെടുക്കും.
സിപിഎം വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തതോടെ കോഗിലു ക്രോസിലെ കയ്യേറ്റമൊഴിപ്പിക്കൽ ദേശീയതലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ഇതിനുപിന്നാലെ വിഷയത്തിൽ ഇടപെട്ട കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ഇന്ന് കർണാടക മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്. കുടിയൊഴിപ്പിച്ച മൂവായിരത്തോളം പേരെ താൽക്കാലികമായി പുനരധിവസിപ്പിക്കാനുള്ള തീരുമാനം ഇന്ന് സർക്കാർ പ്രഖ്യാപിച്ചേക്കും.
മുന്നൂറോളം വീടുകൾ ജെസിബികൾ ഉപയോഗിച്ച് തകർത്തതോടെ തെരുവിൽ കഴിയുകയാണ് പലരും. കര്‍ണാടകയിലേത് ബുള്‍ഡോസര്‍ രാജ് ആണെന്ന ആരോപണവുമായാണ് സിപിഎം അടക്കമുള്ളവര്‍ രംഗത്തെത്തിയത്. വിഷയം സിപിഎം രാഷ്ട്രീയമായി ഏറ്റെടുത്തിതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിഷയത്തിൽ ഇടപ്പെട്ടത്.
എഐസിസി നേതൃത്വം വിശദീകരണം തേടിയിരുന്നു. വീട് നഷ്ടപ്പെട്ടവർക്കായി ഫ്ലാറ്റുകൾ നിർമിച്ച് കൈമാറാനാണ് സർക്കാർ നീക്കം.കർണാടക കോൺഗ്രസിന്റെ ബുൾഡോസർ രാഷ്ട്രീയത്തെ വിമർശിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായ ഭാഷയിൽ സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.
യുപി മോഡൽ സംഘപരിവാർ അജണ്ട എന്നുള്ള ആക്ഷേപമാണ് മുഖ്യമന്ത്രി ഉയർത്തിയത്. ഇതിന് മറുപടിയുമായി കർണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രംഗത്ത് വന്നിരുന്നു.
Kerala
തിരുവനന്തപുരം: ഓഫീസ് മുറി തർക്കത്തിനു പിന്നാലെ വട്ടിയൂർകാവ് എംൽഎ വി.കെ. പ്രശാന്തുമായി കൂടിക്കാഴ്ച നടത്തി ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ.
വി.കെ. പ്രശാന്ത് സഹോദര തുല്യനാണെന്നും സ്ഥല പരിമിതി ചൂണ്ടിക്കാണിച്ചുവെന്നും ഓഫീസ് മാറി നൽകണമെന്ന് അഭ്യർഥിക്കുകയായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു. വി.കെ. പ്രശാന്തിനെ എംഎൽഎ ഓഫീസിലെത്തിയാണ് ആർ. ശ്രീലേഖ കണ്ടത്.
അതേസമയം, എംഎൽഎയ്ക്ക് മുകളിൽ അല്ല കൗൺസിലർ എന്നും മേയർ ആകാത്തതിന്റെ നിരാശ തന്നോട് കാണിക്കണോയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം വി.കെ. പ്രശാന്ത് മാധ്യമങ്ങളോടു പറഞ്ഞു.
Kerala
കോട്ടയം: പാലായിൽ ബിനു പുളിക്കകണ്ടവുമായി കൂടിക്കാഴ്ച നടത്തി സിപിഎം നേതാക്കള്‍. മന്ത്രി വി.എന്‍. വാസവനും സിപിഎം ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥനും ഒന്നിച്ചെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ചയില്‍ ബിനു പുളിക്കകണ്ടത്തിന്റെ ആവശ്യങ്ങള്‍ എല്‍ഡിഎഫ് അംഗീകരിച്ചതായാണ് വിവരം. എന്നാല്‍ മുന്നണി പ്രവേശനത്തില്‍ ബിനു പുളിക്കകണ്ടം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
അതേസമയം, ബിനു പിന്തുണ പ്രഖ്യാപിക്കാത്തത് യുഡിഎഫില്‍ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. ഇരുമുന്നണികളുമായും ചര്‍ച്ച നടത്തുമെന്നാണ് ബിനു പുളിക്കകണ്ടത്തിന്റെ നിലപാട്.
ബിനുവും മകള്‍ ദിയയും സഹോദരന് ബിജുവും സ്വതന്ത്രരായി മത്സരിച്ചാണ് വിജയിച്ചത്. 26 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 10 എന്നതാണ് കക്ഷിനില. യുഡിഎഫ് ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കു ബദലായി 19-ാം വാര്‍ഡില്‍ മത്സരിച്ച വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി മായാ രാഹുലിന്റെ നിലപാടും നിര്‍ണായകമാകും.
ഏതെങ്കിലും മുന്നണിക്കൊപ്പംനിന്നാല് വനിതാ സംവരണമായ നഗരസഭ അധ്യക്ഷസ്ഥാനം ദിയയ്ക്ക് നല്‍കണമെന്ന ആവശ്യമാണ് ബിനു ഉയര്‍ത്തിയത്. തനിക്കോ സഹോദരനോ ഉപാധ്യക്ഷസ്ഥാനവും ബിനു മുന്നോട്ടു വച്ചിരുന്നു.
പാലാ നഗരസഭ ആര് ഭരിക്കുമെന്ന കാര്യത്തില്‍ തീരുമാനം സ്വീകരിക്കാനായി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ച വാര്‍ഡുകളിലെ പുളിക്കകണ്ടം ജനപ്രതിനിധികളുടെ ആവശ്യപ്രകാരം വോട്ടര്‍മാര്‍ ഒത്തു ചേര്‍ന്ന് അഭിപ്രായ സമന്വയം നടത്തിയിരുന്നു..
പങ്കെടുത്തവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനായി ചോദ്യങ്ങള്‍ അടങ്ങിയ പേപ്പര്‍ നല്‍കിയിരുന്നു. മൂന്നു വാര്‍ഡുകളില്‍നിന്നായി മുന്നൂറോളം പേര് പങ്കെടുത്തു. അന്തിമ തീരുമാനം ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നു ബിനു പുളിക്കകണ്ടം പറഞ്ഞു. ആദ്യ രണ്ടു വര്‍ഷക്കാലം ബിനുവിന്റെ മകള്‍ ദിയയ്ക്കു ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു.
പാലാ നഗരസഭയിലെ വാര്‍ഡ് 13 മുരിക്കുംപുഴ, 14 പരിപ്പിക്കുന്ന്, 15 പാലംപുരയിടം എന്നിവിടങ്ങളിലെ വോട്ടര്‍മാരുടെ ജനസഭയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം പാലാ മുരിക്കുംപുഴ പുളിക്കകണ്ടത്തില്‍ ഓര്‍ച്ചാര്‍ഡ് റിവര്‍ മാന്ഷന് ഓഡിറ്റോറിയത്തിൽ ചേര്‍ന്നത്.
District News
പത്തനംതിട്ട: ജില്ലയിൽ കോൺഗ്രസ് അധികാരത്തിലെത്തുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷരെയും ഉപാധ്യക്ഷരെയും നിശ്ചയിക്കാനുള്ള ജില്ലാതല കോർ കമ്മിറ്റി യോഗം ഇന്ന് വൈകുന്നേരം ഡിസിസി ഓഫീസിൽ ചേരും.
ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറന്പിൽ, എംപിമാരായ ആന്റോ ആന്റണി, അടൂർ പ്രകാശ്, രാഷ്ട്രീയകാര്യസമിതിയംഗങ്ങളായ പി.ജെ. കുര്യൻ, പന്തളം സുധാകരൻ, കെ. ശിവദാസൻ നായർ,കെപിസിസി ജനറൽ സെക്രട്ടറിമാരായ പി. മോഹൻരാജ്, പഴകുളം മധു, എൻ. ഷൈലാജ്, യുഡിഎഫ് കൺവീനർ എ. ഷംസുദ്ദീൻ എന്നിവരടങ്ങുന്നതാണ് കോർ കമ്മിറ്റി.
കോർ കമ്മിറ്റിയംഗങ്ങളെ വിവിധ നിയോജക മണ്ഡലങ്ങളിലേക്ക് ചർച്ചകൾക്കായി നിയോഗിച്ചിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി യുഡിഎഫിന് ഭൂരിപക്ഷമുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നേതാക്കളെത്തി പാർലമെന്ററി പാർട്ടി യോഗങ്ങൾ ചേർന്ന് അംഗങ്ങളുടെ അഭിപ്രായങ്ങൾ തേടി.
ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ തദ്ദേശ സ്ഥാപനത്തെ സംബന്ധിച്ചും ഇന്ന് തീരുമാനമെടുക്കും. തർക്കങ്ങൾ ഉണ്ടെങ്കിൽ അതു പരിഹരിക്കാനായി കെപിസിസിയുടെ മാർഗനിർദേശവും തേടും. നാളെയോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും അധ്യക്ഷരെയും ഉപാധ്യക്ഷരെയും സംബന്ധിച്ച് തീരുമാനമെടുത്ത് വിപ്പ് നൽകി തുടങ്ങും. 26നാണ് നഗരസഭകളിൽ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെുപ്പ്. 27ന് ത്രിതല പഞ്ചായത്തുകളിലും തെരഞ്ഞെടുപ്പ് നടക്കും.
രണ്ടര വർഷം ടേം ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും
യുഡിഎഫ് അധികാരത്തിലെത്തുന്ന ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും രണ്ടര വർഷം ടേം നടപ്പാക്കേണ്ടിവരുമെന്ന് കോർ കമ്മിറ്റിയംഗങ്ങൾ സൂചന നൽകി. കെപിസിസി നിർദേശപ്രകാരം രണ്ടരവർഷത്തിൽ താഴെയുള്ള ടേമുകൾ അനുവദിക്കില്ല.
ചിലയിടങ്ങളിൽ യുഡിഎഫ് കക്ഷികളുമായി സ്ഥാനം വീതംവയ്ക്കേണ്ടിവരുന്നുണ്ട്. മറ്റിടങ്ങളിൽ പാർട്ടി മാനദണ്ഡപ്രകാരം സ്ഥാനാർഥികളെ തീരുമാനിക്കും. പാർട്ടി ഭാരവാഹിത്വങ്ങളും തദ്ദേശ സ്ഥാപനങ്ങളിലെ പ്രവർത്തന പരിചയവും പ്രഥമ പരിഗണനയ്ക്കെടുക്കും. യുവജനപ്രാതിനിധ്യം ഉറപ്പാക്കാനും ശ്രമമുണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു.
ജില്ലാ പഞ്ചായത്തിൽ ആദ്യ ടേം ദീനാമ്മ റോയിക്ക് ലഭിച്ചേക്കും
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ആദ്യം ടേം പ്രമാടത്തു നിന്നുള്ള മെംബർ ദീനാമ്മ റോയിക്കായിരിക്കും പ്രസിഡന്റ് സ്ഥാനമെന്ന് സൂചന. കോന്നി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റു കൂടിയായ ദീനാമ്മ റോയ് മുന്‍പ് ഗ്രാമപഞ്ചായത്തംഗവുമായിരുന്നു.
രണ്ടാം ടേമിൽ സ്റ്റെല്ലാ തോമസ് (ഇലന്തൂർ), എം.വി. അന്പിളി (മലയാലപ്പുഴ) എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. വൈസ് പ്രസിഡന്റായി അനീഷ് വരിക്കണ്ണാമല (കോഴഞ്ചേരി) ആദ്യ ടേമിൽ എത്തും. രണ്ടാം ടേമിൽ കേരള കോൺഗ്രസിന്റെ ആവശ്യവും പരിഗണിച്ചേക്കും. കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം കൂടിയായ സാം ഈപ്പനുവേണ്ടി പാർട്ടി സംസ്ഥാന നേതൃത്വം ഉൾപ്പെടെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
പത്തനംതിട്ട നഗരസഭയിലും വീതം വയ്പ് അനിവാര്യമാക്കിയിരിക്കുകയാണ്. ആദ്യ രണ്ടരവർഷം സിന്ധു അനിലിനാണ് സാധ്യത. കൗൺസിലിലെ സീനിയോറിറ്റിയും ഡിസിസി ജനറൽ സെക്രട്ടറി പദവിയും സിന്ധുവിന് അനുകൂല ഘടകമായിട്ടുണ്ട്. അംബികാ വേണു, ഗീതാ സുരേഷ്, സജിനി മോഹൻ എന്നിവരുടെ പേരുകളും പരിഗണനയിൽ നിലനിൽക്കുകയാണ്.
രണ്ടാം ടേം സംബന്ധിച്ച ധാരണ ഇപ്പോൾ തന്നെയുണ്ടായേക്കും. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മുസ്ലിംലീഗിന്റെ ആവശ്യം നിലനിൽക്കുന്പോൾ തന്നെ കോൺഗ്രസിൽ നിന്ന് സജി കെ. സൈമൺ, ഏബൽ മാത്യു, അൻസാർ മുഹമ്മദ് എന്നിവരുടെ പേരുകൾ പരിഗണനയ്ക്കെത്തിയിട്ടുണ്ട്.
അടൂർ നഗരസഭയിൽ ആദ്യ ടേം റീനാ ശാമുവേലിനാണ് സാധ്യത. എന്നാൽ അടൂരിലേക്ക് മറ്റു ചില പേരുകൾ കൂടി സജീവ പരിഗണനയിലേക്ക് കോർ കമ്മിറ്റിയുടെ മുന്പാകെയുണ്ട്.
International
വത്തിക്കാൻ സിറ്റി: സാർവത്രികസഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടശേഷം ഇതാദ്യമായി ലെയോ പതിനാലാമൻ മാർപാപ്പ വിളിച്ചുചേർത്തിരിക്കുന്ന കർദിനാൾമാരുടെ സമ്മേളനം ജനുവരി ഏഴ്, എട്ട് തീയതികളിൽ നടക്കും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം കൂട്ടായ്മ, സാഹോദര്യം, ധ്യാനം, പങ്കിടൽ, പ്രാർഥന എന്നിവയ്ക്കായി നീക്കിവച്ചിരിക്കുന്നുവെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
സാർവത്രികസഭയുടെ ഭരണത്തിൽ തന്റെ ഉന്നതവും ഭാരിച്ചതുമായ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ മാർപാപ്പയ്ക്ക് പിന്തുണയും ഉപദേശവും നൽകാനും സമ്മേളനം ഉപകരിക്കുമെന്ന് പ്രത്യാശിക്കുന്നതായും വത്തിക്കാൻ പ്രസ് ഓഫീസ് വ്യക്തമാക്കി.
District News
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ഫൊറോന കൗൺസിൽ യോഗം ചെറുപുഷ്പം ഫൊറോന പള്ളിയിൽ നടന്നു. ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപടവിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം അധ്യക്ഷത വഹിച്ചു.അതിരൂപത ചാൻസലർ റവ.ഡോ. ജോസഫ് മുട്ടത്തുകുന്നേൽ മുഖ്യ പ്രഭാഷണം നടത്തി.
ജോഷ്ജോ ഒഴുകയിൽ, ജിജി കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു. ഫാ. തോമസ് പാമ്പക്കൽ, ഫാ. ജയിംസ് മൂന്നാനപ്പള്ളി, ഫാ. മാത്യു പൂവശേരി, ഫാ. അമൽ പഞ്ഞിക്കുന്നേൽ, ഫാ. വിനോദ് ഇട്ടിയപ്പാറ, ഫാ. ജോയ്സ് പാലക്കീൽ, ഫാ. ജോബി വട്ടമല, ഫാ. തോമസ് കുഴിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പു ഫലം പരിശോധിക്കാൻ ഇടതുമുന്നണി യോഗം ഇന്നു ചേരും.
ഇന്നലെ സിപിഎം, സിപിഐ നേതൃയോഗങ്ങൾ ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു രാവിലെ 10നു മുന്നണി യോഗം ചേരുന്നത്.
തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്യുന്നതിനായി ഈ മാസം 27നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വീണ്ടും ചേരും. 28, 29 തീയതികളിൽ സിപിഎം സംസ്ഥാന സമിതിയും ചേരുന്നുണ്ട്. സിപിഐ സംസ്ഥാന കൗണ്‍സിൽ 29, 30 തീയതികളിൽ ചേരും.
Kerala
തിരുവനന്തപുരം: സർവകലാശാലകളിലെ വിസി നിയമന തർക്കത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറും നിയമമന്ത്രി പി.രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മഞ്ഞുരുകിയില്ല. വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി ഗവർണറും സർക്കാരും നിലപാട് സ്വീകരിച്ചതോടെയാണ് അനുനയ നീക്കം പാളിയത്.
താന്‍ നിശ്ചയിച്ച വിസിമാര്‍ യോഗ്യരെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കര്‍ നിലപാടെടുത്തു. ചർച്ചയ്ക്ക് മുഖ്യമന്ത്രി വരാത്തത് എന്തെന്ന് ഗവര്‍ണര്‍ മന്ത്രിമാരോട് ആരാഞ്ഞു. മുഖ്യമന്ത്രി മുൻഗണനാക്രമം നിശ്ചയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും ഗവർണർ മന്ത്രിമാരോട് പറഞ്ഞു.
കേരള സാങ്കേതിക, ഡിജിറ്റല്‍ സർവകലാശാല നിയമന തർക്കത്തില്‍ സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സർക്കാർ അനുനയ നീക്കത്തിനൊരുങ്ങിയത്. സർവകലാശാലകളിലെ വിസി നിയമനത്തിനായി സർക്കാരും ഗവർണറും മുന്നോട്ട് വെച്ചത് വ്യത്യസ്ത പേരുകളായിരുന്നു.
മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്ക്കെതിരെ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ പുതിയ സത്യവാംഗ്മൂലം നൽകിയിരുന്നു. സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നായിരുന്നു ഗവർണറുടെ സത്യവാംഗ്മൂലത്തിലെ ആവശ്യം.
മുഖ്യമന്ത്രി മെറിറ്റ് പരിഗണിച്ചില്ലെന്നും മെറിറ്റ് അട്ടിമറിച്ച് മാധ്യമ വാർത്തകളുടെ പേരില്‍ മുഖ്യമന്ത്രി സിസ തോമസിനെ ഒഴിവാക്കിയെന്നും ഗവർണർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിസി നിയമന കേസിൽ സുപ്രീംകോടതി കർശന താക്കീത് നല്‍കിയത്.
തർക്കം തുടരുന്നതിൽ കേസ് പരിഗണിച്ച ജസ്റ്റിസ് ജെബി പർദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കടുത്ത അതൃപ്തി അറിയിച്ചു. ജസ്റ്റിസ് ധൂലിയ സമിതി നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ സമവായം ഉണ്ടായില്ലെങ്കിൽ വിസി നിയമനം ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
സാങ്കേതിക (കെടിയു), ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനത്തിന് സുപ്രീംകോടതി ജസ്റ്റിസ് സുധാൻഷു ധൂലിയ അധ്യക്ഷനായ രണ്ട് സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. രണ്ട് സമിതികളും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് നൽകിയെങ്കിലും നിയമനം നടന്നിരുന്നില്ല.
സാങ്കേതിക സർവകലാശാലയിലേക്ക് സി. സതീഷ് കുമാറിനെയും ഡിജിറ്റൽ സർവകലാശാലയിലേക്ക് സജി ഗോപിനാഥിനെയും നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ശുപാർശ. എന്നാൽ, ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ പ്രിയ ചന്ദ്രനേയും സാങ്കേതിക സർവകലാശാലയിൽ സിസ തോമസിനെയും വിസിമാരാക്കണമെന്നാണ് ഗവർണറുടെ നിർദേശം.
International
റോം: യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. മാർപാപ്പയുടെ വേനൽക്കാല വസതിയായ കസ്തേൽ ഗണ്ടോൾഫോയിലെത്തിയായിരുന്നു കൂടിക്കാഴ്ച.
യുക്രെയ്നിലെ യുദ്ധസാഹചര്യങ്ങളെക്കുറിച്ചായിരുന്നു സംഭാഷണമെന്ന് വത്തിക്കാൻ അറിയിച്ചു.
സമാധാനത്തിനായി ചർച്ചകൾ തുടരേണ്ടതിന്റെ ആവശ്യകത മാർപാപ്പ ആവർത്തിക്കുകയും നയതന്ത്ര ഇടപെടലുകൾ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷ പുതുക്കുകയും ചെയ്തതായും വത്തിക്കാൻ പ്രസ് ഓഫീസ് കൂട്ടിച്ചേർത്തു.
യുദ്ധത്തടവുകാരുടെ പ്രശ്നത്തെക്കുറിച്ചും റഷ്യയുടെ കസ്റ്റഡിയിലുള്ള യുക്രേനിയൻ കുട്ടികളെ തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എടുത്തുപറഞ്ഞു.
അഞ്ചു മാസം മുന്‍പും സെലൻസ്കി കസ്തേൽ ഗണ്ടോൾഫോയിലെത്തി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Kerala
കൊല്ലം: കൊട്ടിയത്ത് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ എൻഎച്ച്എഐ അധികൃതരിൽ നിന്ന് വിശദീകരണം തേടും. സംഭവത്തിൽ കളക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും.
ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
അപകടത്തിന്റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിരുന്നു.
വെള്ളിയാഴ്ച കൊട്ടിയം മൈലക്കാട് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്ന അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള വാഹനയാത്രക്കാർ രക്ഷപ്പെട്ടത്. ദേശീയപാത നിർമാണത്തിലെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചെങ്കിലും വീഴ്ചയില്ലെന്നായിരുന്നു ദേശീയപാത അഥോറിറ്റിയുടെ മറുപടി.
NRI
ന്യൂയോർക്ക്: ഫൊക്കാനയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മിഡ് ടേം ജനറൽ ബോഡി മീറ്റിംഗ് സംഘടിപ്പിച്ചു. പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചക്കപ്പൻ, ട്രസ്റ്റി ബോർഡ് ചെയർ ജോജി തോമസ് എന്നിവർ സംഘടനയുടെ പ്രവർത്തനത്തെ പറ്റി സംസാരിച്ചു.
കഴിഞ്ഞ ഒരു വർഷത്തെ ഫൊക്കാനയുടെ പ്രവർത്തനം വിലയിരുത്തുന്നതിന് വേണ്ടിയും സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടിയാണ് മിഡ് ടേം ജനറൽ ബോഡി വിളിച്ചതെന്ന് പ്രസിഡന്റ് സജിമോൻ അറിയിച്ചു.
ഫൊക്കാനയുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ പോകുന്നു. ഭരണസമിതിയുടെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റുകളോ കുറ്റങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കേണ്ടത് നിങ്ങളാണ്. അതിനുവേണ്ടിയാണ് ജനറൽ ബോഡി കൂടിയതെന്ന് ട്രസ്റ്റി ബോർഡ് ചെയർ ജോജി തോമസ് അഭിപ്രായപ്പെട്ടു.
ഫൊക്കാനയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ യോഗം വിശദീകരിച്ചു. മെഡിക്കൽ കാർഡ്, പ്രിവിലേജ് കാർഡ് എന്നീ രണ്ട് കാർഡുകളും സംഘടന അവതരിപ്പിച്ചു. ഓരോ മെഡിക്കൽ കാർഡിലൂടെയും 10,000 മുതൽ 75,000 രൂപ വരെ ഇളവ് ലഭിക്കുന്നു.
National
ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കര്‍ണാടക കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ശനിയാഴ്ച ചർച്ച. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടികാഴ്ച നടത്തും. രാവിലെ ഒന്‍പതിന് മുഖ്യമന്ത്രിയുടെ വസതിയിലാണ് ചര്‍ച്ച.
ദിവസങ്ങളായി നീണ്ടു നില്ക്കുന്ന തര്‍ക്കത്തിന് പരിഹാരം കാണാന്‍ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് ചര്‍ച്ച. തനിയ്ക്കും ശിവകുമാറിനും അഭിപ്രായങ്ങള്‍ ഉണ്ടെന്നും എന്നാല്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്നും സിദ്ധരാമയ്യ.
തര്‍ക്കം പരിഹരിയ്ക്കാന്‍ ഇരുനേതാക്കളെയും ഹൈക്കമാന്‍ഡ് ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് കൂടിക്കാഴ്ച. ഇതില്‍ ഇരുവരും ധാരണയിലെത്തുമെന്നാണ് സൂചന. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിയ്ക്കുന്നതിന് മുന്‍പ് കര്‍ണാടകയിലെ തര്‍ക്കം പരിഹരിയ്ക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം.
Kerala
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നാല് തൊഴിൽ കോഡുകളെ കുറിച്ച് ചർച്ച ചെയ്യാൻ തൊഴിൽ മന്ത്രി വി. ശിവന്‍കുട്ടി വിളിച്ച തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് 12ന് ഓണ്‍ലൈനായാണ് യോഗം.
തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ തൊഴിൽ കോഡിൽ കരട് ചട്ടങ്ങളുടെ വിജ്ഞാപനം സര്‍ക്കാര്‍ ഇറക്കിയതിനെതിരെ ഇടത് തൊഴിലാളി സംഘടനകൾ ഉൾപ്പെടെ ശക്തമായ പ്രതിഷേധം അറിയിക്കും.
തൊഴിൽ കോഡിൽ ചട്ടങ്ങള്‍ രൂപീകരിക്കാൻ കേന്ദ്ര സർക്കാർ കടുത്ത സമ്മർദം നൽകിയിരുന്നതായി കഴിഞ്ഞ ദിവസം വി. ശിവൻകുട്ടി അറിയിച്ചിരുന്നു. എന്നാൽ തൊഴിലാളി സംഘടനകളുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ തുടര്‍ നടപടിയുണ്ടാകൂവെന്ന് മന്ത്രി പറഞ്ഞു.
International
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയുടെ ആദ്യ മുസ്ലിം മേയറായ സൊഹ്റാന് മംദാനിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. അരമണിക്കൂറിലധികം ട്രംപും മംദാനിയും കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മംദാനിയെ അദ്ദേഹം പ്രശംസിച്ചു.
സൊഹ്റാന് മംദാനിയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ കഴിയുന്നത് തനിക്ക് ‘വളരെ സുഖകരമായ' അനുഭവമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. മംദാനിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള തന്റെ ധാരണകളെ ഈ കൂടിക്കാഴ്ച മാറ്റിമറിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.
മംദാനി മേയറായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ന്യൂയോര്‍ക്ക് സിറ്റിക്ക് നല്കുന്ന ഫെഡറല്‍ ഫണ്ടിംഗ് പിന്‍വലിക്കുമെന്നും നാഷണല്‍ ഗാര്‍ഡിനെ അയയ്ക്കാന്‍ മടിക്കില്ലെന്നും ട്രംപ് മുന്‍പ് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി പറഞ്ഞത് ‘ഞാന്‍ കരുതിയതിലും കൂടുതല്‍ കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് യോജിപ്പുണ്ട്' എന്നായിരുന്നു. മംദാനി തന്നെ ഫാസിസ്റ്റ് എന്ന് വിളിക്കുന്നതില്‍ കുഴപ്പമില്ലെന്നും അദ്ദേഹത്തെ സാക്ഷിയാക്കി ട്രംപ് പറഞ്ഞു.
NRI
ന്യൂഡല്‍ഹി: കോവിഡ് കാലത്ത് ഡല്‍ഹിയില്‍ ആരംഭിച്ച ഡിസ്ട്രസ് മാനേജ്മെന്റ് കലക്ടീവ് ഇന്ത്യയുടെ (ഡിഎംസിഐ) ആഭിമുഖ്യത്തില്‍ ഡല്‍ഹി സര്‍വകലാശാലകളിലെ ഉന്നത വിദ്യാഭ്യാസം തേടുന്ന 100 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.
കോൺസ്റ്റിറ്റ്യൂഷൻ ക്ലബില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന് ജോസഫ് മുഖ്യാതിഥിയായിരുന്നു. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ഒഡീഷ പ്രിന്‍സിപ്പാൾ അക്കൗണ്ടന്റ് ജനറല്‍ സുബു റഹ്മാന്, ബാബു പണിക്കര്‍, ഡല്‍ഹി മലയാളി അസോസിയേഷന് പ്രസിഡന്റ് കെ. രഘുനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന മൈത്രി സംഘടനയാണ് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്. കുട്ടികളുടെ വികസനം, സംരക്ഷണം, സ്ത്രീ ശാക്തീകരണം തുടങ്ങിയവയില്‍ നല്കിയ സംഭാവനകള്‍ക്ക് ദീപാലയ സിഇഒ അഡ്വ. ഡോ. കെ.സി. ജോര്‍ജ് അടക്കം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു.
അഡ്വ. മനോജ് ജോര്‍ജ്, അഡ്വ. ദീപക് പ്രകാശ്, ജോബി ജോര്‍ജ്, ജോസഫ് കൂവക്കല്‍, മിനി ജോര്‍ജ്, മാനുവല്‍ മെഴുകനാല്‍, ഷേര്‍ലി രാജന്, സുധീര്‍നാഥ്, പി.ആര്. നാഥ്, ഡെലോണി മാനുവല്‍, ടി.ഒ. തോമസ് തുടങ്ങിയവരെയും സമ്മേളനത്തില്‍ അനുമോദിച്ചു.
Kerala
പാലക്കാട്: കോൺഗ്രസ് യോഗത്തിൽ പങ്കെടുത്ത് സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട് കണ്ണാടി മണ്ഡലം കോൺഗ്രസ് യോഗത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്.
യോഗത്തിൽ കണ്ണാടി മണ്ഡലം പ്രസിഡന്റ് പ്രസാദ് കണ്ണാടി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.
അതേസമയം, യോഗമല്ല നടന്നതെന്നും രാഷ്ട്രീയം ചർച്ച ചെയ്തതാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. പുറത്താക്കുന്നത് വരെ കോൺഗ്രസ് ഔദ്യോഗിക ഓഫീസുകളിൽ കയറുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
Kerala
വത്തിക്കാൻ സിറ്റി: ജനുവരിയിൽ കർദിനാൾസംഘത്തിന്റെ അസാധാരണ സമ്മേളനം വിളിച്ചുചേർക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ തീരുമാനിച്ചു.
ജനുവരി ഏഴ്, എട്ട് തീയതികളിലാണു സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ അജൻഡ എന്താണെന്നു വ്യക്തമാക്കിയിട്ടില്ല.
സഭയുടെ പ്രത്യേക ആവശ്യങ്ങൾ അല്ലെങ്കിൽ എല്ലാ കർദിനാൾമാർക്കുമിടയിൽ വിശാലമായ കൂടിയാലോചന ആവശ്യമുള്ള വളരെ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മാർപാപ്പ വിളിച്ചുകൂട്ടുന്ന പ്രത്യേക സമ്മേളനങ്ങളാണ് അസാധാരണ കൺസിസ്റ്ററികൾ എന്നറിയപ്പെടുന്നത്. വത്തിക്കാനിൽ ഏറ്റവുമൊടുവിൽ അസാധാരണ കൺസിസ്റ്ററി നടന്നത് 2022 ഓഗസ്റ്റ് 29-30 തീയതികളിലായിരുന്നു.
റോമൻ കൂരിയയുടെ പരിഷ്കരണമായിരുന്നു ഫ്രാൻസിസ് മാർപാപ്പ വിളിച്ചുചേർത്ത ഈ സമ്മേളനത്തിന്റെ മുഖ്യ അജൻഡ.
District News
പാലക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാർക്കറ്റ് റോഡ് യൂണിറ്റ് ജനറൽബോഡി യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ജില്ലാ വ്യാപാര ഭവനിൽ നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി എസ്. കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു.
വലിയങ്ങാടി പ്രദേശത്തെ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റി പ്ലാനിംഗ് ബോർഡ് അംഗം ശരത് വ്യാപാരികളുടെ സംശയങ്ങൾക്കു വിശദീകരണം നൽകി. സംഘടന നടപ്പാക്കുന്ന പുതിയ വ്യാപാരി സുരക്ഷാ പദ്ധതിയായ വി ലൈഫ് നെക്കുറിച്ച് ജില്ലാ ജനറൽ സെക്രട്ടറി കെ. എ. ഹമീദ് വിശദീകരിച്ചു.
യോഗത്തിൽ ജില്ലാ ട്രഷറർ കെ.കെ. ഹരിദാസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി.പി. സക്കറിയ, സി.വി. ജെയിംസ്, ടി. രമേശ് ബേബി, ജില്ലാ സെക്രട്ടറി എം.എസ്. സിറാജ്, മണ്ഡലം ജനറൽ സെക്രട്ടറി കാജാ സുലൈമാൻ, യൂത്ത് വിംഗ് മണ്ഡലം പ്രസിഡന്റ് ബി. രാജേന്ദ്രൻ, എസ്. ജനാർദ്ദനൻ, യു. ശബരി തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എസ്. സതീഷ്- പ്രസിഡന്റ്, എസ്. കൃഷ്ണകുമാർ- ജനറൽ സെക്രട്ടറി, എ.സിയാജ്- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്ത
District News
കണ്ണൂർ: കോർപറേഷൻ കൗൺസിൽ യോഗത്തിൽ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തെ തുടർന്ന് യോഗം അലങ്കോലമായി. ബഹളത്തെ തുടർന്ന യോഗ അജണ്ടകൾ വായിച്ചു തീർത്ത് പാസാക്കിയതായി പ്രഖ്യാപിച്ച് മേയർ യോഗം അവസാനിപ്പിച്ചു.
യോഗം ആരംഭിച്ച ഉടൻ തന്നെ പ്രതിപക്ഷ കൗൺസിലർമാർ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഇവരെ പ്രതിരോധിക്കാൻ ഭരണകക്ഷിയംഗങ്ങളും മുദ്രാവാക്യം വിളിച്ചു. ഇരു വിഭാഗവും തമ്മിൽ വാക്കേറ്റവും ഉണ്ടായി. കൗൺസിൽ യോഗത്തിൽ അക്രമം ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു.
പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ മേയർ മുസ്ലിഹ് മഠത്തിൽ അജണ്ടകൾ വായിച്ചു തീർത്ത് പാസാക്കിയതായി പ്രഖ്യാപിച്ച് യോഗ നടപടികൾ അവസാനിപ്പിച്ചു. അജണ്ടകൾ ചർച്ച ചെയ്യാതെയും കൗൺസിലർമാർ ഒപ്പു വെക്കാതെയുമാണ് യോഗ നടപടികൾ പൂർത്തീകരിച്ചതെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായ പി.കെ. രാഗേഷ് പറഞ്ഞു.
കോർപറേഷൻ ഭരണം കൈക്കലാക്കാനും സംസ്ഥാന സർക്കാരിന്റെ അഴിമതികൾ പുറത്തുവരാതിരിക്കാനും കോർപറേഷൻ ഭരണം കൈക്കലാക്കുനുമുള്ള സിപിഎം തന്ത്രത്തിന്റെ ഭാഗമായാണ് സിപിഎം ജില്ലാ സെക്രട്ടറി ഇല്ലാത്ത അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു.
National
ചെന്നൈ: രാഷ്ടീയ പാർട്ടികളുടെ പൊതുയോഗങ്ങൾക്കും റോഡ്ഷോയ്ക്കും മാർഗരേഖ തയാറാക്കുന്നതിനായി തമിഴ്നാട് സർക്കാർ വിളിച്ച സർവകകഷി യോഗം ഇന്ന് നടക്കും. രാവിലെ പത്തരയ്ക്ക് സെക്രട്ടേറിയറ്റിൽ തുടങ്ങുന്ന യോഗത്തിൽ മുതിർന്ന മന്ത്രിമാരും വിവിധ പാർട്ടി നേതാക്കളും പങ്കെടുക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടികളെയും നിയമസഭയിലും പാർലമെന്റിലും ജനപ്രതിനിധികളുള്ള കക്ഷികളെയും മാത്രമാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. കരൂർ ദുരന്തത്തിന് പിന്നാലെ പൊതുയോഗങ്ങൾക്കുള്ള മാർഗരേഖ തയാറാക്കാൻ മദ്രാസ് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു.
അതേസമയം ഇന്നത്തെ യോഗത്തിലേക്ക് വിജയ്യുടെ പാര്‍ട്ടിയായ ടിവികെയെ ക്ഷണിച്ചിട്ടില്ല. ഡിഎംകെയ്ക്ക് ടിവികെയുടെ വളർച്ചയിലുള്ള അസൂയ കാരണമാണ് ഒഴിവാക്കിയതെന്ന് ടിവികെ പാർട്ടി ജനറൽ സെക്രട്ടറി അരുൺരാജ് പ്രതികരിച്ചു.
District News
ഉളിക്കൽ : ഉളിക്കൽ പഞ്ചായത്ത് ഭരണസമിതി യോഗത്തിനിടയിലേക്ക് പ്രതിപക്ഷമായ സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകർ കടന്നെത്തി ഉപരോധിച്ചു.
കൈക്കൂലി വാങ്ങി ഭരണസമിതി നേതൃത്വത്തിലുള്ളവർക്ക് വീതം വച്ച് നൽകുന്ന പഞ്ചായത്ത് ഓഫീസിലെ താൽകാലിക ജീവനക്കാരി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഉപരോധം നടത്തിയത്.
പ്രകടനമായി എത്തിയ പ്രവർത്തകർ പോലീസ് വലയം ഭേദിച്ച് ഹാളിൽ കടന്നെത്തുകയായിരുന്നു.
വിജിലൻസ് അന്വേഷണത്തിൽ പഞ്ചായത്തിലെ പൊതുമരാമത്ത് വിഭാഗത്തിലെ താത്കാലിക ജീവനക്കാരി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു. ഇവരെ പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് ഉപരോധിച്ചത്. എൽഡിഎഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ചു.
കെ.ജി. ദിലീപ്, ഇ.എസ്. സത്യൻ, പി.കെ. ശശി, പി.വി. ഉഷാദ്, പി.എ. നോബിൻ, കെ. ജനാർദനൻ, എ.വി. അനീഷ്, മുഹമ്മദ് റാഫി, പി.ജി. പ്രദീപ്ജി, ബീന അശോക്, അനിത മനോഹരൻ എന്നിവർ നേതൃത്വം നൽകി. പോലീസ് ആവശ്യപ്പെട്ടിട്ടും പിരിഞ്ഞു പോകാതെ മുദ്രാവാക്യം വിളച്ച എൽഡിഎഫ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര- സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനുകൾ വിളിച്ച രാഷ്്ട്രീയ പാർട്ടികളുടെ യോഗം ഇന്നു ചേരും.
സംസ്ഥാനത്തു നടപ്പാക്കുന്ന പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ) സംബന്ധിച്ച കാര്യങ്ങൾ രാഷ്്ട്രീയ കക്ഷി നേതാക്കളോടു വിശദീകരിക്കുന്നതിനാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ സംസ്ഥാനത്തെ പ്രതിനിധി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് 12ന് ഹോട്ടൽ ഹയാത്തിൽ യോഗം വിളിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടു മുൻപ് അവസാനഘട്ട ഒരുക്കങ്ങളുടെ ഭാഗമായാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ. ഷാജഹാൻ ഇന്നു രാഷ്്ട്രീയ പാർട്ടി നേതാക്കളുമായി ചർച്ച നടത്തുന്നത്.മസ്കറ്റ് ഹോട്ടലിൽ ഇന്നു രാവിലെ 11നാണ് യോഗം.
Kerala
ചങ്ങനാശേരി: ഭിന്നശേഷി സംവരണ വിഷയത്തിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജോസ് കെ. മാണി എംപിക്കൊപ്പമാണ് അദ്ദേഹം ചങ്ങനാശേരി അതിരൂപതയിലെത്തിയത്.
പ്രശ്നം പരിഹരിക്കുമെന്നും സൗഹാർദപരമായ ചർച്ചയാണ് നടന്നതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു.
നേരത്തെ, എന്നെ കാണാൻ തിരുമേനി വീട്ടിൽ വന്നിരുന്നു. പൊതുവിദ്യഭ്യാസ രംഗത്തെ കാര്യങ്ങളാണ് സംസാരിച്ചത്. ഭിന്നശേഷി സംവരണത്തെക്കുറിച്ചും സംസാരിച്ചിരുന്നു. അതിനുശേഷമാണ് സുപ്രീംകോടതി വിധി വന്നത്. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടവരുടെ യോഗം 13-ാം തീയതി വിളിച്ചിട്ടുണ്ട്. അതിനു ശേഷം പ്രശ്നത്തിന് പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ആയിരകണക്കിന് അധ്യാപകർ ശമ്പളമില്ലാതെ ജോലി ചെയ്യുന്നത് ക്രൈസ്തവ മാനേജ്മെന്റിന്റെ മാത്ര പ്രശ്നമല്ലെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. നിലവിലെ പ്രശ്നം പൊതുസമൂഹത്തിന്റേതാണ്. വിഷയം സർക്കാർ ഗൗരവമായാണ് കാണുന്നത്. ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്യുമെന്ന കാര്യം ആശ്വാസകരമാണെന്നും ബിഷപ്പ് അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്താൻ സാധ്യത. ഈ ഒക്ടോബറിൽ ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ ഭാഗമായി ജിയോങ്ജു നഗരത്തിൽ വെച്ചാണ് കൂടിക്കാഴ്ച.
വ്യാപാര, സുരക്ഷാ ബന്ധങ്ങളിൽ നിർണായകമായേക്കാവുന്ന ചർച്ചകൾ നടക്കുമെന്നാണ് വിവരം. അതേസമയം ട്രംപും ഷിയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് വൈറ്റ് ഹൗസ് ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അന്തിമ തീരുമാനമൊന്നും ആയിട്ടില്ലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
ഈ വർഷം ആദ്യം ചൈനീസ് ഉൽപ്പന്നങ്ങൾക്ക് യുഎസ് 145 ശതമാനം വരെ തീരുവ ചുമത്തിയിരുന്നു. ഇതിനു മറുപടിയായി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം തീരുവ ചൈനയും ചുമത്തി. കഴിഞ്ഞ മാസം ഉയർന്ന തീരുവനിരക്കുകൾ പുനരാരംഭിക്കാനിരിക്കെ, ചർച്ചകൾ തുടരാൻ അനുവദിക്കുന്നതിനായി നവംബർ വരെ ഇത് മാറ്റിവച്ചുകൊണ്ട് ട്രംപ് ഒരു എക്സിക്യൂട്ടീവ് ഓർഡർ പുറപ്പെടുവിച്ചിരുന്നു.
ഇതിനുപിന്നാലെ ട്രംപിനെ ചൈന സന്ദർശിക്കാൻ ഷി ക്ഷണിച്ചിരുന്നു. ട്രംപ് ക്ഷണം സ്വീകരിച്ചിട്ടുണ്ടെങ്കിലും സന്ദർശനം എന്നെന്ന് ഇതുവരെയും നിശ്ചയിച്ചിട്ടില്ല.