National
ന്യൂഡൽഹി: കേരളത്തിൽനിന്നുള്ള ബിജെപി ജനപ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാർഗിലെ വസതിയിൽ കൂടിക്കാഴ്ച നടത്തിയത്.
ഡൽഹി പ്രവാസ് നൈപുണ്യവികസന പരിപാടിയുടെ ഭാഗമായി കേരളത്തിൽ ബിജെപി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള ജനപ്രതിനിധികളുമായി പ്രധാനമന്ത്രി ഒന്നര മണിക്കൂറിലധികം സംവദിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും സന്നിഹിതനായിരുന്നു.
കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ പ്രതിനിധിസംഘം ഇന്നലെ രാവിലെ കേന്ദ്ര നഗരവികസനമന്ത്രി മനോഹർ ലാൽ ഖട്ടറെ സന്ദർശിച്ചതിനുശേഷം സംഘം ഉച്ചയ്ക്കു പാർലമെന്റിലെത്തി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെയും കേന്ദ്രമന്ത്രിമാരെയും കണ്ടിരുന്നു. ഇതിനുശേഷം വൈകുന്നേരം നാലരയോടെ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ സംഘം രാത്രിയിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായും കൂടിക്കാഴ്ച നടത്തി.
ഇന്നു രാവിലെ ബിജെപി ആസ്ഥാനത്ത് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവർ കേരളസംഘത്തെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് രാഷ്ട്രപതി ഭവനും സന്ദർശിച്ചതിനുശേഷം സംഘം നാട്ടിലേക്ക് മടങ്ങും.
National
ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.
സേവ തീര്‍ഥ് (സേവനത്തിന്റെ പുണ്യസ്ഥലം) എന്നു പേരിട്ടിട്ടുള്ള പുതിയ കെട്ടിടസമുച്ചയത്തില്‍ കാബിനറ്റ് സെക്രട്ടേറിയറ്റും നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസും ഇനിമുതല്‍ പുതിയ മേല്‍വിലാസത്തില്‍ അറിയപ്പെടും.
സേവാ തീര്‍ഥ് ഒന്നിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. ആധുനികസൗകര്യങ്ങളോടൊപ്പം വിദേശ പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ക്കായി "ഇന്ത്യ ഹൗസ്’ എന്ന പ്രത്യേക സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതോടെ കൊളോണിയല്‍ കാലഘട്ടത്തിന്റെ പ്രതീകമായ സൗത്ത് ബ്ലോക്ക് ചരിത്ര മ്യൂസിയമായി മാറ്റാനാണു സര്‍ക്കാര്‍ തീരുമാനം.
സൗത്ത് ബ്ലോക്കില്‍ നടക്കുന്ന കാബിനറ്റ് യോഗത്തിനുശേഷമായിരിക്കും പ്രധാനമന്ത്രി പുതിയ ഓഫീസിലേക്ക് ഇന്ന് മാറുക. വൈകുന്നേരം ആറിനു നടക്കുന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
Business
കൊച്ചി: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലെ മൈ ഭാരത് കേന്ദ്ര ബജറ്റിനെക്കുറിച്ച് യുവജനങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ട് പങ്കുവയ്ക്കാനുള്ള അവസരമൊരുക്കുന്നു.
മൈ ഭാരത് ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്ന മൈ ഭാരത് ബജറ്റ് ക്വസ്റ്റ് മത്സരത്തില്‍ 15 മുതല്‍ 29 വയസു വരെയുള്ള യുവതീ യുവാക്കള്‍ക്ക് പങ്കെടുക്കാം. https://mybharat.gov.in/ പോര്‍ട്ടല്‍ വഴിയാണ് ക്വിസ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.
ഫെബ്രുവരി 17 വരെ മേരാ യുവ ഭാരത് പ്ലാറ്റ്ഫോമില്‍ നടക്കുന്ന ഡിജിറ്റല്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നതിലൂടെ യുവതീ യുവാക്കള്‍ക്ക് തുടര്‍ഘട്ടങ്ങളിലേക്ക് യോഗ്യത നേടാം.
ആദ്യ ഘട്ടത്തില്‍ കേന്ദ്ര ബജറ്റിനെ ആസ്പദമാക്കിയുള്ള ഓണ്‍ലൈന്‍ ക്വിസ് മത്സരം നടത്തും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് ഉപന്യാസ രചനാ മത്സരത്തിലേക്ക് പ്രവേശനം ലഭിക്കും. മത്സരത്തില്‍ സംസ്ഥാനതല വിജയികളാകുന്നവര്‍ക്ക് കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രിയുമായി ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് മൈ ഭാരത് പ്ലാറ്റ്ഫോം (https://mybharat.gov.in/) അല്ലെങ്കില്‍ സമീപത്തെ മൈഭാരത് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ തന്നെ വെറുപ്പുകളുടെ തടവുകാരനാണെന്ന് കോൺഗ്രസ്. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മോദിയുടെ മറുപടി പരമദയനീയമായിരുന്നെന്നും കോൺഗ്രസ് ആക്ഷേപിച്ചു.
പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മോദി മറുപടി നൽകിയില്ല. സ്ഥിരം നുണകളുടെ കച്ചവടക്കാരനാണെന്നും, മുൻവിധികളുടെ കലവറയാണെന്നും, കടുത്ത വിദ്വേഷത്തിന്റെയും വിഷത്തിന്റെയും ഉറവിടമാണെന്നും പ്രധാനമന്ത്രി വീണ്ടും വെളിപ്പെടുത്തി. രാജ്യസഭയിലെ അദ്ദേഹത്തിന്റെ 97 മിനിറ്റ് പ്രസംഗം ദയനീയമായിരുന്നുവെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന വാഷിംഗ്ടണിലെ തന്റെ പ്രിയസുഹൃത്തിന്റെ അവകാശവാദം സെഞ്ചുറിയടിക്കാൻ പോകുകയാണ്. എന്നിട്ടും പ്രധാനമന്ത്രി ഈ വിഷയത്തിൽ പൂർണ നിശബ്ദത പാലിക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു.
National
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ സുസ്ഥിരമായ ക്ഷമയുടെയും സ്ഥിരോത്സാഹത്തിന്റെയും ഫലമാണെന്ന് പ്രധാനന്ത്രി നരേന്ദ്ര മോദി.
ലോകക്രമം മാറിമറിയുകയാണെന്നും അതിന്റെ സഞ്ചാരപഥം ഇന്ത്യയിലേക്ക് കൂടുതൽ ചായുകയാണെന്നും പാർലമെന്റിൽ നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി പറഞ്ഞു.
ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ധാരണയായതിന്റെ പശ്ചാത്തലത്തിൽ നടന്ന യോഗത്തിൽ കരാർ സാധ്യമായതിനു നേതാക്കൾ മോദിയെ അഭിനന്ദിച്ചു. പാർലമെന്റിന്റെ അനക്സ് ബിൽഡിംഗിൽ നടന്ന യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും സന്നിഹിതനായിരുന്നു.
National
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2026-ലെ കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ബജറ്റ് ഉയർന്ന മൂലധനച്ചെലവും ഉയർന്ന വളർച്ചയും തമ്മിലുള്ള കൃത്യമായ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ കരുത്തുറ്റ സ്ഥാനം ഈ ബജറ്റ് ഒരിക്കൽ കൂടി അടിവരയിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബജറ്റ് വലിയ അവസരങ്ങളാണ് തുറക്കുന്നത്. സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനുള്ള ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്. ഭാരതത്തിന്റെ ഭാവിക്കായുള്ള ബജറ്റാണ് ഇതെന്നും 2047 ല്‍ വികസിതഭാരതം എന്ന സ്വപ്നം യാഥാർഥ്യമാക്കുമെന്നും മോദി പ്രതികരിച്ചു.
ബജറ്റ് പുതിയ ഊർജവും ഗതിയും നല്‍കുമെന്നും ഭാരതത്തിലെ പ്രഗല്ഭരായ യുവാക്കൾക്ക് വലിയ അവസരങ്ങൾ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ പദ്ധതികൾക്ക് വലിയ തോതില്‍ ചെലവിടുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
National
ന്യൂഡൽഹി: അന്തരിച്ച കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട രേഖകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2017-ലെ ഇസ്രായേൽ സന്ദർശനത്തെക്കുറിച്ച് പരാമർശമുണ്ടെന്ന വാർത്തകൾ തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഈ പരാമർശങ്ങൾ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നതായും ഒരു ക്രിമിനലിന്റെ വെറും "പാഴ്ജൽപനങ്ങൾ" മാത്രമാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ലക്ഷക്കണക്കിന് പേജുകൾ വരുന്ന എപ്സ്റ്റൈൻ ഫയലുകളിലെ ഒരു ഇമെയിൽ സന്ദേശത്തിലാണ് പ്രധാനമന്ത്രിയുടെ പേരും സന്ദർശനവും പരാമർശിക്കപ്പെട്ടിരിക്കുന്നത്.
"2017 ജൂലൈയിൽ പ്രധാനമന്ത്രി ഇസ്രായേലിൽ ഔദ്യോഗിക സന്ദർശനം നടത്തി എന്നത് ഒരു വസ്തുതയാണ്. എന്നാൽ ആ ഇമെയിലിൽ പറയുന്ന മറ്റ് കാര്യങ്ങളെല്ലാം ഒരു കുറ്റവാളിയുടെ വെറും ജല്പനങ്ങൾ മാത്രമാണ്. അങ്ങേയറ്റം പുച്ഛത്തോടെ മാത്രമേ ഇതിനെ കാണാനാകൂ," എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ലൈംഗിക അതിക്രമക്കേസുകളിൽ പ്രതിയായിരിക്കെ 2019-ൽ ന്യൂയോർക്കിലെ ജയിലിൽ വച്ചാണ് ജെഫ്രി എപ്സ്റ്റൈൻ ആത്മഹത്യ ചെയ്തത്. എപ്സ്റ്റൈനുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടുകളും വീഡിയോകളും ചിത്രങ്ങളും ഉൾപ്പെടെ മൂന്ന് ദശലക്ഷത്തിലധികം രേഖകളാണ് അമേരിക്കൻ ഗവൺമെന്റ് ഇപ്പോൾ പരസ്യപ്പെടുത്തിയിരിക്കുന്നത്.
ഇതിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ചുള്ള അനാവശ്യ പരാമർശങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ശക്തമായ ഭാഷയിലാണ് ഇന്ത്യ നേരിട്ടിരിക്കുന്നത്.
National
ന്യൂഡൽഹി: ഭാരതത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഔദ്യോഗിക സമാപനം കുറിച്ചുകൊണ്ട് ഡൽഹിയിലെ വിജയ് ചൗക്കിൽ 'ബീറ്റിംഗ് റിട്രീറ്റ്' ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയുടെ സമ്പന്നമായ സൈനിക പൈതൃകത്തിന്റെയും സായുധ സേനയുടെ അച്ചടക്കത്തിന്റെയും വീര്യത്തിന്റെയും പ്രതീകമാണ് ഈ ചടങ്ങെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
സായുധ സേനയുടെ പാരമ്പര്യവും കരുത്തും പ്രകടമാക്കുന്ന ചടങ്ങാണിതെന്ന് പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. രാജ്യത്തിന്റെ പ്രതിരോധത്തിനായി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന സൈനികരിൽ രാജ്യം അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കര, നാവിക, വ്യോമ സേനകളുടെ ബാൻഡുകൾ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും ക്ലാസിക്കൽ സംഗീതവും ചടങ്ങിന് മിഴിവേകി. ഇന്ത്യൻ ഈണങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സംഗീത വിരുന്നാണ് ഇത്തവണയും ഒരുക്കിയത്.
ജനുവരി 26-ന് ആരംഭിച്ച റിപ്പബ്ലിക് ദിനാഘോഷങ്ങൾ 'ബീറ്റിംഗ് റിട്രീറ്റ്' ചടങ്ങോടെയാണ് ഔദ്യോഗികമായി അവസാനിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിജയ് ചൗക്ക്, റെയ്സീന റോഡ് തുടങ്ങിയ ഭാഗങ്ങളിൽ വൈകുന്നേരം നാല് മണി മുതൽ ആറ് മണി വരെ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
സായുധ സേനയിലെ സൈനികർ യുദ്ധം അവസാനിപ്പിച്ച് വിശ്രമത്തിനായി പാളയങ്ങളിലേക്ക് മടങ്ങുന്ന പുരാതന സൈനിക പാരമ്പര്യത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ചടങ്ങ്.
National
ന്യൂഡൽഹി: വികസിത ഇന്ത്യയിലേക്കുള്ള യാത്രയുടെ നിർണായക ഘട്ടത്തിൽ ‘പരിഷ്കാരം, പ്രകടനം, പരിവർത്തനം’ എന്നിവയിലാണ് സർക്കാരിന്റെ ശ്രദ്ധയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഴത്തിൽ വേരൂന്നിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണു പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നത്.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കാൽ ഭാഗം ഇന്ത്യ പൂർത്തിയാക്കി. രണ്ടാം പാദം ആരംഭിക്കുന്പോൾ രാജ്യം നിർണായക ഘട്ടത്തിലേക്കു കടക്കുകയാണ്. 2047ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള നിർണായക കാലഘട്ടമാണിത്. ഈ നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലെ ആദ്യബജറ്റാണിത്.
ഞായറാഴ്ച രാവിലെ 11ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്‍പായാണു പ്രധാനമന്ത്രിയുടെ പരാമർശം. തുടർച്ചയായി ഒന്‍പതാം തവണ ബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ വനിതാ ധനമന്ത്രിയാണ് നിർമലയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
‘പരിഷ്കരണ എക്സ്പ്രസ്’ വേഗത്തിൽ ഏറ്റെടുത്തിരിക്കുന്നു. ഇതിലേക്ക് എല്ലാ എംപിമാരുടെയും സംഭാവനകൾക്കു നന്ദി പറയുന്നു. ലോകത്തിന് പ്രതീക്ഷയുടെ ദീപസ്തംഭമായും ആഗോള ആകർഷണകേന്ദ്രമായും ആത്മവിശ്വാസമുള്ള ഇന്ത്യ മാറിയെന്നും പാർലമെന്റിനു പുറത്ത് മോദി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ്- യുഡിഎഫ് മുന്നണികൾ തമ്മിലുള്ള അഡ്ജസ്റ്റമെന്റ് ഭരണമാണു നടക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
"എൽഡിഎഫും യുഡിഎഫും തമ്മിൽ പതാകയിലും ചിഹ്നത്തിലും മാത്രമേ വ്യത്യാസമുള്ളൂ. ഇവർ രണ്ടു കൂട്ടരുടെയും അജൻഡ ഒന്നുതന്നെയാണ്. ഇടതു-വലതു മുന്നണികളുടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണം. ഇരുകൂട്ടരും മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചു. വികസിത കേരളത്തിനായി കൈകോർക്കാനുള്ള കൃത്യമായ സമയമാണിത്. ഇതിനായി ഉറച്ച തീരുമാനം ആവശ്യമാണ്. വികസിത കേരളത്തിനായി ബിജെപിക്കൊപ്പം ജനങ്ങൾ നില്‍ക്കണം''- പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
"ശബരിമലയിലെ വിശ്വാസത്തെ തകർക്കാൻ ലഭിച്ച ഓരോ അവസരവും നടപ്പാക്കിയതാണ് ഇടതു സർക്കാർ. ബിജെപി സർക്കാർ വന്നാൽ, ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും ആരോപണവിധേയരായവർ ജയിലിനുള്ളിലാകും. ഇതാണ് മോദിയുടെ ഗാരന്റി’’-പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സാധാരണക്കാരുടെ നിക്ഷേപം കൊള്ളയടിക്കപ്പെട്ടു. ഇത്തരക്കാർക്ക് കനത്ത ശിക്ഷയാണു നല്‍കേണ്ടത്. ബിജെപിക്ക് സംസ്ഥാന ഭരണത്തിന് അവസരം ലഭിച്ചാൽ സഹകരണ ബാങ്കിലെ പണം മോഷ്ടിച്ചവരിൽനിന്നുതന്നെ ഈടാക്കി നഷ്ടപ്പെട്ടവർക്കു തിരിച്ചു നല്‍കും. കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം വിമുഖത കാട്ടുന്നതായും പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിനാൽ ലക്ഷക്കണക്കിനു വിദ്യാർഥികൾക്കു ലഭിക്കേണ്ട സഹായം നഷ്ടമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസിനു വികസന പദ്ധതികളൊന്നുമില്ലെന്നും അവർ ഇപ്പോൾ മാവോ-മുസ്ലിം കോണ്‍ഗ്രസ് പാർട്ടിയായി മാറിയെന്നും വിഘടനവാദം വളർത്തുകയാണെന്നും പ്രധാനമന്ത്രി ആക്ഷേപിച്ചു.
ഇന്നലെ രാവിലെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആർ.വി. അർലേക്കർ എന്നിവർ ചേർന്നു സ്വീകരിച്ചു. തുടർന്ന് പ്രധാനമന്ത്രി റോഡ് ഷോ ആയാണു പൊതുസമ്മേളനം നടക്കുന്ന പുത്തരിക്കണ്ടം മൈതാനത്തെത്തിയത്.
പൊതുസമ്മേളനവേദിക്കു സമീപത്തായി തയാറാക്കിയ മറ്റൊരു വേദിയിൽ കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി. തുടർന്നാണ് പ്രധാനമന്ത്രി വേദിയിലേക്കെത്തിയത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, എൻഡിഎ നേതാക്കൾ ബിജെപി സംസ്ഥാന നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
National
ന്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം ബിജെപിക്ക് അവസരം നൽകുമെന്ന പൂർണമായ വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി ദേശീയ അധ്യക്ഷനായി നിതിൻ നബീനെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മോദി.
അധ്യക്ഷസ്ഥാനമേറ്റെടുത്ത നിതിന്‍ ആശംസയറിയിച്ച പ്രധാനമന്ത്രി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയിലെയും കേരളത്തിലെയും ബിജെപിയുടെ നേട്ടങ്ങൾ എടുത്തുപറഞ്ഞു.
മഹാരാഷ്ട്രയിലെ 29 പ്രധാന നഗരങ്ങളിൽ 25 എണ്ണത്തിലെയും ജനങ്ങൾ ബിജെപിയെയും എൻഡിഎയുമാണ് തെരഞ്ഞെടുത്തത്. കേരളത്തിൽ നിലവിൽ ബിജെപിക്ക് നൂറിനടുത്ത് കൗണ്സിലർമാരുണ്ടെന്നും മോദി പറഞ്ഞു.
തിരുവനന്തപുരത്തെ മേയർ തെരഞ്ഞെടുപ്പിൽ 45 വർഷത്തിനുശേഷം ജനങ്ങൾ അധികാരം ഇടതിൽനിന്നെടുത്ത് ബിജെപിക്കു നൽകിയെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിക്ക് ഒരവസരം നൽകുമെന്ന് വിശ്വസിക്കുന്നതായും മോദി പറഞ്ഞു.
താനൊരു പാർട്ടിപ്രവർത്തകനും പാർട്ടികാര്യങ്ങളിൽ നിതിൻ തന്റെ ബോസാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വലിയൊരു പരിവർത്തനം വീക്ഷിച്ച "മില്ലേനിയൽ’ പ്രായത്തിലുള്ളവനാണ് 45കാരനായ നിതിനെന്നും മോദി ചൂണ്ടിക്കാട്ടി. റേഡിയോയിൽനിന്നു വിവരങ്ങൾ ലഭിച്ച ചെറുപ്പവും ഇപ്പോൾ നിർമിതബുദ്ധിയുടെ നിരന്തര ഉപയോക്താക്കളുമായ തലമുറയിൽപ്പെട്ടയാളാണു നിതിനെന്നും മോദി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കോമണ്‍വെൽത്ത് രാജ്യങ്ങളുടെ സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28- ാമത് സമ്മേളനം (സിഎസ്പിഒസി 2026) ഇന്ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങി 42 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും. ജനാധിപത്യസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും കോമണ്‍വെൽത്ത് പാർലമെന്റുകൾക്കിടയിൽ സഹകരണം വർധിപ്പിക്കുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
നിയമനിർമാണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ നിർമിതബുദ്ധിയുടെ ഉപയോഗം, നൂതന ആശയങ്ങളുടെ പങ്കിടൽ, പാർലമെന്റ് അംഗങ്ങൾക്കിടയിൽ സമൂഹമാധ്യമങ്ങളുടെ സ്വാധീനം, പാർലമെന്റിനെയും സുരക്ഷയെയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക, സാമാജികരുടെ ആരോഗ്യക്ഷേമം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും.
National
ന്യൂഡൽഹി: ചരിത്രമേറെയുള്ള സൗത്ത് ബ്ലോക്കിൽനിന്നും സെൻട്രൽ വിസ്തയുടെ ഭാഗമായി നിർമാണം പൂർത്തിയായ സേവ തീർഥിലേക്ക് (സേവനത്തിന്റെ പുണ്യസ്ഥലം) പ്രധാനമന്ത്രിയുടെ ഓഫീസ് മാറുന്പോൾ ആധുനികതയിലേക്കുള്ള ഒരു കാൽവയ്പാണത്.
പതിറ്റാണ്ടുകളായി രാജ്യത്തിന്റെ അധികാരത്തിന്റെയും അധികാര ശ്രേണിയുടെയും പ്രതീകമായിരുന്നു ബ്രിട്ടീഷ് ഭരണകാലത്തു പണികഴിപ്പിച്ച സൗത്ത് ബ്ലോക്ക്. ഇടുങ്ങിയ ഇടനാഴികളും അടച്ചിട്ട ഉദ്യോഗസ്ഥചേംബറുകളും സൗത്ത് ബ്ലോക്കിന്റെ പ്രത്യേകതയായിരുന്നു.
എന്നാൽ ഇതിൽനിന്നെല്ലാം ഒരു മാറ്റം സേവാതീർഥിൽ പ്രതീക്ഷിക്കാം. പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് അടച്ചിട്ട കാബിനുകൾക്കും ഉദ്യോഗസ്ഥ ചേംബറുകൾക്കും പകരം തുറന്നിട്ട ആധുനിക ഓഫീസ് മാതൃകയിലാണു പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് നിർമിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർക്കിടയിൽ ഔപചാരികത ഒഴിവാക്കി പരസ്പര സഹകരണവും ഏകോപനവും വേഗത്തിലാക്കാനും വളർത്താനും ഇത്തരമൊരു മാതൃക സഹായകമാകുമെന്നാണ് കണക്കുകൂട്ടൽ.
സൗത്ത് ബ്ലോക്കിൽ ഇന്ത്യ-യൂറോപ്പ് വാസ്തുവിദ്യ പ്രതിഫലിക്കുന്പോൾ ആധുനിക രൂപകല്പനയുടെയും ഇന്ത്യൻ നാഗരികയുടെയും സംയോജനമാണു സേവാ തീർഥിൽ നിഴലിക്കുക.
ഇന്ത്യൻ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വാസ്തുശില്പങ്ങൾ അകത്തെ കാഴ്ചയുടെ മാറ്റ് കൂട്ടും. വിദേശനേതാക്കളെയും അന്താരാഷ്ട്ര പ്രതിനിധികളെയും ഉൾക്കൊള്ളാൻ സാധിക്കുംവിധം സമ്മേളനമുറികളും പ്രധാനമന്ത്രിയുടെ സ്വകാര്യ ഓഫീസും സേവ തീർഥിൽ ഒരുക്കിയിട്ടുണ്ട്.
ഭൂകന്പത്തെ പ്രതിരോധിക്കുന്നതുൾപ്പെടെ ഏതൊരു പ്രതികൂല കാലാവസ്ഥയെയും അതിജീവിക്കാൻ സാധിക്കുംവിധമാണ് സേവ തീർഥിന്റെ നിർമാണം. അടിത്തറ മുതൽ എല്ലാ മേഖലയിലും നൂതന സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ പുതിയ ഓഫീസിൽ ‘ഇന്ത്യ ഹൗസ്’ എന്നറിയപ്പെടുന്ന ആധുനികരീതിയിൽ നിർമിച്ച കോണ്‍ഫറൻസ് റൂം മറ്റൊരു പ്രത്യേകതയാണ്. ഉന്നതതല ഉഭയകക്ഷി യോഗങ്ങൾ, അന്താരാഷ്ട്ര സമ്മേളനങ്ങൾ, തുടങ്ങി പ്രധാന യോഗങ്ങൾക്ക് ഇത് ഉപയോഗപ്പെടുത്തും. ഏകദേശം 1200 കോടി രൂപയോളം ചെലവഴിച്ചാണ് സേവ തീർഥിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
National
ന്യൂഡൽഹി: നരേന്ദ്ര മോദി തന്നെ സർ എന്നു സംബോധന ചെയ്തുവെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “മോദി എന്നെ കാണാൻ വന്നു. സാർ, ഞാനൊന്നു കണ്ടോട്ടെ ? എന്നു ചോദിച്ചു. മോദിയുമായി എനിക്ക് നല്ല ബന്ധമാണ്. തീരുവയെച്ചൊല്ലി അദ്ദേഹം ഒട്ടും സന്തുഷ്ടനല്ല.
റഷ്യൻ എണ്ണയുടെ പേരിൽ അവർ ഇപ്പോൾ ധാരാളം തീരുവ അടയ്ക്കേണ്ടി വരികയാണല്ലോ. പക്ഷേ, ഇപ്പോൾ അവർ അത് വളരെയധികം കുറച്ചിട്ടുമുണ്ട്’’- ട്രംപ് പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ ഇടപാടുകളും വ്യാപാരപ്രശ്നങ്ങളും പങ്കുവയ്ക്കാനാണ് മോദി തന്നെ നേരിട്ടു സന്ദർശിച്ചതെന്ന് ട്രംപ് പറഞ്ഞു.
ട്രംപിന്റെ പരമാർശങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. 1971ലെ ഇന്തോ-പാക് യുദ്ധവേളയിൽ അമേരിക്ക കപ്പൽപ്പടയെ അയച്ചിട്ടും മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി കീഴടങ്ങിയില്ലെന്ന് രാഹുൽ പറഞ്ഞു. അതേസമയം, ഓപ്പറേഷൻ സിന്ദൂർ നടക്കവേ, ട്രംപിന്റെ ഒരു ഫോൺ കോൾ ലഭിച്ചതോടെ മോദി കീഴടങ്ങിയെന്നും, ഇതാണ് വ്യത്യാസമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ട്രംപിന്റെ പരാമർശങ്ങളുടെ വീഡിയോ പങ്കുവച്ചുകൊണ്ട് കോൺഗ്രസ് സെക്രട്ടറി ഇൻ ചാർജ് ജയ്റാം രമേശും മോദിയെ പരിഹസിച്ചു.
National
ന്യൂഡൽഹി: ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് ദ്വിദിന സന്ദർശനത്തിനായി ഈ മാസം 12ന് ഇന്ത്യയിലെത്തുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ആദ്യ ഔദ്യോഗിക ഇന്ത്യൻ സന്ദർശനത്തിൽ ഗുജറാത്തിലെ അഹമ്മദാബാദും
കർണാടകയിലെ ബംഗളൂരുവും മെർസ് സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ജർമൻ ചാൻസലറുടെ സന്ദർശനം.
ഇന്ത്യൻ ചരക്കുകൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഭീമൻ പിഴത്തീരുവയുടെ പശ്ചാത്തലത്തിലാണ് ജർമൻ ഫെഡറൽ സർക്കാരിന്റെ തലവനായ ഫ്രീഡ്രിഷ് മെർസ് ഇന്ത്യയിലെത്തുന്നത്.
ഉഭയകക്ഷിസഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഇരുനേതാക്കളും തമ്മിലുള്ള ചർച്ച ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിദേശകാര്യമന്ത്രായം അറിയിച്ചു.
2025ൽ 25 വർഷം പൂർത്തിയാക്കിയ ഇന്ത്യ-ജർമനി നയതതന്ത്ര പങ്കാളിത്തത്തിന്റെ വിവിധ വശങ്ങളിൽ കൈവരിച്ച പുരോഗതിയും നേതാക്കൾ വിലയിരുത്തും.
National
ന്യൂഡൽഹി: ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിനെ പരാമർശിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയിൽനിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക തീരുവ ഉയർത്തിയതിനുശേഷം"മോദി എന്നെ സന്തോഷിപ്പിക്കണമെന്ന്’ ട്രംപ് അവകാശപ്പെട്ടത് ഒരു ഓഡിയോ ക്ലിപ്പിൽ കേട്ടുവെന്ന് ഖാർഗെ പറഞ്ഞു. എന്തുകൊണ്ടാണ് മോദി ട്രംപിനുമുന്നിൽ തല കുനിക്കുന്നതെന്നും ഇതു രാജ്യത്തിന് അപകടകരമാണെന്നും ഖാർഗെ പറഞ്ഞു.
നിങ്ങൾ രാജ്യത്തിനുവേണ്ടിയാണ് നിലകൊള്ളേണ്ടത്. ട്രംപ് പറയുന്നതിനെല്ലാം നിങ്ങൾ തലകുനിക്കുകയാണ്. രാജ്യം നിങ്ങളെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് തല കുനിക്കാനല്ലെന്നും മോദിയോടായി ഖാർഗെ പറഞ്ഞു.
വെനസ്വേലയിലെ സംഭവവികാസങ്ങൾ ലോകത്തിനു നല്ലതല്ലെന്നും യുഎസ് പ്രസിഡന്റ് ലോകത്തിലെ ജനങ്ങളെ ഭയപ്പെടുത്താനാണു ശ്രമിക്കുന്നതെന്നും ഖാർഗെ പറഞ്ഞു.
സാമ്രാജ്യത്വവിപുലീകരണം നടത്താൻ ശ്രമിച്ചവർക്കൊന്നും അധികകാലം നിലനില്‍പുണ്ടായിട്ടില്ല. ഹിറ്റ്ലറിനെയും മുസോളിനിയെയും പോലുള്ളവർ ഇല്ലാതായെന്നും ഖാർഗെ പറഞ്ഞു. ദുഷ്ടചിന്തകൾ വച്ചുപുലർത്തുന്ന ആളുകൾ ആഗോളസമാധാനം തകർക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ക്രൈസ്തവ വേട്ട അവസാനിപ്പിക്കാൻ സംഘപരിവാർ അണികൾക്കു നിർദേശം നൽകാൻ പ്രധാനമന്ത്രിയും ബിജെപി നേതൃത്വവും തയാറാകണമെന്ന് കെപിസിസി മുൻ പ്രസിഡന്റ് എം.എം. ഹസൻ.
ഉത്തരാഖണ്ഡ്, രാജസ്ഥാൻ, യുപി, ഡൽഹി, ജമ്മു കാശ്മീർ, ഛത്തീസ്ഗഡ് ഉൾപ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവ പുരോഹിതരും വിശ്വാസികളും വ്യാപകമായി ആക്രമിക്കപ്പെടുന്നു.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ കേക്കുമായി അരമനകൾ കയറിയിറങ്ങിയ ബിജെപി നേതാക്കൾ ഇത്തവണ അതിന് മുതിരാതിരുന്നത് ഈ ആക്രമണങ്ങളിലെ കുറ്റബോധം കൊണ്ടാണോ എന്ന് ഹസൻ ചോദിച്ചു.
കേരളത്തിൽ ക്രൈസ്തവ സഭയുമായി ഒളിഞ്ഞും തെളിഞ്ഞും സഹകരണം ഉണ്ടാക്കാൻ ശ്രമിക്കുന്ന ബിജെപി നേതൃത്വം അവരുടെ ദേശീയനേതൃത്വത്തോട് എന്തുകൊണ്ട് ഈ ആവശ്യം ഉന്നയിക്കുന്നില്ല. കഴിഞ്ഞ വർഷം നവംബർ വരെ 706 ആക്രമണങ്ങൾ ക്രൈസ്തവർക്കെതിരേ നടന്നു. അക്രമികളായ സംഘപരിവാർകാർക്കെതിരേ ചെറുവിരൽ അനക്കാൻ ബിജെപി ഭരണകൂടം തയാറാകുന്നില്ല.
ക്രിസ്മസ് അവധി ദിവസം സ്കൂൾ പ്രവൃത്തി ദിനമാക്കി യുപിയിലെ യോഗി സർക്കാർ ഉത്തരവിറക്കിയതിലും വിദ്വേഷ രാഷ്ട്രീയം പ്രകടമാണ്. മതസ്വാതന്ത്രവും സഞ്ചാര സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പു നൽകുന്പോഴാണ് രാജ്യത്തെ കന്യാസ്ത്രീകൾക്ക് സന്ന്യാസവസ്ത്രം ഒഴിവാക്കി യാത്ര ചെയ്യേണ്ടി വന്നത്.
രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കുന്ന ആക്രമണങ്ങൾക്കെതിരേ എല്ലാ മതേതരവിശ്വാസികളും പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും എം.എം. ഹസൻ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: അടുത്ത സാന്പത്തികവർഷത്തെ ബജറ്റിനു മുന്നോടിയായി സാന്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
നീതി ആയോഗ് ആസ്ഥാനത്തു നടന്ന കൂടിക്കാഴ്ചയിൽ ധനമന്ത്രി നിർമല സീതാരാമൻ, നീതി ആയോഗ് ഉപാധ്യക്ഷൻ സുമൻ ബെരി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ബജറ്റിലെ പ്രധാന ഉള്ളടക്കങ്ങൾ യോഗത്തിൽ ചർച്ചയായി.
സാന്പത്തിക, കാർഷിക, എംഎസ്എംഇ, ഉത്പാദനം, സ്റ്റാർട്ടപ്, ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗത്തിന്റെ പ്രമേയം"ആത്മനിർഭരതയും ഘടനാപരമായ പരിവർത്തനവും: വികസിത ഭാരതത്തിനുള്ള അജൻഡ' എന്നതായിരുന്നു.
ചൈന അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി ആശ്രയത്വം കുറച്ച് ചരക്ക് കയറ്റുമതി വർധിപ്പിക്കാനും സേവന കയറ്റുമതി വൈവിധ്യവത്കരിക്കുന്നതിനുമുള്ള തന്ത്രങ്ങൾ യോഗത്തിൽ ചർച്ചയായെന്നാണു സൂചന.
യുദ്ധങ്ങളുടെയും ആഗോള അനിശ്ചിതത്വത്തിന്റെയും രൂപയുടെ വിലയിടിവിന്റെയും പശ്ചാത്തലത്തിലുള്ള 2026-27 സാന്പത്തികവർഷത്തെ ബജറ്റ് പ്രഖ്യാപനങ്ങൾ രാജ്യത്തിന്റെ സാന്പത്തികഭാവിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
National
ന്യൂഡൽഹി: ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ടു രാജ്യത്തുടനീളം ക്രൈസ്തവർക്കു നേരേയുണ്ടായ ആക്രമണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സർക്കാരിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോണ്‍ഗ്രസ്.
കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നില്ലെങ്കിൽ പ്രധാനമന്ത്രി പള്ളിയിൽ പോകുന്ന ദൃശ്യങ്ങൾ നാം കാണില്ലായിരുന്നുവെന്നും അദ്ദേഹം പള്ളിയിൽ പോകുമെങ്കിലും അദ്ദേഹത്തിന്റെ കാലാൾപ്പടയാളികൾ ഗുണ്ടായിസത്തിലേർപ്പെടുന്നത് നാം കാണുകയാണെന്നും കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം തലവനായ പവൻ ഖേര വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
ഇക്കാര്യത്തിൽ പ്രധാനമന്ത്രിതന്നെ പ്രതികരിക്കണമെന്നും കാലാൾപ്പടയാളികളെ നിലയ്ക്കുനിർത്താൻ കഴിയില്ലെങ്കിൽ ക്രിസ്മസ് ദിനത്തിൽ പള്ളിയിൽ പോകുന്ന വേഷംകെട്ടൽ നടത്തരുതെന്നും പവൻ പറഞ്ഞു.
രാജ്യത്ത് ക്രൈസ്തവർക്കെതിരേ കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളിലായി സംഘടിത ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ബിജെപി സർക്കാരിനെയും പവൻ ഖേര രൂക്ഷമായ ഭാഷയിൽ കുറ്റപ്പെടുത്തി.
ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ മോദിയുടെ “ന്യൂ ഇന്ത്യ’യിലെ "ന്യൂ നോർമൽ'ആകില്ലെന്നു’ പ്രതീക്ഷിക്കുന്നതായി പവൻ പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ കേന്ദ്രത്തിലെ ബിജെപി സർക്കാരിനു സംരക്ഷിക്കാൻ കഴിയാത്തപ്പോൾ ഇന്ത്യക്കു പുറത്തെ ഹൈന്ദവ ന്യൂനപക്ഷങ്ങളെപ്പറ്റി സംസാരിക്കാൻ അവർക്ക് അവകാശമില്ലെന്നും പവൻ കൂട്ടിച്ചേർത്തു.
ഉത്സവങ്ങളുടെ കാര്യത്തിൽ, അത് ഹിന്ദുക്കളുടെ ഉത്സവങ്ങളാണെങ്കിലും മുസ്ലിംകളുടേതോ ക്രൈസ്തവരുടേതോ ആണെങ്കിലും എല്ലാവർക്കും അവരുടേതായ രീതിയിൽ ആഘോഷിക്കാൻ അവകാശമുണ്ടെന്നും എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണത നിലനിൽക്കുന്നുണ്ടെന്നും പവൻ ഖേര പറഞ്ഞു.
രാമനവമിയിലോ ഹനുമാൻ ജയന്തിയിലോ ഒരുകൂട്ടം ബജ്രംഗ്ദൾ പ്രവർത്തകരോ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരോ മുസ്ലിം പള്ളിക്കു പുറത്തുപോയി പ്രകോപനമുണ്ടാക്കുന്ന പാട്ടുകൾ വച്ച് അവിടെ ആടിപ്പാടുന്ന കാര്യം കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാണിച്ചു.
National
ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലെ ക്രിസ്മസ് ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
ബിഷപ്പ് പോൾ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. തുടർന്ന് രാജ്യത്തിനും പ്രധാനമന്ത്രിക്കും വേണ്ടി പ്രത്യേക പ്രാർഥനയും നടത്തി.
സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം പ്രതിഫലിപ്പിച്ചാണ് ഈ ശുശ്രൂഷ നടത്തിയതെന്നും ക്രിസ്മസിന്റെ ആത്മാവ് നമ്മുടെ സമൂഹത്തിൽ ഐക്യവും സത്സ്വഭാവവും പ്രചോദിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
രാജ്യത്ത് പലയിടങ്ങളിലും ക്രിസ്മസ് കാരൾ സംഘങ്ങൾക്കും വിശ്വാസികൾക്കും നേരെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ ദേവാലയസന്ദർശനമെന്നതും ശ്രദ്ധേയമാണ്.
National
ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ(എഫ്ടിഎ) യാഥാർഥ്യത്തിലേക്ക്.
ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനു ശേഷമാണ് സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ പൂർത്തിയായതായി ഇരുനേതാക്കളും അറിയിച്ചത്. ഇരുരാജ്യങ്ങളുടെയും വ്യാപാരം ഊർജിതമാക്കുന്ന കരാർ മൂന്നു മാസത്തിനകം ഒപ്പിടുമെന്നാണ് റിപ്പോർട്ട്.
ഒമാൻ, യുകെ, യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ (ഇഎഫ്ടിഎ രാജ്യങ്ങൾ), യുഎഇ, ഓസ്ട്രേലിയ, മൗറീഷ്യസ് എന്നീ രാജ്യങ്ങൾക്കുശേഷം സമീപവർഷങ്ങളിൽ ഇന്ത്യ ഒപ്പിടുന്ന ഏഴാമത്തെ സ്വതന്ത്ര വ്യാപാരക്കരാറാണ് ന്യൂസിലൻഡുമായുള്ളത്.
ഈ വർഷം മാർച്ചിൽ ലക്സണ്‍ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് കരാർ സംബന്ധിച്ച ചർച്ചകൾക്കു തുടക്കമായത്. ഒന്‍പത് മാസമെന്ന റെക്കോർഡ് സമയത്തിനുള്ളിലാണ് എഫ്ടിഎ അന്തിമമാകുന്നതെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു.
സ്വതന്ത്ര വ്യാപാരക്കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരപങ്കാളിത്തം ആഴത്തിലാക്കുമെന്നും നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും ഇരുരാജ്യങ്ങളിലെയും സംരംഭകർ, കർഷകർ, ചെറുകിട വ്യാപാരികൾ, വിദ്യാർഥികൾ, യുവാക്കൾ എന്നിവർക്ക് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി മോദിയുടെ ഓഫീസ് അറിയിച്ചു.
കരാർ പ്രാബല്യത്തിലായിക്കഴിഞ്ഞാൽ ഇന്ത്യയിൽനിന്നുള്ള എല്ലാ കയറ്റുമതികൾക്കും തീരുവ ഒഴിവാക്കി ന്യൂസിലൻഡ് ഡ്യൂട്ടി ഫ്രീ വ്യാപാരം അനുവദിക്കും. പകരമായി ഇന്ത്യയും തീരുവ ഉദാരവത്കരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ന്യൂസിലൻഡിൽനിന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന 95 ശതമാനം ഉത്പന്നങ്ങളുടെയും തീരുവകൾ നീക്കം ചെയ്യുകയോ കുറയ്ക്കുകയോ ചെയ്യുന്ന നടപടിയാണിതെന്ന് ലക്സണ്‍ പറഞ്ഞു.
നൂറു ശതമാനം ഡ്യൂട്ടി ഫ്രീ വ്യാപാരം ന്യൂസിലൻഡ് തുറന്നുനൽകുന്നത് ഇന്ത്യയിലെ തൊഴിൽ കേന്ദ്രീകൃത മേഖലകളായ ടെക്സ്റ്റൈൽ, ലെതർ, ചെരിപ്പുകൾ, സമുദ്രോത്പന്നങ്ങൾ, ആഭരണങ്ങൾ, കൈത്തറി-എൻജിനിയറിംഗ് ഉത്പന്നങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയ്ക്ക് ഗുണകരമാകും. ഇന്ത്യയുടെ ആഭ്യന്തര, കാർഷിക മേഖലകളെ സംരക്ഷിക്കാൻ പാലുത്പന്നങ്ങൾ, ചില പച്ചക്കറി, പഞ്ചസാര, റബർ, കൃത്രിമ തേൻ തുടങ്ങിയവയെ കരാറിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യൻ പ്രൊഫഷണലുകൾക്ക് താത്കാലിക വീസ
നൈപുണ്യജോലികളിൽ ഏർപ്പെട്ടിരിക്കുന്ന 5000 ഇന്ത്യൻ പ്രൊഫഷണലുകളെ മൂന്നുവർഷം വരെ ന്യൂസിലൻഡിൽ തങ്ങാൻ അനുവദിക്കുന്ന താത്കാലിക തൊഴിൽ എൻട്രി വീസകളും കരാർ പ്രദാനം ചെയ്യും. ഇന്ത്യൻ വിദ്യാർഥികൾക്ക് നിശ്ചയിച്ചിരുന്ന എണ്ണത്തിലുള്ള പരിധി കരാർ ഒഴിവാക്കാനും പഠനത്തിനിടയിൽ ആഴ്ചയിൽ 20 മണിക്കൂർ വരെ ജോലി ചെയ്യാനും കരാർ അനുവദിക്കുന്നു.
ഇതിനോടൊപ്പം ശാസ്ത്ര, സാങ്കേതിക, എൻജിനിയറിംഗ്, മാത്തമാറ്റിക്സ് (എസ്ടിഇഎം) മേഖലകളിൽ ബിരുദ, ബിരുദാനന്തരം പൂർത്തിയാക്കുന്നവർക്ക് മൂന്നു വർഷം വരെയുള്ള പഠനാനന്തര തൊഴിൽ വീസകളും കരാർ നൽകുന്നു.
National
മുംബൈ: നീതി തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തയച്ച് മുംബൈയെ വിറപ്പിച്ച അധോലോക നായകൻ ഹാജി മസ്താന്റെ മകൾ ഹസീൻ മസ്താൻ മിർസ.
ശൈശവ വിവാഹം, ലൈംഗീകാതിക്രമം, സ്വത്ത് തട്ടിയെടുക്കൽ എന്നിവ താൻ നേരിട്ടുവെന്നും ഇതിനെതിരെ താൻ നൽകിയ പരാതിയിൽ നടപടി ഉണ്ടാകണമെന്നും ഹസീൻ മസ്താൻ കത്തിൽ അഭ്യർഥിച്ചു.
1996ൽ പ്രായപൂർത്തിയാകും മുൻപ് അമ്മാവന്റെ മകനെ കൊണ്ട് തന്നെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്ന് ഹസീന പറയുന്നു. ഇയാൾ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്നും പലതവണ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് ഹസീന്റെ പരാതി.
തനിക്ക് മുൻപേ എട്ടുപേരെ ഇയാൾ വിവാഹം കഴിച്ചിരുന്നതായും മൂന്ന് പ്രാവശ്യം താൻ ജീവനൊടുക്കാൻ ശ്രമിച്ചുവെന്നും ഹസീൻ വ്യക്തമാക്കി. പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.
അധോലോക നായകനായിരുന്ന ഹാജി മസ്താൻ 1994 ജൂൺ 25 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.
National
കോൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണം സംസ്ഥാനത്തെ വികസനം തടയുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
അഴിമതിയിലൂടെ മമത സർക്കാർ ജനങ്ങൾക്കു ഭാരമായെന്നും അദ്ദേഹം ആരോപിച്ചു. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ താഹെര്പുരിൽ റാലിയെ സംബോധന ചെയ്യുകയായിരുന്നു മോദി.
അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്നത് തൃണമൂൽ കോൺഗ്രസ് ആണ്. അതുകൊണ്ടാണ് സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തെ (എസ്ഐആര്‍) അവര്‍ എതിര്‍ക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പശ്ചിമബംഗാളിലെ സന്ദർശനം പൂർത്തിയാക്കി ഇന്നലെ പ്രധാനമന്ത്രി ആസാമിലെത്തി. നിരവധി പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പം ബിജെപി പ്രവർത്തകരുമായി ആശയവിനിമയവും പരിപാടികളിലുണ്ട്.
സന്ദർശനത്തിന്റെ ആദ്യദിനമായ ഇന്നലെ ആസാമിന്റെ ആദ്യ മുഖ്യമന്ത്രി ഗോപിനാഥ് ബർദൊളോയിയുടെ 80 അടി ഉയരമുള്ള പ്രതിമ മോദി അനാച്ഛാദനം ചെയ്തു.
കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ശിൽപി റം സുതർ രൂപകൽപന ചെയ്ത ശിൽപമാണിത്. കൂടാതെ, 4000 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ ലോകപ്രിയ ഗോപിനാഥ് ബർദോളോയ് വിമാനത്താവളത്തിന്റെ പുതിയ ടെർമിനലും മോദി ഉദ്ഘാടനം ചെയ്തു.
National
ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാർ ദിവസേന അനുഭവിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ ആഘാതം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും ഇന്നലെ അനുഭവിച്ചു.
മലിനീകരണം മൂലമുള്ള പുകമഞ്ഞ് രൂക്ഷമായ ഇന്നലെ രാജ്യത്തെ വ്യോമ, റെയിൽ ഗതാഗതം താറുമാറായപ്പോൾ മെസിയും മോദിയും സഞ്ചരിക്കേണ്ട വിമാനങ്ങളെയും അതു ബാധിക്കുകയായിരുന്നു.
മോശം കാലാവസ്ഥ മൂലം ഡൽഹി വിമാനത്താവളത്തിൽ മാത്രം നൂറിലധികം വിമാനങ്ങൾ റദ്ദാക്കിയപ്പോൾ ഡൽഹിയിലേക്കെത്തുന്നതും പുറപ്പെടുന്നതുമായ നൂറിലധികം ട്രെയിനുകൾ മണിക്കൂറുകളോളം വൈകുകയും ചെയ്തു.
ഇന്ത്യ ടൂർ 2025ന്റെ ഭാഗമായി ഇന്നലെ ഡൽഹിയിലേക്കു പറക്കാനൊരുങ്ങിയ ലയണൽ മെസിയുടെ ചാർട്ടേഡ് വിമാനം കനത്ത പുകമഞ്ഞിനെത്തുടർന്ന് വൈകിയതുമൂലം മെസി മണിക്കൂറുകളോളം മുംബൈ വിമാനത്താവളത്തിൽ കുടുങ്ങി.
ഉച്ചയോടെ ഡൽഹിയിൽ എത്തേണ്ടിയിരുന്ന മെസി, അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലെ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയപ്പോൾ വൈകുന്നേരം നാലരയായി. ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം ഇന്നലെ രാവിലെ എട്ടരയോടെ പുറപ്പെടേണ്ടതായിരുന്നെങ്കിലും മോശം ദൃശ്യപരത മൂലം 9.30നാണ് വിമാനം പുറപ്പെട്ടത്.
470 എന്ന "ഗുരുതര’വിഭാഗത്തിലായിരുന്നു ഇന്നലെ ഡൽഹിയിലെ ശരാശരി വായു നിലവാരസൂചിക (എക്യുഐ). അതിരൂക്ഷമായ മലിനീകരണത്തെ ചെറുക്കാൻ തലസ്ഥാനത്തെ സ്കൂളുകൾ ഓണ്‍ലൈനാക്കുകയും നിർമാണപ്രവർത്തനങ്ങൾ നിരോധിക്കുകയും ചെയ്തു.
മലിനീകരണം കണക്കിലെടുത്ത് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങൾ വീഡിയോ കോണ്‍ഫറൻസിലൂടെ പരിഗണിക്കാൻ ചീഫ് ജസ്റ്റീസ് സൂര്യകാന്തും കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു.
International
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാരം, സാങ്കേതികവിദ്യ, ഊർജം, പ്രതിരോധം, സുരക്ഷ തുടങ്ങി നിരവധി മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിനെക്കുറിച്ച് ഫോണിലൂടെ ചർച്ച ചെയ്തതായാണ് റിപ്പോർട്ട്.
ഫോൺസംഭാഷണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമത്തിലൂടെ വിവരം പങ്കുവച്ചു. എക്സിലൂടെയാണ് ട്രംപുമായി ഫോൺ സംഭാഷണം നടത്തിയെന്ന കാര്യം മോദി അറിയിച്ചത്.
"യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി വളരെ ഊഷ്മളമായൊരു സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലെ പുരോഗതി ഞങ്ങള്‍ അവലോകനം ചെയ്തു. പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളും ചര്‍ച്ചചെയ്തു. ആഗോളസമാധാനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിക്കുമായി ഇന്ത്യയും യുഎസും തുടര്‍ന്നും ഒരുമിച്ച് പ്രവര്‍ത്തിക്കും'.- നരേന്ദ്രമോദി എക്സിൽ കുറിച്ചു.
National
ന്യൂഡൽഹി: ഗോവ തീപിടുത്തത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടത്തിന് ഇരയായവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു
ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണെന്നും പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗോവ മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും സാധ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപകടത്തില്‍ രാഷ്ട്രപതി ദൗപതി മുര്‍മുവും ദുഃഖം രേഖപ്പെടുത്തി. ബാധിക്കപ്പെട്ടവര്‍ക്കൊപ്പമെന്നും പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
ഗോവയിലെ നിശാക്ലബിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 25 പേരാണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്. നോര്‍ത്ത് ഗോവയിലെ അര്‍പോറയിലാണ് സംഭവം. റോമിയോ ലെയ്നിലെ ബിര്‍ച്ച് നൈറ്റ്ക്ലബിലാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
International
കറാച്ചി: തന്നെ പാക്കിസ്ഥാനിൽ ഉപേക്ഷിച്ച ഭർത്താവ് ഡൽഹിയിൽ രഹസ്യമായി രണ്ടാമത് വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന് ആരോപിച്ച് യുവതി രംഗത്ത്.
തനിക്കു നീതി ലഭിക്കണമെന്ന് യുവതി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിക്കുന്ന വിഡിയോ പുറത്തുവന്നു. പാക്കിസ്ഥാനി സ്വദേശിനിയായ നികിതയാണ് വിഡിയോ പുറത്തുവിട്ടത്. കറാച്ചി സ്വദേശിനിയാണ് ഇവർ.
ദീർഘകാല വീസയിൽ ഇൻഡോറിൽ താമസിക്കുന്ന പാക്കിസ്ഥാൻ വംശജനായ വിക്രം നാഗ്ദേവിനെ 2020 ജനുവരി 26ന് കറാച്ചിയിൽ വച്ച് ഹൈന്ദവാചാരപ്രകാരം വിവാഹം കഴിച്ചതായി നികിത പറയുന്നു. ഒരു മാസം കഴിഞ്ഞ് വിക്രം നികിതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാൽ, മാസങ്ങൾക്കുള്ളിൽ തന്റെ ജീവിതം കീഴ്മേൽ മറിഞ്ഞതായി നികിത പറയുന്നു.
വീസയിൽ സാങ്കേതിക പ്രശ്നമുണ്ടെന്ന കാരണം പറഞ്ഞ് 2020 ജൂലൈ ഒൻപതിന് നിർബന്ധിച്ച് പാക്കിസ്ഥാനിലേക്ക് അയച്ചതായി നികിത പറയുന്നു. തിരിച്ചു കൊണ്ടുവരാൻ വിക്രം ശ്രമിച്ചില്ല. ഇന്ത്യയിലേക്കു മടക്കി വിളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതായി നികിത ആരോപിക്കുന്നു.
തനിക്കു നേരിട്ട സംഭവത്തെക്കുറിച്ചും അവർ വിഡിയോയിൽ വിവരിച്ചു. "പാക്കിസ്ഥാനിൽ നിന്ന് ഭർതൃവീട്ടിൽ തിരിച്ചെത്തിയപ്പോൾ അവരുടെ പെരുമാറ്റം പൂർണമായും മാറിയിരുന്നു. ഭർത്താവിനു മറ്റൊരു ബന്ധമുണ്ടെന്നു ഞാൻ മനസിലാക്കി. ഭർതൃപിതാവിനോട് ഇക്കാര്യം പറഞ്ഞു. ആൺകുട്ടികൾക്ക് അവിഹിത ബന്ധങ്ങൾ ഉണ്ടാകുമെന്നും അതിലൊന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് അവർ പറഞ്ഞത്.'–നികിത പറഞ്ഞു.
ലോക്ക്ഡൗൺ സമയത്ത് പാക്കിസ്ഥാനിലേക്കു മടങ്ങാൻ വിക്രം നിർബന്ധിച്ചെന്നും ഇപ്പോൾ ഇന്ത്യയിലേക്കു പ്രവേശനം നിഷേധിക്കുകയാണെന്നും നികിത ആരോപിച്ചു. കറാച്ചിയിൽ തിരിച്ചെത്തിയ ശേഷമാണ് ഡൽഹിയിലുള്ള ഒരു സ്ത്രീയുമായി വിക്രം രണ്ടാമതൊരു വിവാഹത്തിന് ഒരുങ്ങുകയാണെന്ന് നികിത കണ്ടെത്തിയത്.
2025 ജനുവരി 27ന് നികിത രേഖാമൂലം പരാതി നൽകി. ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടു. ഇതേതുടർന്നാണ് യുവതി വിഡിയോ സന്ദേശവുമായി എത്തിയത്.
National
ന്യൂഡൽഹി: നമ്മുടെ പ്രവർത്തനങ്ങളിലൂടെ ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത നമുക്ക് ആവർത്തിക്കാമെന്ന്, ഭരണഘടനയുടെ അന്തിമരൂപത്തിന് ഭരണഘടനാ നിർമാണസഭ അംഗീകാരം നൽകിയതിന്റെ വാർഷികദിനത്തിൽ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ ഭരണഘടന നമ്മുടെ അന്തസിനും സമത്വത്തിനും സ്വാതന്ത്ര്യത്തിനും ഏറ്റവുമധികം പ്രാധാന്യം നൽകുന്നുവെന്നും മോദി എക്സിൽ കുറിച്ചു.
അവകാശങ്ങളിലൂടെ അതു നമ്മെ ശക്തീകരിക്കുന്പോഴും പൗരന്മാരെന്ന നിലയിൽ നമ്മുടെ കടമകളെക്കുറിച്ച് ഓർമിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ കടമകൾ നിറവേറ്റാൻ നാം എപ്പോഴും ശ്രമിക്കണമെന്നും ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറയാണ് ഈ കടമകളെന്നും മോദി പറഞ്ഞു.
ഭരണഘടന വെറുമൊരു പുസ്തകം മാത്രമല്ലെന്നും രാജ്യത്തെ എല്ലാ പൗരന്മാർക്കുമുള്ള വിശുദ്ധമായ വാഗ്ദാനമാണെന്നും ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ജാതിയോ മതമോ പ്രദേശമോ ഭാഷയോ സന്പദ്സ്ഥിതിയോ പരിഗണിക്കാതെ എല്ലാവർക്കും തുല്യതയും ബഹുമാനവും നീതിയും ഉറപ്പാക്കുന്ന വാഗ്ദാനമാണതെന്നും രാഹുൽ പറഞ്ഞു.
""പാവപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്നവർക്കും ഭരണഘടന സംരക്ഷണ കവചമാണ്. അത് അവരുടെ ശക്തിയും എല്ലാ പൗരന്മാരുടെയും ശബ്ദവുമാണ്. ഭരണഘടന സുരക്ഷിതമായിരിക്കുന്നിടത്തോളം എല്ലാ ഇന്ത്യക്കാരുടെയും അവകാശങ്ങളും സുരക്ഷിതമാണ്. ഭരണഘടനയ്ക്കെതിരേ ഒരുതരത്തിലുമുള്ള ആക്രമണവുമുണ്ടാകില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.
ഭരണഘടന സംരക്ഷിക്കേണ്ടത് എന്റെ കടമയാണ്. അതിനെതിരേയുള്ള എല്ലാ ആക്രമണത്തിനുമെതിരേ മുന്നിൽ ഞാനുണ്ടാകും''-ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് രാഹുൽ എക്സിലെഴുതി.
International
ജൊഹന്നാസ്ബർഗ്: ജി 20 ഉച്ചകോടിക്കിടെ ബ്രട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഉൾപ്പെടെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ദക്ഷിണകൊറിയൻ പ്രസിഡന്റ് ലീ ജെയ്-മ്യുങ്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡിസിൽവ എന്നിവർക്കു പുറമേ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായും പ്രധാനമന്ത്രി സംസാരിച്ചു.
കെയർ സ്റ്റാർമറുമായുള്ള കൂടിക്കാഴ്ച ഇന്ത്യ-യുകെ സൗഹൃദത്തിന് പുതിയ ഊർജം പകരുമെന്ന് കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിച്ച് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
National
ന്യൂഡൽഹി: 29 കേന്ദ്ര തൊഴിൽനിയമങ്ങൾ പുനഃസ്ഥാപിച്ചുകൊണ്ട് കൊണ്ടുവന്ന പുതിയ നാല് തൊഴിൽ കോഡുകൾ ഇന്നലെമുതൽ പ്രാബല്യത്തിലായതായി കേന്ദ്രസർക്കാർ.
സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും സമഗ്രമായ തൊഴിൽ കേന്ദ്രീകൃത പരിഷ്കാരങ്ങളിൽ ഒന്നാണെന്നാണ് പുതിയ തൊഴിൽ കോഡുകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ വിശേഷിപ്പിച്ചത്. എല്ലാ തൊഴിലാളികൾക്കും മിനിമം വേതനം, സമയബന്ധിതമായ വേതനം, നിയമന കത്തുകൾ തുടങ്ങിയ നിയമപരമായ അവകാശങ്ങൾ ഉറപ്പിക്കുന്നതാണ് പുതിയ കോഡുകളെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
വേതന കോഡ് (2019), ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (2020), സോഷ്യൽ സെക്യൂരിറ്റി കോഡ് (2020), ഒക്യുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷൻസ് കോഡ് (2020) എന്നീ തൊഴിൽ കോഡുകളാണ് പ്രാബല്യത്തിലായത്.
പുതിയ നിയമങ്ങൾ തൊഴിലാളിവിരുദ്ധവും തൊഴിലുടമകൾക്ക് അനുകൂലവുമാണെന്നും വിശേഷിപ്പിച്ച് പ്രതിപക്ഷത്തുള്ള പത്ത് ട്രേഡ് യൂണിയൻ സംഘടനകൾ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിൽ നിയമങ്ങൾ ഏകപക്ഷീയമായി നടപ്പിലാക്കിയതിനെ അപലപിച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ച സംഘടനകൾ നാല് തൊഴിൽ കോഡുകൾ തൊഴിലാളി ജനതയ്ക്കെതിരായ യുദ്ധമാണെന്നും വിശേഷിപ്പിച്ചു.
വർധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കും പണപ്പെരുപ്പത്തിനുമിടയിലെ വിജ്ഞാപനങ്ങൾ യജമാന-ദാസ ബന്ധത്തിന്റെ ചൂഷണ കാലഘട്ടത്തിലേക്ക് തിരികെകൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും യൂണിയനുകൾ ആരോപിച്ചു. തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിനെതിരേ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലുള്ള കർഷകരോടൊപ്പം ഈമാസം 26ന് പ്രതിഷേധിക്കാനും യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കോഡുകൾക്കു കീഴിലെ പുതിയ ശന്പള മാനദണ്ഡങ്ങൾ പ്രകാരം എല്ലാ ഐടി, ഐടി എനേബിൾഡ് സർവീസസ് (ഐടിഇഎസ്) മേഖലയിലെ കന്പനികളും എല്ലാ മാസവും ഏഴിനുള്ളിൽ തങ്ങളുടെ ജീവനക്കാരുടെ ശന്പളം നൽകണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. ഐടി കന്പനികൾ തങ്ങളുടെ തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തി ജീവനക്കാർക്ക് ‘തുല്യ ജോലിക്ക് തുല്യവേതനം’ നൽകണം.
വനിതാ തൊഴിലാളികൾക്ക് ഉയർന്ന വേതനം നേടുന്നതിന് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനായി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ സൃഷ്ടിക്കണം. കന്പനികൾ പീഡനം, വിവേചനം, വേതനം സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കു സമയബന്ധിതമായ പരിഹാരം ഉറപ്പാക്കണമെന്നും നിശ്ചിതകാല ജീവനക്കാർക്ക് സാമൂഹികസുരക്ഷാ ആനുകൂല്യങ്ങളും നിർബന്ധിത നിയമന കത്തുകളും ഉറപ്പുനൽകണമെന്നും പുതിയ തൊഴിൽ നിയമങ്ങൾ നിർദേശിക്കുന്നു.
International
ജൊഹാനസ്ബർഗ്: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ദക്ഷിണാഫ്രിക്കയിലെത്തി.
മോദിക്ക് ഊഷ്മള വരവേൽപ്പാണു ലഭിച്ചത്. ആഫ്രിക്കയിൽ ആദ്യമായാണ് ജി20 ഉച്ചകോടി നടക്കുന്നത്.
National
പുട്ടപർത്തി: സത്യസായി ബാബ എന്ന ആത്മീയഗുരുവിന്റെ പ്രബോധനങ്ങൾ 140 രാജ്യങ്ങളിലെ ലക്ഷക്കണക്കിനാളുകൾക്ക് വെളിച്ചമേകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പുട്ടപർത്തിയിലെ ആശ്രമത്തിൽ സംഘടിപ്പിച്ച സത്യസായിബാബയുടെ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു മോദി. ഏതെങ്കിലും ആശയമോ ആദർശമോ അടിച്ചേൽപ്പിക്കാനല്ല സത്യസായി ബാബ ശ്രമിച്ചത്. എല്ലാവരെയും സ്നേഹിക്കുക, എല്ലാവരെയും സേവിക്കുക എന്നതായിരുന്നു ബാബയുടെ സന്ദേശം.
കേന്ദ്ര സർക്കാരിന്റെ സുകന്യ സമൃദ്ധി പദ്ധതിയിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ ഇരുപതിനായിരത്തിലധികം ശ്രീ സത്യസായി കുടുംബാംഗങ്ങൾ മുന്നോട്ടുവന്നു. ദരിദ്ര കുടുംബങ്ങൾക്ക് നൂറു പശുക്കളെ നൽകിയ ട്രസ്റ്റിന്റെ ഗോ ദാൻ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. 2014ൽ കേന്ദ്രത്തിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളിൽ 25 കോടി പൗരന്മാരാണ് പങ്കാളികളായതെങ്കിൽ ഇന്നത് നൂറുകോടിയില്‍ എത്തിനിൽക്കുന്നു.
വികസിത രാഷ്ട്രത്തിലേക്കു രാജ്യം വളരുകയാണ്. തദ്ദേശീയമായി നിർമിക്കുന്ന ഉത്പന്നങ്ങൾ കൂടുതൽ വിറ്റഴിക്കുന്നതുവഴി ആത്മനിർഭർ ഭാരതമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാകുമെന്നും മോദി കൂട്ടിച്ചേർത്തു.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാൺ, ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ, ബോളിവുഡ് താരം ഐശ്വര്യ റായി ബച്ചൻ, ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ആർ.ജെ. രത്നാകർ എന്നിവർ പങ്കെടുത്തു. സത്യസായിബാബയുടെ ജീവിതത്തെ ആദരിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ നൂറു രൂപ നാണയവും സ്റ്റാംപും മോദി ചടങ്ങിൽ പ്രകാശനം ചെയ്തു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ചു. പ്രധാനമന്ത്രിയോട് അമിത് ഷാ സ്ഥിതിഗതികൾ വിശദീകരിച്ചു.
ഡൽഹി പോലീസ് കമ്മീഷണറും ഇന്റലിജൻസ് ബ്യൂറോ മേധാവിയുമായ തപൻ ദേകയുമായും അമിത് ഷാ സംസാരിച്ചു.
ഭീകരാക്രമണമെന്ന നിലയിലാണ് ഡൽഹി പോലീസ് സ്ഫോടനത്തെ പ്രാഥമികമായി വിലയിരുത്തുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇക്കാര്യത്തിലൊന്നും വ്യക്തത വന്നിട്ടില്ലെന്നു കമ്മീഷണർ വ്യക്തമാക്കി.
ലാൽകിലാ മെട്രോ സ്റ്റേഷന് സമീപമുണ്ടായത് ഐഇഡി സ്ഫോടനമാണ് നടന്നതെന്നാണ് സൂചന. പതിയെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു. മരണസംഖ്യ 13 ആയി. നിരവധിപേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
National
ന്യൂഡൽഹി: ദേശീയഗീതമായ "വന്ദേ മാതര’ത്തിന്റെ 150-ാം വാർഷികാഘോഷദിനത്തിൽ കോൺഗ്രസ്- ബിജെപി വാക്പോര്. ദേശീയഗീതത്തിൽനിന്ന് ചില വരികൾ 1937ൽ കോണ്‍ഗ്രസ് നീക്കം ചെയ്തുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാക്പോരിനു തുടക്കമിട്ടത്.
കോണ്‍ഗ്രസിന്റെ 1937ലെ ഫൈസാബാദ് സമ്മേളനത്തിൽ ഗീതത്തിലെ "സുപ്രധാന വരികൾ’നീക്കം ചെയ്യാനുള്ള തീരുമാനം ഗീതത്തെ പല കഷണങ്ങളാക്കി മാറ്റിയെന്നു മാത്രമല്ല വിഭജനത്തിന്റെ വിത്തുകൾ വിതച്ചുവെന്നും "വന്ദേ മാതര’ത്തിന്റെ 150-ാം വാർഷികാഘോഷ ചടങ്ങിൽ മോദി പറഞ്ഞു.
ഗീതത്തിന്റെ സുപ്രധാന ഭാഗങ്ങൾ എന്തുകൊണ്ടാണ് നീക്കം ചെയ്തതെന്നു ചോദിച്ച മോദി ഇന്നത്തെ തലമുറ ഈ ചരിത്രം മനസിലാക്കണമെന്നും ഈ വിഭജന മനോഭാവം ഇന്നും രാജ്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
ദേശീയതയുടെ സ്വയംപ്രഖ്യാപിത സംരക്ഷകരെന്ന് അവകാശപ്പെടുന്ന ആർഎസ്എസും ബിജെപിയും വന്ദേമാതരമോ നമ്മുടെ ദേശീയഗാനമോ അവരുടെ ശാഖകളിലോ കാര്യാലയങ്ങളിലോ പാടിയിട്ടില്ലെന്നതു വിരോധാഭാസമാണെന്നായിരുന്നു മോദിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മറുപടി. ആർഎസ്എസും സംഘപരിവാറും ദേശീയപ്രസ്ഥാനത്തിൽ ബ്രിട്ടീഷുകാരെ പിന്തുണച്ചു. 52 വർഷം ദേശീയപതാക ഉയർത്തിയില്ല. ഭരണഘടനയെ അവഹേളിച്ചു.
ഗാന്ധിജിയുടെയും അംബേദ്കറിന്റെയും കോലങ്ങൾ കത്തിക്കുകയും ചെയ്തു. സർദാർ പട്ടേലിന്റെ വാക്കുകളിൽ, ഗാന്ധിജിയുടെ കൊലപാതകത്തിൽ ഉൾപ്പെട്ടെന്നും ഖാർഗെ ആരോപിച്ചു. "വന്ദേ മാതര’ത്തിന്റെ അഭിമാനികളായ പതാകവാഹകരാണു കോണ്‍ഗ്രസെന്നും ഖാർഗെ പറഞ്ഞു.
1896ലെ കോണ്‍ഗ്രസിന്റെ കൽക്കട്ട സമ്മേളനത്തിലാണ് രബീന്ദ്രനാഥ് ടാഗോർ"വന്ദേ മാതരം’ആദ്യമായി പാടിയത്. 1937ൽ കോണ്‍ഗ്രസിന്റെ പ്രവർത്തകസമിതി രാജ്യത്തിന്റെ ദേശീയ ഗീതമായി "വന്ദേ മാതര’ത്തെ സ്വീകരിച്ചു.
1896 മുതൽ ഇന്നു വരെ ചെറുതും വലുതുമായ എല്ലാ കോണ്‍ഗ്രസ് യോഗങ്ങളിലും "വന്ദേ മാതരം’ പാടിയിട്ടുണ്ട്. നേരേമറിച്ച് അവരുടെ സംഘടനകളെ പ്രകീർത്തിക്കുന്ന "നമസ്തേ സദാ വത്സലേ’ എന്ന ഗാനമാണ് ആർഎസ്എസും ബിജെപിയും ഇപ്പോഴും പാടുന്നത്- ഖാർഗെ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വൻ തട്ടിപ്പ് നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളോട് പറഞ്ഞത് പച്ചക്കള്ളമാണ്. ജനാധിപത്യവ്യവസ്ഥയെ തകർക്കാൻ കമ്മീഷൻ കൂട്ടുനിന്നുവെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
അതോടൊപ്പം ഹരിയാന തെരഞ്ഞെടുപ്പിൽ വൻ അട്ടിമറിനടന്നതായും രാഹുൽ പറഞ്ഞു. 25 ലക്ഷം കള്ളവോട്ടുകൾ നടന്നു. എട്ടിൽ ഒന്ന് വോട്ടുകൾ ഹരിയാനയിൽ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.